ചന്ദ്രനില്‍ താമസമാക്കുമ്പോള്‍ ഇന്റര്‍നെറ്റ് ഇല്ലെങ്കില്‍ എന്തു ചെയ്യും ! ചന്ദ്രനില്‍ 4ജി നെറ്റ്‌വര്‍ക്ക് സ്ഥാപിക്കാന്‍ കൈകോര്‍ത്ത് നാസയും നോക്കിയയും…

ലോകത്തെ ഇന്റര്‍നെറ്റ് ടെക്‌നോളജി 4ജിയില്‍ നിന്ന് 5ജിയില്‍ എത്തിയിരിക്കുകയാണ്. ഭാവിയില്‍ മനുഷ്യന്‍ ചന്ദ്രനില്‍ വാസമുറപ്പിക്കുമെന്നാണ് പറയപ്പെടുന്നത്. അപ്പോള്‍ അവിടെയും ഇന്റര്‍നെറ്റ് ആവശ്യമല്ലേ…അതിനുള്ള വഴി തേടുകയാണ് ഇപ്പോള്‍ ശാസ്ത്രലോകം.

ചന്ദ്രനില്‍ 4ജി നെറ്റ്‌വര്‍ക്ക് എത്തിക്കാനായി കൈകോര്‍ക്കുകയാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയും ഇലക്ട്രോണിക് ഉപകരണ നിര്‍മാതാക്കളായ നോക്കിയയും ഇപ്പോള്‍.

ചന്ദ്രനിലേക്ക് വേണ്ട നൂതന സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്നതിന് നോക്കിയയുടെ ഗവേഷണ വിഭാഗമായ ബെല്‍ ലാബ്സ് പങ്കാളിയാകുമെന്നാണ് നാസയുടെ പ്രഖ്യാപനം.

ചന്ദ്രനില്‍ ആദ്യ വയര്‍ലെസ് നെറ്റ് വര്‍ക്ക് സ്ഥാപിക്കുന്നതിലും 4ജി/എല്‍ടിഇ സാങ്കേതിക വിദ്യകള്‍ വിന്യസിക്കുന്നതിനും 5ജി വികസിപ്പിക്കുന്നതിനുമായി 1.41 കോടി ഡോളറാണ് നാസ അനുവദിച്ചത്.

ബഹിരാകാശത്ത് 4ജി എല്‍ടിഇ നെറ്റ് വര്‍ക്ക് സ്്ഥാപിക്കുകയാണ് നോക്കിയയുടെ ഉദ്യമം.ഈ സംവിധാനത്തിന് ഉയര്‍ന്ന വേഗതയില്‍, കൂടുതല്‍ ദൂരത്തേക്ക് ചന്ദ്രനില്‍ നിന്നും ആശയവിനിമയം നടത്താന്‍ സാധിക്കും. ട്വിറ്ററിലൂടെയാണ് ബെല്‍ ലാബ്സ് ഇക്കാര്യം അറിയിച്ചത്.

ചന്ദ്രനില്‍ ആദ്യ വയര്‍ലെസ് നെറ്റ്‌വര്‍ക്ക് നിര്‍മിച്ച് വിന്യസിക്കാനും 4ജി/എല്‍ടിഇ സാങ്കേതിക വിദ്യകള്‍ ആരംഭിക്കുന്നതിനും 5ജി വികസിപ്പിക്കുന്നതിനുമായി തങ്ങളുടെ നൂതന കണ്ടെത്തലുകള്‍ പ്രയോജനപ്പെടുത്തുമെന്ന് ബെല്‍ ലാബ്സ് പറഞ്ഞു.

ലൂണാര്‍ റോവറുകളുടെ നിയന്ത്രണം, ചന്ദ്രോപരിതലത്തില്‍ തത്സമയ ഗതിനിര്‍ണയം, ഉയര്‍ന്ന നിലവാരമുള്ള വീഡിയോകളുടെ സ്ട്രീമിങ് ഉള്‍പ്പടെയുള്ള വിവിധ ഡാറ്റാ കൈമാറ്റ ആവശ്യങ്ങള്‍ക്ക് ഈ നെറ്റ്‌വര്‍ക്ക് പ്രയോജനപ്പെടുത്താനാവും.

ഉയര്‍ന്ന താപനില,റേഡിയേഷന്‍,ശൂന്യാകാശ സാഹചര്യങ്ങള്‍ എന്നിവയെ പ്രതിരോധിക്കുന്നതിനായി എല്‍ടിഇ നെറ്റ് വര്‍ക്ക് പ്രത്യേകം രൂപകല്‍പന ചെയ്തിട്ടുണ്ടെന്നും ബെല്‍ ലാബ്സ് പറഞ്ഞു.

വിക്ഷേപണത്തിനും ലാന്റിംഗിനുമിടയില്‍ ഉണ്ടാവുന്ന ശക്തമായ കമ്പനങ്ങളെ പ്രതിരോധിക്കാനും ഇതിനാവും.

ഈ പദ്ധതി ഈ ദൗത്യം തങ്ങളുടെ മറ്റ് പ്രവര്‍ത്തനങ്ങളുടെ ഭാവിയെയും ചന്ദ്രനില്‍ മനുഷ്യവാസത്തിനുള്ള സാധ്യതയെയും സാധൂകരിക്കുമെന്നും അവര്‍ പറയുന്നു.

ചന്ദ്രനില്‍ മനുഷ്യന്റെ സ്ഥിര സാന്നിധ്യം ഉറപ്പുവരുത്തി ഒരു ഗവേഷണ ആസ്ഥാനം സ്ഥാപിക്കുകയാണ് നാസയുടെ ലക്ഷ്യം.

ഇതിനായി സ്വകാര്യ കമ്പനികളെ കൂടി സാങ്കേതിക പിന്തുണയ്ക്കായി പങ്കാളികളാക്കാനും നാസ ശ്രമിക്കുന്നു. കോടികളാണ് ഭാവി ചാന്ദ്ര ഗവേഷണ പദ്ധതികള്‍ക്കായി നാസ ചിലവിടുന്നത്.

Related posts

Leave a Comment