രണ്ടാമൂഴം എന്റെ അച്ഛന്റെ മാസ്റ്റര്‍പീസാണ്! അതിനുമേല്‍ ആര്‍ക്കും അവകാശവാദം ഉന്നയിക്കാന്‍ സാധിക്കില്ല; അത് ആര് സിനിമയാക്കണമെന്ന് അച്ഛന്‍ തന്നെ ഉടന്‍ അറിയിക്കും; എംടിയുടെ മകള്‍ അശ്വതി പറയുന്നു

രണ്ടാമൂഴം സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ വീണ്ടും ചര്‍ച്ചകള്‍ സജീവമാകുമ്പോള്‍ വിശദീകരണവുമായി എം.ടി യുടെ മകള്‍ അശ്വതി രംഗത്ത്. രണ്ടാമൂഴം ആര് സംവിധാനം ചെയ്യുമെന്ന് എം.ടി തീരുമാനിക്കും എന്നും അശ്വതി ഫേസ്ബുക്കില്‍ കുറിച്ചു.

‘രണ്ടാമൂഴം എന്റെ പിതാവായ എം.ടി വാസുദേവന്‍ നായരുടെ മാസ്റ്റര്‍പീസാണ്. അതിനുമേല്‍ ആര്‍ക്കും അവകാശം ഉന്നയിക്കാന്‍ കഴിയില്ല.’ അശ്വതി പറഞ്ഞു.

നേരത്തെ രണ്ടാമൂഴം താന്‍ തന്നെ സംവിധാനം ചെയ്യുമെന്ന് ശ്രീകുമാര്‍ മേനോന്‍ പറഞ്ഞിരുന്നു. ‘രണ്ടാമൂഴത്തില്‍ തെറ്റിദ്ധാരണയേയുള്ളൂ. തര്‍ക്കമില്ല. എംടി സാര്‍ എനിക്ക് ആ തിരക്കഥ തരുമ്പോള്‍ ഒടിയനെക്കുറിച്ച് പോലും ചിന്തിച്ചിരുന്നില്ല. എന്റെ പരസ്യചിത്രത്തിന്റെ മികവ് കണ്ടിട്ടാണ് തന്നത്. അദ്ദേഹത്തിനും സിനിമയുടെ ഭാഗമാകാന്‍ താല്‍പര്യമുണ്ട്. അദ്ദേഹത്തിന്റെ മനസ്സിലെ സംശയങ്ങള്‍ ദൂരീകരിച്ച ശേഷം രണ്ടാമൂഴം തുടങ്ങും.’

‘രണ്ടാമൂഴത്തിന് വേണ്ടി ഒരുപാട് പഠിക്കും, ഒരുപാട് പഠിച്ചിട്ടുണ്ട്. രണ്ടാമൂഴം വളരെ നന്നായി സംവിധാനം ചെയ്യുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്. അതിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും’ ശ്രീകുമാര്‍ മേനോന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

2019ല്‍ രണ്ടാമൂഴത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നും 21 മാസങ്ങള്‍ക്ക് ശേഷം 2021ല്‍ രണ്ട് ഭാഗങ്ങളായി ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നും ശ്രീകുമാര്‍ മേനോന്‍ അവകാശപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് രണ്ടാമൂഴം ആര്‍ക്ക് കൊടുക്കണമെന്ന് അച്ഛന്‍ തീരുമാനിക്കുമെന്ന് വ്യക്തമാക്കി അദ്ദേഹത്തിന്റെ മകള്‍ അശ്വതി രംഗത്തെത്തിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘മാധ്യമങ്ങളില്‍ രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട് ധാരാളം പരാമര്‍ശങ്ങളും ചര്‍ച്ചകളും നടക്കുന്നത് ശ്രദ്ധയില്‍പെട്ടു. ഈ വിഷയത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് തോന്നും. ബഹുമാനപ്പെട്ട കോടതിയില്‍ കേസ് നില നില്‍ക്കുന്ന ഒരു വിഷയത്തില്‍ എന്ത് അഭിപ്രായം പറയുന്നതും ശരിയല്ല. അങ്ങനെ ചെയ്യുന്നവര്‍ അതിന്റെ ഭവിഷത്ത് നേരിടേണ്ടി വരും. രണ്ടാമൂഴം എന്റെ പിതാവായ എം.ടി വാസുദേവന്‍ നായരുടെ മാസ്റ്റര്‍പീസാണ്.

അതിനുമേല്‍ ആര്‍ക്കും അവകാശം ഉന്നയിക്കാന്‍ കഴിയില്ല. ”രണ്ടാമൂഴത്തിന്റെ തിരക്കഥ എന്റെ അച്ഛന്‍ ശ്രീ. എം.ടി. വാസുദേവന്‍ നായര്‍ക്ക് തിരികെ ലഭിക്കാന്‍ വേണ്ടിയാണ് ഞങ്ങള്‍ ബഹുമാനപ്പെട്ട കോടതിയെ സമീപിച്ചത്.

തിരക്കഥ തിരികെ ലഭിച്ചതിനു ശേഷം രണ്ടാമൂഴം സിനിമയുടെ ഭാവി പദ്ധതികളെക്കുറിച്ച് അത് ആരു ചെയ്യും എങ്ങനെ അവതരിപ്പിക്കും എന്നൊക്കെ അച്ഛന്‍ തന്നെ നിങ്ങളെ നേരിട്ട് അറിയിക്കുന്നതായിരിക്കും. ഇത് അച്ഛന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു ഈ സിനിമ. അത് ഏറ്റവും ഭംഗിയായി നടത്തികൊടുക്കുവാന്‍ ഞങ്ങള്‍ ശ്രമിക്കും. അതിന് ദൈവം സഹായിക്കട്ടെ.-അശ്വതി ഫേസ്ബുക്കില്‍ കുറിച്ചു-‘

Related posts