ജമ്മു കാഷ്മീരിനെ കിടിലം കൊള്ളിച്ച് അജ്ഞാത മുടിവെട്ടല്‍; ഇതുവരേയ്ക്കും മുടി നഷ്ടമായത് 40ലധികം പെണ്‍കുട്ടികള്‍ക്ക്; അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി; മുടിവെട്ടലിനു പിന്നില്‍ മനുഷ്യനല്ല ?

ശ്രീനഗര്‍: ജമ്മു കാഷ്മീരിനെ ഭീതിയിലാഴ്ത്തി അജ്ഞാത ശക്തി പെണ്‍കുട്ടിയുടെ മുടിവെട്ടുന്ന സംഭവം വ്യാപകമായതോടെ മുഖ്യമന്ത്രി മെഹബൂബ മുഫ്തി അന്വേഷണത്തിന് ഉത്തരവിട്ടു.സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ഡിജിപിയോട് നിര്‍ദേശിച്ചിരിക്കുകയാണ്.

സംസ്ഥാനത്ത് നാല്‍പതിലേറെ പേരുടെ മുടി വെട്ടിയ സംഭവം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണിത്. സംഭവം ഒട്ടേറെ യുവതികളെയും അവരുടെ മാതാപിതാക്കളെയും ആശങ്കാകുലരാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് നടപടികള്‍ ഇല്ലാത്ത സാഹചര്യത്തില്‍ ഒട്ടേറെപ്പേര്‍ മന്ത്രവാദികളുടെയും മറ്റും സഹായം തേടുന്നതായും വാര്‍ത്തകള്‍ വന്ന സാഹചര്യത്തിലാണ് എത്രയും പെട്ടെന്ന് അക്രമത്തിന് അവസാനമുണ്ടാക്കണമെന്ന മെഹബൂബയുടെ നിര്‍ദേശം.

മാസങ്ങള്‍ക്കു മുമ്പ് ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ഈ സംഭവം ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ‘പ്രേതത്തിന്റെ മുടിവെട്ടല്‍’ എന്നറിയപ്പെട്ട ആ സംഭവങ്ങളുടെ തുടര്‍ച്ചയായാണ് ജമ്മുകാഷ്മീരിലും സംഭവിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ നാലിന് അനന്ത്‌നാഗ് ജില്ലയിലായിരുന്നു ആദ്യ സംഭവം. ഒന്‍പതാം ക്ലാസുകാരിയുടെ മുടിയാണ് അന്നുവെട്ടിയത്.

സ്‌കൂള്‍ വിട്ടു വന്നയുടനെ താന്‍ ബോധം നഷ്ടപ്പെട്ട് വീഴുകയായിരുന്നുവെന്നും ഉണരുമ്പോള്‍ മുടി ആരോ വെട്ടിയിട്ടിരിക്കുകയായിരുന്നുവെന്നുമാണ് പെണ്‍കുട്ടി അന്നു പറഞ്ഞത്. പിന്നിയിട്ട മുടിയാണ് അക്രമി പ്രധാനമായും ലക്ഷ്യമിടുന്നത്. അടുത്തിടെ രജൗരി, കുല്‍ഗാം ജില്ലയിലും ചിനാബ് താഴ്വരയിലുമെല്ലാം മുടിവെട്ടല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.വീടിനകത്തു കടന്ന് മുടി മുറിക്കപ്പെട്ട സംഭവവും ഉണ്ടായി. മുപ്പത്തിയെട്ടുകാരിയുടെ മുടിയാണ് മുറിക്കപ്പെട്ടത്. വീടിനകത്തു നില്‍ക്കവേ എന്തോ ഒന്ന് പിറകിലൂടെ പോകുന്നതായി തോന്നിയെന്നും തിരിഞ്ഞു നോക്കുമ്പോള്‍ മുടി മുറിഞ്ഞ് നിലത്തു കിടക്കുന്നതാണു കണ്ടതെന്നും ഇതിനിരയായ മൂര്‍ത്തി ദേവി പറയുന്നു. ഈ സംഭവം ഉള്‍പ്പെടെ പൊലീസ് അന്വേഷിക്കുകയാണ്.രാജസ്ഥാനിലായിരുന്നു ‘പ്രേതമുടിവെട്ടലിന്റെ ‘തുടക്കം. പിന്നീട് ഡല്‍ഹി, ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലും സംഭവമുണ്ടായതായി റിപ്പോര്‍ട്ടുകള്‍ വന്നു. എന്തായാലും ആളുകളാകെ ഭയന്നിരിക്കുകയാണ്.

 

Related posts