ആലപ്പുഴ ബീച്ചില്‍ ഭര്‍ത്താവിനെ നോക്കുകുത്തിയാക്കി നവവധുവിന്റെ വസ്ത്രങ്ങള്‍ വലിച്ചു കീറിയെറിഞ്ഞ് യുവാക്കള്‍ ! ആള്‍ക്കൂട്ടം കാഴ്ചക്കാരായി; ആറാട്ടുപുഴ ബീച്ചില്‍ നടന്ന നാടകീയ സംഭവങ്ങളുടെ വീഡിയോ വൈറലാവുന്നു…

മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവങ്ങളാണ് കഴിഞ്ഞ ദിവസം ആറാട്ടുപുഴ ബീച്ചില്‍ അരങ്ങേറിയത്. ബീച്ചിലെത്തിയ നവദമ്പതികള്‍ ഉള്‍പ്പെട്ട കുടുംബത്തെ കടപ്പുറത്ത് ആക്രമിക്കുകയും സ്ത്രീകളെ കടന്നുപിടിക്കുകയും ചെയ്ത സംഘത്തിലെ നാലുപേര്‍ പൊലീസ് പിടിയിലായി. രണ്ടു പേര്‍ക്കായി തിരച്ചില്‍ തുടരുന്നു.

ഞായറാഴ്ച വൈകിട്ട് ആറാട്ടുപുഴ വലിയഴീക്കല്‍ കടപ്പുറത്ത് നടന്ന സംഭവത്തില്‍ വലിയഴീക്കല്‍ കരിയില്‍ കിഴക്കതില്‍ അഖില്‍ (ഉണ്ണിക്കുട്ടന്‍-19), തറയില്‍ക്കടവ് തെക്കിടത്ത് അഖില്‍ദേവ് (അനിമോന്‍-18), കരുനാഗപ്പള്ളി തഴവ കടത്തൂര്‍ അമ്പാടിയില്‍ ശ്യാം (20), സഹോദരന്‍ ശരത് (20) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റ് രണ്ട് പേര്‍ക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചതിനിടെ ഗുണ്ടായിസത്തിന്റെ നടുക്കുന്ന ദൃശ്യങ്ങളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

കടല്‍ കാണാന്‍ കുടുംബത്തിനൊപ്പം എത്തിയ യുവതിയെ ആണ് നാലംഗ സംഘം ആക്രമിച്ചത്. യുവതിയോട് സംഘത്തിലെ ഒരാള്‍ അപമര്യാദയായി പെരുമാറിയതു ഭര്‍ത്താവ് ചോദ്യം ചെയ്തതാണ് അക്രമത്തിന് തുടക്കം. യുവതിയുടെ ദേഹത്ത് കടന്ന് പിടിച്ചതോടെ ഇവര്‍ നിലവിളിച്ചു.

സംഭവത്തില്‍ പ്രതികരിച്ചതിനെത്തുടര്‍ന്ന് ഭര്‍ത്താവിനെയും സഹോദരനെയും യുവാക്കള്‍ ആക്രമിച്ചു. വളഞ്ഞിട്ടുള്ള ആക്രമത്തില്‍ പകച്ചു പോയ കുടുംബാംഗങ്ങളെക്കൊണ്ട് യുവാക്കള്‍ മാപ്പു പറയിപ്പിച്ചു. ഇനി ഇവിടെ നിന്നാല്‍ എല്ലാത്തിനെയും അടിച്ചു നിലംപരിശാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതോടെ ഗത്യന്തരമില്ലാതെ കുടുംബം വേഗം തന്നെ ഇവിടെ നിന്നും രക്ഷപെട്ടു.

എന്നാല്‍ അക്രമി സംഘം ഫോണില്‍ വിളിച്ചു പറഞ്ഞതിനെ തുടര്‍ന്ന് കൊച്ചീടെ ജട്ടി പാലത്തില്‍ ഇവര്‍ സഞ്ചരിച്ച കാര്‍ മറ്റു രണ്ടുപേര്‍ തടഞ്ഞു നിര്‍ത്തി. ഇവരുടെ പുറകെ എത്തിയ സംഘം ഭര്‍ത്താവിനെ പിന്നില്‍നിന്നു പിടിച്ചുനിര്‍ത്തുകയും എന്തായാലും കേസാകും എന്നാല്‍ പിന്നെ ഇതു കൂടി ചേര്‍ത്തുകൊടുത്തോ എന്ന് പറഞ്ഞ് യുവതിയുടെ വസ്ത്രങ്ങള്‍ കീറുകയും ചെയ്തു.

യുവാവിനെ പിടിച്ചു നിര്‍ത്തിയിരുന്നവരും പിന്നീടു സ്ത്രീയെ ഉപദ്രവിച്ചു. ഒടുവില്‍ ഒപ്പമുണ്ടായിരുന്ന കൈക്കുഞ്ഞിന്റെ സ്വര്‍ണമാല പൊട്ടിച്ചെടുത്തു ഇവര്‍ കടന്നു കളയുകയായിരുന്നു.

ഒമ്പതു ദിവസം മുന്‍പു വിവാഹിതരായ ദമ്പതികളാണ് ആക്രമിക്കപ്പെട്ടത്. അതേ സമയം കടപ്പുറത്ത് നിരവധി ആളുകള്‍ ഉണ്ടായിരുന്നിട്ടും ആരും ഇവരെ സഹായിക്കാന്‍ എത്തിയില്ല. തിങ്കളാഴ്ചയാണ് ദമ്പതികള്‍ തൃക്കുന്നപുഴ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുന്നത്. തിങ്കളാഴ്ച പോലീസ് കടപ്പുറത്തു നടത്തിയ പരിശോധനയിലാണ് സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഒരാളില്‍ നിന്ന് കിട്ടിയത്.

വീഡിയോയില്‍ നിന്നും ആളെ തിരിച്ചറിഞ്ഞ പോലീസ് നാലുപേരെ അറസ്റ്റു ചെയ്യുകയായിരുന്നു. തൃക്കുന്നപ്പുഴ എസ്‌ഐ പി.ടൈറ്റസ്, അഡീ.എസ്‌ഐ പി. രഘുനാഥ്, സിപിഒ മാരായ ഉദയകുമാര്‍, മണിക്കുട്ടന്‍,സിബിലാല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതികളെ പിടികൂടിയത്.

കരുനാഗപ്പള്ളി തഴവ സ്വദേശികളായ ശ്യാമും ശരതും അമ്മാവന്റെ വീട്ടിലെ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയവരാണ്. അറസ്റ്റിലായ നാലു പ്രതികളെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഏറെ സന്ദര്‍ശകര്‍ എത്താറുള്ള ആറാട്ടുപുഴ വലിയഴീക്കല്‍ കടല്‍ത്തീരവും ഇവിടുത്തെ ബ്രേക്ക് വാട്ടര്‍ സംവിധാനത്തിന്റെ പുലിമുട്ടും ലഹരിമരുന്ന് ഉപയോഗിക്കുന്നവരുടെയും മദ്യപരുടെയും മറ്റു സാമൂഹിക വിരുദ്ധരുടെയും താവളമായി മാറുകയാണ്.

ഇവിടെ കടല്‍ കാണാനും തീരത്തു വിശ്രമിക്കാനും എത്തുന്നവരെ അപമാനിക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്ത സംഭവങ്ങള്‍ നേരത്തേയും പല തവണ ഉണ്ടായിട്ടുണ്ട്. പലരും മാനക്കേട് ഭയന്ന് പൊലീസില്‍ പരാതി നല്‍കാന്‍ ആരും തയാറാകാഞ്ഞതു സാമൂഹിക വിരുദ്ധപ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കാന്‍ ഇടയാക്കുകയാണ്. ഇവരുടെ ഭീഷണി മൂലമാണു നാട്ടുകാര്‍ പോലും ചോദ്യം ചെയ്യാത്ത അവസ്ഥയാണുള്ളത്.

Related posts