Set us Home Page

ഒന്നേകാല്‍ ലക്ഷം രൂപ വിലയുള്ള ഐഫോണ്‍ 10 മാക്‌സ് വെറും 1800 രൂപയ്ക്ക് ! ഐഫോണിന്റെ പേരില്‍ അരങ്ങേറുന്നത് വമ്പന്‍ തട്ടിപ്പ്; ഐഫോണ്‍ പ്രേമികളെ തട്ടിപ്പുകാര്‍ കെണിയില്‍ വീഴ്ത്തുന്നത് ഇങ്ങനെ…

ഐഫോണിന്റെ ഏറ്റവും പുതിയ മോഡല്‍ ഫോണുകളുടെ വ്യാജന്‍ വ്യാപകമായി പ്രചരിക്കുന്നുവെന്ന് ആരോപണം. ഏറ്റവും പുതിയ ഹാന്‍ഡ്‌സെറ്റായ ഐഫോണ്‍ XS/മാക്സ് മോഡലുകളുടെ വില 99,900 രൂപ മുതല്‍ 1,44,900 രൂപ വരെയാണ്. എന്നാല്‍, ഉപയോഗിച്ച സാധനങ്ങള്‍ വില്‍ക്കുന്ന ചില വെബ്സൈറ്റുകളില്‍ ഐഫോണ്‍ XS മാക്സ് എന്ന വ്യാജേന വില്‍ക്കുന്ന മോഡലുകള്‍ക്ക് കേവലം 1800 രൂപയാണു വില. മുന്‍നിര വെബ്‌സൈറ്റില്‍ നവംബര്‍ 18 ന് പോസ്റ്റ് ചെയ്ത പരസ്യപ്രകാരം ഐഫോണ്‍ എക്‌സ് മാക്‌സ് (4ജിബി റാം, 64 ജിബി സ്റ്റോറേജ്) ഉള്‍പ്പടെ ഏതു മോഡല്‍ ഫോണും ഈ വിലയ്ക്ക് വിതരണം ചെയ്യുമെന്നാണ് പറയുന്നത്. എന്തിന് ക്യാഷ് ഓണ്‍ ഡെലിവറി ഓപ്ഷന്‍ വരെയുണ്ട്.

ആപ്പിളിന്റെ ഡ്യൂപ്ലിക്കേറ്റ് ഫോണുകളുടെ ഡിമാന്‍ഡ് കുറഞ്ഞതോടെയാണ് വിലയും കുത്തനെ ഇടിഞ്ഞത്. കഴിഞ്ഞ വര്‍ഷം ഐഫോണ്‍ X ആണെന്നു പറഞ്ഞു വിറ്റിരുന്ന ഉപകരണത്തിന് ഏകദേശം 25,000 രൂപയായിരുന്നു വാങ്ങിയിരുന്നത്. ഇത്തരം അനുകരണ മോഡലുകള്‍, ഐഫോണ്‍ എന്നു പറഞ്ഞു തന്നെയാണു വില്‍ക്കുന്നത്. ഇത്തരം ഫോണുകള്‍ വില്‍ക്കുന്നവരില്‍ ചിലര്‍ വിവരണത്തിന്റെ കൂട്ടത്തില്‍ ‘റീഫര്‍ബിഷ്ഡ്’ എന്നു ചേര്‍ക്കും. (ലോകമെമ്പാടും വമ്പന്‍ കമ്പനികളും, ഉപയോഗിച്ച സാധനങ്ങള്‍ വില്‍ക്കുന്ന വെബ്‌സൈറ്റുകളും, പഴയ ഫോണുകളും മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളും വാങ്ങി സര്‍വീസ് ചെയ്ത ശേഷം, മിക്കവാറും ഗ്യാരന്റിയോടെ വില്‍ക്കും. അത്തരം ഉപകരണങ്ങള്‍ക്കാണ് റീഫര്‍ബിഷ്ഡ് എന്ന് ഉപയോഗിക്കുന്നത്.) ഇവിടെ ഡ്യൂപ്ലിക്കേറ്റ് ഫോണ്‍ വില്‍ക്കുന്നവര്‍ ആ വാക്കിനെയും ദുരുപയോഗം ചെയ്യുകയാണ്.

ഇത്തരം ഫോണുകളില്‍, ഹാര്‍ഡ്വെയറും ആപ്പുകളുടെ ഐക്കണുകളും മറ്റും ഐഫോണിനെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ഉണ്ടാക്കിയിരിക്കുന്നത് എന്നതിനാല്‍ ഒറ്റനോട്ടത്തില്‍ വ്യാജനെ പിടികിട്ടുകയില്ല. എന്നാല്‍ പതിയെ ഉപയോഗിച്ചു വരുമ്പോഴാണ് പലരും യഥാര്‍ഥ വസ്തുത മനസ്സിലാക്കുന്നത്. അബദ്ധം പറ്റിയാലും പലരും ഇക്കാര്യം വെളിയില്‍ പറയാറില്ല. ആളുകള്‍ കളിയാക്കുമെന്നതു തന്നെ കാരണം.

ഈ വിലയ്ക്ക് ഗ്യാരന്റിയുള്ള, നല്ല ഒരുപിടി ആന്‍ഡ്രോയിഡ് ഫോണുകളെങ്കിലും വാങ്ങാമെന്നിരിക്കെയാണ് ആളുകള്‍ പോയി ചതിയില്‍ പെടുന്നത്. ഇപ്പോഴും ഈ ബിസിനസ് തകൃതിയായി നടക്കുന്നുവെന്നതാണ് മറ്റൊരു രസകരമായ കാര്യം. ഐഫോണ്‍ X ശ്രേണി മാത്രമല്ല ഐഫോണിന്റെ വിവിധ മോഡലുകള്‍ ഇത്തരം വ്യാപാരികള്‍ വില്‍ക്കുന്നു. ടെക്നോളജിയെക്കുറിച്ച് തീര്‍ത്തും അവബോധമില്ലാത്തവരാണ് ചതിയില്‍ പെടുന്നത് എന്നതാണ് ദുഃഖകരം. ആവശ്യമായ സെക്യൂരിറ്റി ഫീച്ചറുകള്‍ പോലുമില്ലാത്ത ഇത്തരം ഫോണുകള്‍ പലപ്പോഴും ഉപയോക്താവിന് തലവേദനയായി തീരും. കൂടാതെ, ഒരിക്കല്‍ വാങ്ങിക്കഴിഞ്ഞ് തട്ടിപ്പു മനസിലാകുമ്പോള്‍ വില്‍ക്കാന്‍ ശ്രമിച്ചാലും ആരും വാങ്ങണമെന്നുമില്ല.

ഐഫോണിന്റെ എല്ലാ ഫീച്ചറുകളും ഉണ്ടെന്നു പറഞ്ഞാണ് പലരും ഇത്തരം ഫോണുകള്‍ വില്‍ക്കുന്നത്. എന്നാല്‍ മനസാക്ഷിയുള്ള ചില വില്‍പ്പനക്കാര്‍ മാത്രം അനുകരണ ഫോണാണെന്നു പറയും. എന്നാല്‍ ഐഫോണ്‍ എന്നു കേള്‍ക്കുമ്പോള്‍ തന്നെ ചാടിപ്പുറപ്പെടുന്ന ആളുകള്‍ക്ക് ഇതു മനസ്സിലാവാറില്ല. തട്ടിപ്പുകാര്‍ ലക്ഷ്യം വയ്ക്കുന്നതും ഇത്തരക്കാരെയാണ്.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS