ബിജെപിയിൽ ചേരാൻ ഒരു കോടി വാഗ്ദാനം: വെളിപ്പെടുത്തലുമായി പട്ടേൽ പ്രക്ഷോഭ നേതാവ്

അഹമ്മദാബാദ്: ഗുജറാത്തിലെ പട്ടേൽ സംവരണ പ്രക്ഷോഭ നേതാവ് ഹർദിക് പട്ടേലിന്‍റെ രണ്ട് അനുയായികൾ ബിജെപി പാളയത്തിലെത്തിയതിനു പിന്നാലെ, ബിജെപിയെ പ്രതിക്കൂട്ടിലാക്കി മറ്റൊരു പട്ടേൽ പ്രക്ഷോഭ നേതാവിന്‍റെ വെളിപ്പെടുത്തൽ. പാര്‍ട്ടിയില്‍ ചേരാന്‍ ബിജെപി ഒരു കോടി വാഗ്ദാനം ചെയ്തതതായാണ് പട്ടീദാര്‍ ആന്ദോളന്‍ സമിതി പാര്‍ട്ടി കണ്‍വീനറായ നരേന്ദ്ര പട്ടേല്‍ വെളിപ്പെടുത്തിയത്.

ഞായറാഴ്ച ബിജെപിയിൽ ചേർന്ന നരേന്ദ്ര പട്ടേൽ അർധരാത്രിയിൽ വാർത്താസമ്മേളനം വിളിച്ചുചേർത്ത ശേഷമാണ് ഇക്കാര്യം അറിയിച്ചത്. അഡ്വാന്‍സായി 10 ലക്ഷം ലഭിച്ചെന്നും ബാക്കി തുക ബിജെപിയിൽ ചേർന്ന ശേഷം നല്കുമെന്നു തനിക്ക് ഉറപ്പു നല്കിയതായും നരേന്ദ്ര പട്ടേൽ പറഞ്ഞു. വാർത്താസമ്മേളനത്തിനിടെ അദ്ദേഹം നോട്ടുകെട്ടുകളും ഉയർത്തിക്കാട്ടി.

തനിക്കൊപ്പം ബിജെപിയിലേക്ക് ചേക്കേറിയ വരുണ്‍ പട്ടേല്‍ വഴിയാണ് ബിജെപി പണം വാഗ്ദാനം നല്കിയതെന്നും നരേന്ദ്ര പട്ടേല്‍ പറഞ്ഞു. ഗാന്ധിനഗറിലെ ഓഫീസിൽ വച്ചാണ് പണം കൈമാറിയത്. ബാക്കി തുക തിങ്കളാഴ്ച നടക്കുന്ന പാർട്ടി പരിപാടിയിൽ‌ പങ്കെടുത്ത ശേഷം തരാമെന്ന് ഉറപ്പുനല്കി. എന്നാല്‍ റിസര്‍വ് ബാങ്കിലെ മുഴുവന്‍ പണം നല്‍കിയാലും തന്നെ വിലയ്ക്കെടുക്കാനാവില്ലെന്നും നരേന്ദ്ര പട്ടേല്‍ പറഞ്ഞു. ബിജെപിയെയും വരുണിനെയും മാധ്യമങ്ങൾക്കു മുന്നിൽ തുറന്നുകാട്ടാനാണ് താൻ പണം സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related posts