ആറടി അകലം ഫലപ്രദമല്ല ! വൈറസ് ആറടിയിലും കൂടുതല്‍ ദൂരം സഞ്ചരിക്കുമെന്ന് പുതിയ പഠനം; പുതിയ കണ്ടെത്തലുകള്‍ ഇങ്ങനെ…

ആറടി അകലത്തില്‍ നിന്നാല്‍ കോവിഡ് പകരില്ലെന്ന വിലയിരുത്തല്‍ തെറ്റെന്ന് പുതിയ പഠനം. ആറടി സുരക്ഷിതമായ അകലമാണെന്നായിരുന്നു മുമ്പത്തെ നിഗമനം. എന്നാല്‍ രോഗിയില്‍ നിന്നും ആറടിയിലധികം അകലത്തില്‍ നിന്നാലും രോഗം പകരാന്‍ സാധ്യതയുണ്ടെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു.

യുഎസ് സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) ആണ് ഇക്കാര്യം അറിയിച്ചത്. രോഗബാധിതനായ ഒരാളുടെ ഉമിനീര്‍ക്കണങ്ങള്‍ വായുവില്‍ ലയിച്ചു ചേര്‍ന്നേക്കാം.

അതിനാല്‍, മുന്‍പ് സുരക്ഷിതമെന്നു കരുതിയിരുന്ന അകലം പോലും രോഗവ്യാപനത്തെ തടയുമെന്നു കരുതാനാകില്ലെന്ന് പഠനത്തില്‍ പറയുന്നു.

തൊഴിലിടങ്ങള്‍, റസ്റ്ററന്റുകള്‍, കടകള്‍ തുടങ്ങി ഒട്ടേറെ സ്ഥലങ്ങളില്‍ ആറടി അകലമെന്ന സുപ്രധാന കോവിഡ് നിര്‍ദേശം പാലിക്കുന്നുണ്ട്.

കോവിഡ് രോഗിയുടെ സാന്നിധ്യമുണ്ടായിരുന്ന സ്ഥലത്ത് ആറടി അകലമെന്ന സുരക്ഷാ മുന്‍കരുതല്‍ പാലിച്ചിട്ടും ചിലരെ രോഗം ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും ഇതിന്റെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ലെന്നും ഏജന്‍സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

അതിനാല്‍ തന്നെ ആറടിയിലും അധികം അകലത്തില്‍ വൈറസ് വ്യാപിക്കുമെന്നാണ് പുതിയ ശാസ്ത്രീയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഇതേത്തുടര്‍ന്ന് കോവിഡിനെതിരെ പുതിയ നിര്‍ദേശങ്ങള്‍ നല്കുന്നതിനുള്ള നീക്കത്തിലാണ് സിഡിസി.

Related posts

Leave a Comment