ശബരിമല പ്രക്ഷോഭം പാലക്കാടിന്റെ രാഷ്ട്രീയ ചിത്രം തന്നെ മാറ്റും ! പ്രതീക്ഷിക്കാത്ത കേന്ദ്രങ്ങളില്‍ നിന്നുപോലും പിന്തുണ ലഭിക്കുന്നു; ജയമുറപ്പെന്ന് സി കൃഷ്ണകുമാര്‍…

പാലക്കാട്: ശബരിമല പ്രക്ഷോഭം പാലക്കാടിന്റെ രാഷ്ട്രീയ ചിത്രം മാറ്റുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍. കഴിഞ്ഞ തവണ നേടിയതിന്റെ ഇരട്ടി വോട്ടാണ് ഉന്നമെന്നും സ്ഥാനാര്‍ത്ഥി പറഞ്ഞു. പ്രചരണം ആരംഭിക്കുന്ന സമയത്തേക്കാള്‍ ഒരുപാട് ആത്മവിശ്വാസം കൂടിയെന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥി പറഞ്ഞു. ശബരിമല വിഷയം അമ്മമാരുടേയും സഹോദരിമാരുടേയും ഭാഗത്ത് നിന്ന് വലിയ സ്വീകാര്യതയുണ്ടാക്കിയെന്നും പ്രതീക്ഷിക്കാത്ത കേന്ദ്രങ്ങളില്‍ നിന്നാണ് വലിയ പിന്തുണ ലഭിച്ചതെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

പാലക്കാട്ടെ വികസന മുരടിപ്പും കുടിവെള്ള പ്രശ്‌നവും ജനങ്ങള്‍ക്കിടയില്‍ വലിയ അതൃപ്തിയാണുണ്ടാക്കിയത്. പാലക്കാടിന് കിട്ടേണ്ടിയിരുന്ന കോച്ച് ഫാക്ടറിയടക്കമുള്ള വാഗ്ദാനങ്ങള്‍ വെറും വാഗ്ദാനങ്ങളായെന്നും സ്ഥാനാര്‍ത്ഥി പറഞ്ഞു. വിജയം സുനിശ്ചിതമാണെന്നും സി കൃഷ്ണ കുമാര്‍ കൂട്ടിച്ചേര്‍ത്തു. സിപിഎമ്മിന്റെ സ്ഥാനാര്‍ഥിയായ എംബി രാജേഷാണ് നിലവില്‍ പാലക്കാട്ടെ എംപി.

Related posts