തമിഴ് സിനിമാ ലോകത്ത് ‘ലേഡി സൂപ്പർ സ്റ്റാർ’ എന്നറിയപ്പെടുന്ന നടി നയൻതാര തന്റെ ആഡംബര ജീവിതശൈലിയിലൂടെ വീണ്ടും ശ്രദ്ധ ആകർഷിക്കുകയാണ്. ചെന്നൈയിലെ ഏറ്റവും പ്രശസ്തവും സമ്പന്നവുമായ പോയസ് ഗാർഡൻ പ്രദേശത്ത് ഒരു ആഡംബര അപ്പാർട്ട്മെന്റ് അവര് സ്വന്തമാക്കിയതായി പുതിയ റിപ്പോർട്ടുകൾ.
ഈ അപ്പാർട്ട്മെന്റിന് ഏകദേശം 31.5 കോടി രൂപ വിലമതിക്കുമെന്നു പറയപ്പെടുന്നു. നയൻതാരയും ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനും ചേർന്നാണ് അപ്പാർട്ട്മെന്റ് വാങ്ങിയത്. ചെന്നൈയിലെ സെലിബ്രിറ്റികളുടെ ഇഷ്ടകേന്ദ്രമായ പോയസ് ഗാർഡനിലെ പുതിയ വീട് സിനിമാ ആരാധകർക്കിടയിൽ ഒരു പ്രധാന ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്.
തമിഴ്നാട്ടിലെ രാഷ്്ട്രീയ, സിനിമാ മേഖലകളിലെ നിരവധി പ്രമുഖർ താമസിച്ചിരുന്നതും ഇപ്പോഴും താമസിക്കുന്നതുമായ സ്ഥലമാണിത്. സൂപ്പർസ്റ്റാർ രജനികാന്ത്, അന്തരിച്ച മുൻ മുഖ്യമന്ത്രി ജെ. ജയലളിത, നടൻ ധനുഷ് എന്നിവരുടെയെല്ലാം വസതികളാൽ പ്രശസ്തമാണ് പോയസ് ഗാർഡൻ. നയൻതാര വാങ്ങിയ ഈ വീട് ഒരു ഡ്യൂപ്ലക്സ് അപ്പാർട്ട്മെന്റാണ്. അതായത്, ഒരൊറ്റ വീടിനുള്ളിൽ രണ്ട് നിലകൾ ഉൾക്കൊള്ളുന്ന നിർമിതിയാണിത്.
മൊത്തം 14,369 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വിശാലമായ ഭവനമാണിത്. നയൻതാരയും വിഘ്നേഷ് ശിവനും ഈ വീടിന്റെ ഉടമസ്ഥാവകാശം പങ്കിടുന്നുണ്ട്. രേഖകൾ പ്രകാരം, 90 ശതമാനം ഉടമസ്ഥാവകാശം നയൻതാരയ്ക്കും ശേഷിക്കുന്ന പത്തു ശതമാനം വിഘ്നേഷിനുമാണ്.
ഈ അപ്പാർട്ട്മെന്റിനൊപ്പം എട്ട് കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. പുതിയ വീട് വാങ്ങിയതിലൂടെ നയൻതാര-വിഘ്നേഷ് ശിവൻ ദമ്പതികളുടെ മൊത്തം റിയൽ എസ്റ്റേറ്റ് ആസ്തി 100 കോടി മുതൽ 120 കോടി രൂപ വരെയായിരിക്കാമെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.
നേരത്തെ, ചെന്നൈയിലെ ആൾവാർപേട്ടിൽ 7,000 ചതുരശ്ര അടി വിസ്തീർണമുള്ള ഒരു വലിയ ബംഗ്ലാവ് നയൻതാരയുടെ ഉടമസ്ഥതയിലുണ്ടായിരുന്നു. ഈ വീട് അവർ ഇപ്പോൾ ഒരു സ്റ്റുഡിയോ ആക്കി മാറ്റിയതായും വിവരങ്ങളുണ്ട്. ചെന്നൈയിൽ മാത്രമല്ല, ഇന്ത്യയിലെ മറ്റ് നഗരങ്ങളിലും നയൻതാരയ്ക്ക് നിരവധി സ്വത്തുക്കളുണ്ട്.
