ചികിത്സിക്കാന്‍ പോസിറ്റീവ് ആകണമെന്നില്ല…ലക്ഷണം മാത്രം മതി ! കേന്ദ്ര സര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദ്ദേശം ഇങ്ങനെ…

കോവിഡ് ചികിത്സയ്ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. രോഗലക്ഷണങ്ങളുള്ളവരെ കോവിഡ് ചികിത്സാകേന്ദ്രങ്ങളില്‍ പ്രവേശിപ്പിക്കാന്‍ പരിശോധനാ റിപ്പോര്‍ട്ട് നിര്‍ബന്ധമില്ലെന്ന് പുതിയ മാര്‍ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു.

കോവിഡ് ചികിത്സ സംബന്ധിച്ച് സംസ്ഥാനസര്‍ക്കാരുകള്‍ക്ക് അയച്ച പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളിലാണു കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.

മറ്റ് സ്ഥലങ്ങളില്‍നിന്നുള്ളവര്‍ക്ക് ആശുപത്രികള്‍ ചികിത്സ നിഷേധിക്കരുതെന്നും നിര്‍ദേശമുണ്ട്. ഹോസ്റ്റലുകള്‍, ഹോട്ടലുകള്‍, സ്‌കൂളുകള്‍, ലോഡ്ജുകള്‍, സ്റ്റേഡിയങ്ങള്‍ എന്നിവിടങ്ങളില്‍ സജ്ജമാക്കിയിട്ടുള്ള കോവിഡ് ചികിത്സാകേന്ദ്രങ്ങളില്‍ ചെറിയ രോഗലക്ഷണമുള്ളവരെയും പ്രവേശിപ്പിക്കാം.

മറ്റു രോഗങ്ങള്‍ക്കു ചികിത്സിക്കുന്ന ആശുപത്രികളെ അവസാനമാര്‍ഗമെന്ന നിലയില്‍ മാത്രമേ കോവിഡ് ചികിത്സാകേന്ദ്രങ്ങളായി പ്രഖ്യാപിക്കാവൂ.

എന്നാല്‍, കോവിഡ് രോഗികള്‍ക്കു ഫലപ്രദവും സമഗ്രവുമായ ചികിത്സ ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സ്വകാര്യാശുപത്രികള്‍ക്കും ബാധകമാണ്. രാജ്യത്തു കോവിഡ് വ്യാപനം കുതിച്ചുയരുന്ന സാഹചര്യത്തില്‍ രോഗികള്‍ക്ക് ആശ്വാസമേകുന്ന

പ്രധാന നിര്‍ദേശങ്ങള്‍ ഇങ്ങനെ…

കോവിഡ് ചികിത്സാകേന്ദ്രത്തില്‍ പ്രവേശിപ്പിക്കപ്പെടാന്‍ കോവിഡ് പോസിറ്റീവ് പരിശോധനാ റിപ്പോര്‍ട്ട് നിര്‍ബന്ധമല്ല.
രോഗം സംശയിക്കപ്പെടുന്നവരെ കോവിഡ് കെയര്‍ സെന്റര്‍ (സി.സി.സി), ഡെഡിക്കേറ്റഡ് കോവിഡ് ഹെല്‍ത്ത് സെന്റര്‍ (ഡി.സി.എച്ച്.സി), ഡെഡിക്കേറ്റഡ് കോവിഡ് ഹോസ്പിറ്റല്‍ (ഡി.എച്ച്.സി) എന്നിവിടങ്ങളിലെ പ്രത്യേക വാര്‍ഡുകളില്‍ പ്രവേശിപ്പിക്കാം.

ഒരുരോഗിക്കും ഒരുകാരണവശാലും ചികിത്സ നിഷേധിക്കപ്പെടരുത്. മറ്റു സ്ഥലങ്ങളില്‍നിന്നുള്ളവരായാലും ഓക്സിജന്‍, അവശ്യമരുന്നുകള്‍ എന്നിവ ലഭ്യമാക്കണം.

സാധുതയുള്ള തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലെന്ന കാരണത്താലോ ആശുപത്രി സ്ഥിതിചെയ്യുന്ന സ്ഥലത്തുള്ളയാള്‍ അല്ലാത്തതുകൊണ്ടോ ആര്‍ക്കും ്രപവേശനം നിഷേധിക്കരുത്. ആവശ്യകതയുടെ അടിസ്ഥാനത്തിലാകണം ആശുപത്രി പ്രവേശനം.

ആശുപത്രി ചികിത്സ ആവശ്യമില്ലാത്തവര്‍ കിടക്കകള്‍ കൈയടക്കിയിട്ടില്ലെന്ന് ഉറപ്പുവരുത്തണം.
പുതുക്കിയ വിടുതല്‍നയം അനുസരിച്ചാകണം ആശുപത്രിയില്‍നിന്നു രോഗികളെ പറഞ്ഞയയ്ക്കുന്നത്.

ഓക്സിജന്‍ കിടക്കകളുള്ള ഡി.സി.എച്ച്.സികളില്‍ ഗുരുതരമല്ലാത്ത രോഗികളെയും ചികിത്സിക്കണം.
കോവിഡ് ആശുപത്രികളില്‍ (ഡി.സി.എച്ച്) ഗുരുതരരോഗികള്‍ക്കാകണം മുന്‍ഗണന.

Related posts

Leave a Comment