ക്യാച്ചെടുക്കുന്നതിനിടെ ഇടയില്‍ കയറി ! സഹതാരത്തെ തല്ലാനോങ്ങി മുഷ്ഫിഖര്‍ റഹിം;ക്രിക്കറ്റിന് തന്നെ നാണക്കേടാകുന്ന സംഭവം ഇങ്ങനെ…

1981ലെ ഓസ്‌ട്രേലിയ-പാകിസ്ഥാന്‍ പെര്‍ത്ത് ടെസ്റ്റിനിടെ ഓസ്‌ട്രേലിയയുടെ ഡെന്നീസ് ലിലിയെ ബാറ്റു കൊണ്ട് തല്ലാനോങ്ങിയ പാക് താരം ജാവേദ് മിയാന്‍ദാദിന്റെ പ്രവൃത്തി ക്രിക്കറ്റിന്റെ സല്‍പ്പേരിനാകെ കളങ്കം വരുത്തിയിരുന്നു.

ഇതിനു സമാനമായ ഒരു സംഭവമാണ് ബംഗ്ലാദേശിലെ പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണമെന്റായ ബംഗബന്ധു ട്വന്റി20 കപ്പില്‍ അരങ്ങേറിയത് 20 മത്സരങ്ങള്‍ക്കു ശേഷം മുന്നിലെത്തിയ നാലു ടീമുകള്‍ പ്ലേ ഓഫ് ഉറപ്പിച്ചു.

തിങ്കളാഴ്ച നടന്ന നിര്‍ണായക മത്സരത്തില്‍ ബെക്‌സിംകോ ധാക്കയും ഫോര്‍ച്യൂണ്‍ ബരിഷാലുമാണ് ഏറ്റുമുട്ടിയത്. ധാക്ക ഒന്‍പത് റണ്‍സിന്റെ വിജയം സ്വന്തമാക്കിയെങ്കിലും മത്സരത്തിനിടയിലെ ധാക്ക ക്യാപ്റ്റന്‍ മുഷ്ഫിഖറിന്റെ പെരുമാറ്റമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാ വിഷയം.

മത്സരത്തിനിടെ സ്വന്തം ടീമിലെ താരമായ നാസും അഹമ്മദിന് നേരെയായിരുന്നു മുഷ്ഫിഖറിന്റെ രോഷപ്രകടനം.

നാസുമിനെ മുഷ്ഫിഖര്‍ അടിക്കാന്‍ ഓങ്ങുന്നതിലേക്കു വരെയെത്തി കാര്യങ്ങള്‍. ഉടന്‍ സഹതാരങ്ങള്‍ ഓടിയെത്തി പ്രശ്‌നം പരിഹരിക്കുകയായിരുന്നു.

ഫോര്‍ച്യൂണ്‍ ബരിഷാല്‍ ടീമിന് ജയിക്കാന്‍ 19 പന്തില്‍ 45 റണ്‍സ് വേണമെന്നിരിക്കെയായിരുന്നു സംഭവം അരങ്ങേറിയത്. ഫോര്‍ച്യൂണ്‍ ബരിഷാല്‍ താരം അഫിഫ് ഹുസൈന്‍ അടിച്ച പന്ത് ഉയര്‍ന്നുപൊങ്ങിയതോടെ ക്യാച്ചെടുക്കാനായി മുഷ്ഫിഖര്‍ റഹീം ഓടി.

ഈ സമയം നാസും അഹമ്മദും ഓടിയെത്തിയതാണ് മുഷ്ഫിഖറിനെ പ്രകോപിപ്പിച്ചത്. ക്യാച്ച് എടുത്ത ശേഷം താനുമായി കൂട്ടിയിടിക്കാന്‍ സാധ്യതയുണ്ടായിരുന്ന നാസുമിന് നേരെ മുഷ്ഫിഖര്‍ നീങ്ങുകയായിരുന്നു.

സഹതാരത്തെ തല്ലാനോങ്ങിയ മുഷ്ഫിഖറെ മറ്റുള്ളവര്‍ ചേര്‍ന്നാണു സമാധാനിപ്പിച്ചത്. സംഭവത്തിനു പിന്നാലെ ഇരുവരും തമ്മില്‍ വാക്കേറ്റവുമുണ്ടായി.

നിര്‍ണായക വിക്കറ്റ് ആയതുകൊണ്ടാണ് ക്യാച്ച് എടുക്കാനായി ഇരു താരങ്ങളും ശ്രമിച്ചതെന്നാണു വിവരം. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

Related posts

Leave a Comment