കൊച്ചി: നടിക്കെതിരായ ലൈംഗികാതിക്രമ കേസില്‍ നടന് ദിലീപിനെ ഉള്‍പ്പെടെ കുറ്റവിമുക്തനാക്കിയ കോടതി വിധിയില്‍ കടുത്ത നിരാശയെന്ന് വിവിധയിടങ്ങളില്‍ നിന്ന് ആക്ഷേപം ഉയരവേ അപ്പീല്‍ നടപടി വേഗത്തിലാക്കാനൊരുങ്ങി സര്‍ക്കാര്‍. കോടതിവിധിക്കെതിരെ ഒരാഴ്ചയ്ക്കകം അപ്പീല്‍ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതു സംബന്ധിച്ച നിര്‍ദേശം പ്രോസിക്യൂഷനു കൈമാറി.
വിധിയില്‍ അദ്ഭുതമില്ലെന്ന് അതിജീവിത
കേസിലെ കോടതി വിധിയുമായി ബന്ധപ്പെട്ട് അതിജീവിത കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. എട്ടാം പ്രതിയായ ദിലീപ് അടക്കമുള്ള പ്രതികളെ വെറുതെവിട്ട വിചാരണ കോടതി വിധിക്കെതിരെ തുറന്നടിച്ചുകൊണ്ടാണ് അതിജീവിതയായ നടി രംഗത്ത് എത്തിയത്.
ഗൂഢാലോചന ആവര്‍ത്തിച്ച് മഞ്ജു വാര്യര്‍
നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന ആവര്‍ത്തിച്ച് നടി മഞ്ജു വാര്യര്‍. കേസില്‍ നീതി പൂര്‍ണമായി നടപ്പായെന്ന് പറയാന്‍ കഴിയില്ല. കുറ്റം ചെയ്തവര്‍ മാത്രമേ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. ഇത് ആസൂത്രണം ചെയ്തവര്‍ ആരായാലും അവര്‍ പുറത്ത് പകല്‍ വെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന ഒരു യാഥാര്‍ത്ഥ്യമാണ്. അവര്‍ക്കൂടി ശിക്ഷിക്കപ്പെട്ടാലെ അതിജീവിതയ്ക്കുള്ള നീതി പൂര്‍ണമാവുകയുള്ളൂ എന്ന് സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ മഞ്ജു വാര്യര്‍ വ്യക്തമാക്കി. കേസിലെ കോടതി വിധിയില്‍ അതിജീവിതയുടെ ആദ്യ പ്രതികരണത്തിന് പിന്നാലെയാണ് മഞ്ജു വാര്യരുടെ കുറിപ്പ്.
അതിജീവിതയ്ക്ക് പിന്തുണയുമായി വനിതാ ചലച്ചിത്ര പ്രവര്‍ത്തകര്‍
അതിജീവിത പങ്കുവെച്ച പോസ്റ്റിന് പിന്തുണയുമായി വനിതാ ചലച്ചിത്ര പ്രവര്‍ത്തകര്‍ രംഗത്തെത്തി. നടി പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, രമ്യാ നമ്പീശന്, അഹാന കൃഷ്ണ, ഷഫ്ന, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, പ്രൊഡ്യൂസര്‍ സുപ്രിയ മേനോന്, സയനോര ഫിലിപ്പ്, ലീലാ സന്തോഷ് തുടങ്ങിയവര്‍ അതിജീവിതയുടെ പോസ്റ്റുകള്‍ റീഷെയര്‍ ചെയ്തു. നടന് പൃഥ്വിരാജും പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്. എട്ടരവര്‍ഷം നീണ്ട പോരാട്ടത്തില്‍ തങ്ങളുടെ സഹപ്രവത്തകയ്ക്ക് ലഭിച്ചത് നീതിയല്ലെന്നാണ് ഡബ്ല്യുസിസിയുടെ കുറിപ്പിലുള്ളത്.
ആരാണ് ശ്രീലക്ഷ്മി ?
നടിയെ ആക്രമിക്കുമ്പോള്‍ ഓടുന്ന വാഹനത്തില്‍ ഇരുന്നു പള്‍സര്‍ സുനി ഫോണ്‍ സംഭാഷണം നടത്തിയ ശ്രീലക്ഷ്മി ആരാണെന്ന് കോടതിയുടെ ചോദ്യം. സംഭവം നടക്കുന്നതിന് തൊട്ടുമുമ്പും സംഭവത്തിനു ശേഷവും ശ്രീലക്ഷ്മിയുടെ ഫോണില്‍ നിന്ന് സുനിയുടെ ഫോണിലേക്ക് സന്ദേശങ്ങളും വിളികളും വന്നിരുന്നു. ഇവരെ കേസില്‍ സാക്ഷിയാക്കുകയോ ഫോണിന്റെ വിശദാംശങ്ങള്‍ ഹാജരാക്കുകയോ ചെയ്യാത്തതെന്തന്നും കോടതി ചോദിച്ചു. അന്വേഷണ ഉദ്യോഗസ്ഥനുമായി ഈ സ്ത്രീ പിന്നീട് സംസാരിച്ചതായി പ്രോസിക്യൂഷന് പറയുന്നുണ്ട്. ഒരു മാഡം ക്വട്ടേഷന്‍ തന്നു എന്ന് മൊഴിയുള്ള സ്ഥിതിക്ക് ഇവരെക്കുറിച്ച് അന്വേഷിക്കാത്തതില്‍ കോടതി സംശയം പ്രകടിപ്പിച്ചു
ഊമക്കത്ത് ഡിജിപിയുടെ ശ്രദ്ധയില്‍പ്പെടുത്തി അന്വേഷണ ഉദ്യോഗസ്ഥന്
നടിയെ ആക്രമിച്ച കേസില്‍ വിധി വരും മുമ്പ് വിധിയിലെ വിവരങ്ങളടങ്ങിയ ഊമക്കത്ത് പ്രചരിച്ച സംഭവം ഡിജിപിയുടെ ശ്രദ്ധയില്‍പ്പെടുത്തി അന്വേഷണ ഉദ്യോഗസ്ഥന് ബൈജു പൗലോസ്. ഇമെയിലിലാണ് വിവരങ്ങള്‍ ഡിജിപിക്ക് കൈമാറിയത്. കേസില്‍ കഴിഞ്ഞ എട്ടിന് വിധി വരാനിരിക്കെ ആറിന് വിധിയിലെ കാര്യങ്ങള്‍ സൂചിപ്പിച്ച് പലര്‍ക്കും കത്ത് ലഭിച്ചു.
കേസില്‍ ഒന്നു മുതല്‍ ആറ് വരെ പ്രതികള്‍ മാത്രമാകും കുറ്റക്കാരെന്നും ദിലീപടക്കം നാലു പ്രതികളെ വെറുതെ വിടുമെന്നും ഊമക്കത്തിലുണ്ടായിരുന്നു. ഈ കാര്യങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥന് ഡിജിപിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുള്ളത്. ഇത് അന്വേഷണത്തിന് വഴി തുറന്നേക്കും.
ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷന് പ്രസിഡന്റ് യശ്വന്ത് ഷേണായി തനിക്കു ലഭിച്ച കത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കൈമാറിയതോടെ സംഭവത്തില്‍ രഹസ്യാന്വേഷണം നടന്നിരുന്നു. കത്ത് ലഭിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് വൈകിട്ട് മാസ്ക് ധരിച്ചെത്തിയയാള്‍ എറണാകുളം പള്ളിമുക്കിലെ പോസ്റ്റ് ഓഫീസില്‍ നിന്ന് സ്പീഡ് പോസ്റ്റായി 33 കത്തുകള്‍ പോസ്റ്റ് ചെയ്തതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇയാളെ കണ്ടെത്താനായിട്ടില്ല. വിധി തയാറാക്കിയശേഷം ദിലീപിന്റെ അടുത്ത സുഹൃത്തിനെ കാണിച്ചെന്നും കത്തില്‍ ആരോപിച്ചിരുന്നു.
- സ്വന്തം ലേഖിക
