അന്നു അമേരിക്കന്‍ ഷോയ്ക്കിടെ മുരളിച്ചേട്ടന്‍ അയാളെ അടിച്ച് ഓടിക്കാന്‍ ശ്രമിച്ചു, പുറമെ പരിക്കനെങ്കിലും നന്മ നിറഞ്ഞ മുരളിയെ ഓര്‍ത്തെടുത്ത് ഉര്‍വശി, ആ സംഭവങ്ങള്‍ ഇങ്ങനെ

മലയാള സിനിമയില്‍ തന്റേതായ ഇരിപ്പിടം കണ്ടെത്തിയ താരമായിരുന്നു മുരളി. നടന്‍ എന്നതിലുപരി നല്ലൊരു മനുഷ്യസ്‌നേഹിയെന്നാവും അദേഹത്തെ സുഹൃത്തുക്കള്‍ ഓര്‍ത്തെടുക്കുക. തനിക്കൊപ്പം അഭിനയിക്കുന്ന സഹതാരങ്ങളുടെ സുരക്ഷയ്ക്ക് പ്രധാന്യം നല്കിയിരുന്ന മുരളിയെക്കുറിച്ച് അടുത്തിടെ ഒരു വാരികയ്ക്ക് നല്കിയ അഭിമുഖത്തില്‍ ഉര്‍വശി പറയുന്നതിങ്ങനെ. രണ്ടു സംഭവങ്ങളിലൂടെയാണ് ഉര്‍വശി മുരളിച്ചേട്ടന്റെ മനസിന്റെ നന്മയെ വായനക്കാരിലേക്ക് പകര്‍ന്നു നല്കുന്നത്.

സീന്‍ 1 അമേരിക്കന്‍ യാത്ര

ഒരു ഷോയുടെ ഭാഗമായി ഞാനും മുരളിച്ചേട്ടനും ലളിതചേച്ചിയും അമേരികയില്‍ പോയി. അവിടെ ഇറങ്ങിക്കഴിഞ്ഞ് മനോജര്‍ മുന്‍കൂട്ടി പറയാത്ത ഒന്നു രണ്ടു സ്റ്റുഡിയോയില്‍ ഞങ്ങളെ കൊണ്ടുപോയി പാട്ടുപാടിച്ചു. ഇത് മുരളിച്ചേട്ടന് ഇഷ്ടമായില്ല. ഒടുവില്‍ വേദിക്കടുത്ത് എത്തിയപ്പോള്‍ അയാളെ ഓടിച്ച് അടിക്കാന്‍ തുടങ്ങി. പരിചയമില്ലാത്ത സ്ഥലത്ത് അനാവശ്യമായി പെണ്‍കുട്ടികളെ എന്തിന് കൊണ്ടുപോയി എന്നുചോദിച്ചായിരുന്നു അടി.

സീന്‍ 2, ഭരതത്തിന്റെ ലൊക്കേഷന്‍

കലക്ടറേറ്റില്‍ വച്ചുള്ള സീന്‍. ഏട്ടന്‍ മരിച്ചു എന്ന കാര്യം ലാലേട്ടന്‍ അറിയുന്നു. മുരളിച്ചേട്ടന്‍ കാണിക്കുന്ന ഫോട്ടോയില്‍ നിന്നാണ് ആ വിവരം ലാലേട്ടന്‍ അറിയുന്നത്. അത്ര വൈകാരികമായ രംഗം ഷൂട്ട് ചെയ്യുകയാണ്. കട്ട് പറഞ്ഞപ്പോള്‍ ഞാന്‍ പതിവുപോലെ മുരളി…ചേട്ടാ എന്നു വിളിച്ചു. മുരളിച്ചേട്ടന്‍ ഓടി വന്ന് ഗുരുത്വമിലായ്മ കാണിക്കുന്നോ എന്നു ചോദിച്ച് ചൂണ്ടുവിരല്‍ കൊണ്ട് കൈയില്‍ ഒരടി തന്നു.

എനിക്ക വേദനിച്ചില്ല. പക്ഷെ കുറച്ചുകഴിഞ്ഞപ്പോള്‍ നീരു വന്നു കൈ വീര്‍ത്തു. സെറ്റിലാകെ പ്രശ്‌നമായി. ചിലര്‍ ഐസ് വയ്ക്കാന്‍ പറയുന്നു. ചിലര്‍ ആശുപത്രിയില്‍ പോകാന്‍ പറയുന്നു. സംഭവത്തിന് എരിവു കൂട്ടാനായി ഞാന്‍ വേദന അഭിനയിക്കാന്‍ തുടങ്ങി. ഒരു പെണ്‍കുട്ടിയോട് ഇങ്ങനെ ചെയ്യാമോ എന്ന് ലാലേട്ടനും സിബിയങ്കിളും ചോദിച്ചതോടെ മുരളിച്ചേട്ടന്‍ ടെന്‍ഷനാകാന്‍ തുടങ്ങി. ഉള്ളിലെ കുട്ടിക്ക് കുഞ്ഞു കുറ്റബോധം തോന്നിതുടങ്ങി. പക്ഷെ തോറ്റുതരുമോ? നെയ്‌പോലെ ഇരുന്നിട്ടാണ്, ആള്‍ക്കാരെ പറ്റിക്കാനാണ് എന്നൊക്കെ പറഞ്ഞ് കളിയാക്കാന്‍ നോക്കുന്നുണ്ട്. ഇടയ്ക്ക് സമാധാനം കിട്ടാതെ വന്നു കൈയിലേക്കു നോക്കും. അവസാനം പോകാന്‍ നേരം എടീ ധന്വന്തരം കുഴമ്പുണ്ടോ ഉണ്ടെങ്കില്‍ കുറച്ച് തേച്ചിട്ടു കിടന്നാല്‍ മതി. നാളേക്കു മാറും. അതും പറഞ്ഞ് വേഗം പുറത്തേക്കു പോയി. അത്ര പാവമായിരുന്നു മുരളിച്ചേട്ടന്‍- ഉര്‍വശി പറയുന്നു.

Related posts