കരയാന്‍ മാത്രം മനോഹരമായ ഗോളൊന്നുമായിരുന്നില്ല അത്! പെനാല്‍റ്റി ബോക്‌സിലെ നാടകവും അരോചകമായിരുന്നു; കെ സുരേന്ദ്രന്റെ പ്രസ്താവനയ്ക്ക് പാര്‍ട്ടി വിടുമെന്ന മറുപടിയുമായി ആരാധകര്‍

ലോകകപ്പ് എന്നാല്‍ പ്രായഭേദമന്യേ എല്ലാവര്‍ക്കും ആവേശവും ഉത്സാഹവുമാണ്. മലയാളികള്‍ക്ക് പ്രത്യേകിച്ച് ഫുട്‌ബോള്‍ എന്നത് ഒരു വികാരമാണ്. കേരളത്തിലെ രാഷ്ട്രീയ നേതാക്കളടക്കം ഫുട്‌ബോള്‍ ആവേശത്തിലാണ്. മന്ത്രി എം എം മണി അടക്കമുള്ള നിരവധി രാഷ്ട്രീയക്കാര്‍ തങ്ങളുടെ ഇഷ്ട ടീമിനെക്കുറിച്ചും തങ്ങളുടെ ഫുട്‌ബോള്‍ രാഷ്ട്രീയത്തെക്കുറിച്ചുമുള്ള നയം വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. എന്നാല്‍ ബിജെപി നേതാവ് കെ സുരേന്ദ്രന്റെ ഫുട്‌ബോള്‍ സംബന്ധിച്ചുള്ള അഭിപ്രായപ്രകടനം ചെറിയ രീതിയില്‍ വിവാദത്തിലേയ്‌ക്കെത്തി നില്‍ക്കുകയാണ്.

ഇന്നലെ നടന്ന ബ്രസീല്‍-കോസ്റ്റാറിക്ക മത്സരത്തിനു പിന്നാലെ സൂപ്പര്‍ താരം നെയ്മറിന്റെ ഗോളിനേയും പെനാല്‍റ്റി ബോക്സിലെ നാടകത്തേയും വിമര്‍ശിച്ച് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍ രംഗത്തുവന്നിരിക്കുകയാണ്. കരയാന്‍ മാത്രം മികച്ചൊരു ഗോളൊന്നുമല്ല നെയ്മറിന്റേത്. പെനാല്‍റ്റി ബോക്സിലെ നാടകം തികച്ചും അരോചകം എന്നായിരുന്നു സുരേന്ദ്രന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്.

കേരളത്തില്‍ ബ്രസീലിന് കടുത്ത ആരാധകര്‍ സുരേന്ദ്രനെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയിട്ടുണ്ട്. നെയ്മറെ കുറ്റം പറഞ്ഞാല്‍ പാര്‍ട്ടി വിട്ടുകളയും എന്നുവരെ കമന്റില്‍ ഭീഷണി ഉയര്‍ത്തിയവരുണ്ട്. കോസ്റ്റാറിക്കയ്ക്കെതിരായ മത്സരത്തില്‍ ഇന്‍ജുറി ടൈമിലാണ് നെയ്മര്‍ രണ്ടാം ഗോള്‍ നേടിയത്. ആദ്യ ഗോള്‍ ഫിലിപ്പെ കുടിഞ്ഞ്യോയുടെ വകയായിരുന്നു.

ഗോള്‍രഹിത സമനിലയിലേക്ക് എന്നുറപ്പിച്ച മത്സരത്തില്‍ ഇന്‍ജുറി ടൈമിലാണ് ഇരുഗോളുകളും പിറന്നത്. റഷ്യന്‍ ലോകകപ്പില്‍ ആദ്യ ഗോള്‍ നേടുകയും ടീം വിജയിക്കുകയും ചെയ്തതോടെ മൈതാനത്ത് നെയ്മര്‍ പൊട്ടിക്കരഞ്ഞു. ഇതിനെ വിമര്‍ശിച്ചാണ് കെ.സുരേന്ദ്രന്‍ പോസ്റ്റിട്ടത്.

Related posts