ഇനി പോലീസിനെ സാറേ… എന്നു വിളിക്കേണ്ട പകരം പോലീസുകാരെക്കൊണ്ട് വിളിപ്പിക്കാം ! ജനങ്ങളെ കേരളാപോലീസ് ഇനി അഭിസംബോധന ചെയ്യുന്നത് സാര്‍, സുഹൃത്ത്, സഹോദരന്‍ എന്നിങ്ങനെ…

……മോനേ…എന്ന് പോലീസ് ഇനി ആരെയും വിളിക്കില്ല. ജനങ്ങളോടും കുറ്റവാളികളോടുമുള്ള പെരുമാറ്റത്തില്‍ കാതലായ മാറ്റത്തിനൊരുങ്ങി കേരളാ പോലീസ്. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗീകരിച്ച പ്രമേയത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്.

‘ജനങ്ങളെ ഇനി ഞങ്ങള്‍ സര്‍, സുഹൃത്ത്, സഹോദരന്‍ എന്നിങ്ങനെ മാത്രമേ വിളിക്കൂ. ആ വിളിയിലൂടെ ഉണ്ടാകുന്ന മാറ്റം വലുതാണെന്നു ഞങ്ങള്‍ തിരിച്ചറിയുന്നു. പെറ്റിക്കേസില്‍ പെടുന്നവരെ കൊടും ക്രിമിനലുകളെന്ന തരത്തില്‍ കാണുന്ന മനോഭാവം ആരിലെങ്കിലും അവശേഷിക്കുന്നുവെങ്കില്‍ ഉപേക്ഷിക്കും. ഇതിലൂടെ, കേരള പൊലീസിന്റെ അന്തസ്സുയര്‍ത്തി സമൂഹത്തിന്റെ വിശ്വാസവും അംഗീകാരവും നേടും.’ പ്രമേയത്തിലെ വരികളാണിവ.

എഎസ്ഐ മുതല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ വരെയുള്ള ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്നതാണ് സംഘടന. നീതിതേടി പോലീസ് സ്റ്റേഷനില്‍ എത്തുന്നവരോട് രാഷ്ട്രീയത്തിന്റെയും സമ്പത്തിന്റെയും അടിസ്ഥാനത്തില്‍ വിവേചനം കാണിക്കരുത്. മികവില്‍ കേരള പോലീസ് മുന്നിലാണെങ്കിലും പെരുമാറ്റത്തില്‍ മാറ്റം വേണം. ഔദ്യോഗിക കൃത്യ നിര്‍വഹണത്തിനിടെ നാം ഇടപെടുന്നത് ശത്രുക്കളോടല്ല, ഇന്ത്യന്‍ പൗരന്മാരോടാണ്.

അവരില്‍ വ്യത്യസ്ത സ്വഭാവമുള്ളവര്‍ ഉണ്ടാകും. എന്നാല്‍ അവരോട് ഇടപഴകുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഒരു സ്വഭാവമേ ഉണ്ടാകാന്‍ പാടുള്ളു. ചരിത്രത്തിന്റെ ഭാഗമായ തെറ്റായ പ്രവണതകള്‍ ആരിലെങ്കിലും ശേഷിക്കുന്നുവെങ്കില്‍ ഇറക്കിവെയ്ക്കണം. മൂന്നാം മുറ പൂര്‍ണമായും ഉപേക്ഷിച്ചേ പറ്റുവെന്നും പ്രമേയത്തില്‍ പറയുന്നു. ഇതു വല്ലതും നടക്കുമോയെന്നാണ് ആളുകള്‍ ചോദിക്കുന്നത്.

Related posts