പണിപാളുമെന്ന് മനസിലായി; നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാതെ സർക്കാർ; കുറ്റപത്രം പരിഗണിച്ച് ആറ് പ്രതികൾ ഏപ്രിൽ 22ന് നേരിട്ട് ഹാജരാകാൻ കോടതി

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് നിയമസഭയിൽ അരങ്ങേറിയ കയ്യാങ്കളിയുമായി ബന്ധപ്പെട്ട കേസ് പിൻവലിക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്നോട്ട് പോയി. കേസ് പിൻവലിക്കാൻ സർക്കാർ തിരുവനന്തപുരം സിജെഎം കോടതിയിൽ ഇന്ന് അപേക്ഷ നൽകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

എന്നാൽ കേസ് ഇന്ന് പരിഗണനയ്ക്ക് വന്നപ്പോൾ ഇത്തരമൊരു അപേക്ഷ സർക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടായില്ല. ഇതോടെ കേസിൽ സമർപ്പിച്ച കുറ്റപത്രം പരിഗണിച്ച് ആറ് പ്രതികളോട് ഏപ്രിൽ 22ന് നേരിട്ട് ഹാജരാകാൻ കോടതി ഉത്തരവിട്ടു. സിപിഎം നേതാക്കളായ വി.ശിവൻകുട്ടി, ഇ.പി.ജയരാജൻ, കെ.ടി.ജലീൽ എന്നിവർ ഉൾപ്പടെയാണ് കേസിൽ പ്രതികളാണ്.

കേസ് പിൻവലിക്കാൻ സർക്കാർ അപേക്ഷ നൽകിയാൽ തടസവാദം ഉന്നയിക്കാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്‍റെയും അഭിഭാഷകർ കോടതിയിൽ എത്തിയിരുന്നു.

സർക്കാർ കേസ് പിൻവലിച്ചില്ലെങ്കിലും ആം ആദ്മി പാർട്ടി കോടതിയിൽ തടസ ഹർജി സമർപ്പിക്കുകയും ചെയ്തു. കേസ് പിൻവലിക്കാത്ത പക്ഷം എന്തിനാണ് തടസ ഹർജിയെന്ന് കോടതി ഹർജിക്കാരനോട് ചോദിച്ചു. പ്രതിപക്ഷ പാർട്ടികളുടെ നീക്കം മുന്നിൽ കണ്ടാണ് കേസ് പിൻവലിക്കാൻ അപേക്ഷ നൽകാനുള്ള നീക്കം സർക്കാർ ഉപേക്ഷിച്ചതെന്നാണ് വിവരം.

നേരത്തെ വി.ശിവൻകുട്ടി മുഖ്യമന്ത്രിക്ക് നൽകിയ അപേക്ഷ പരിഗണിച്ചാണ് കേസ് പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചത്. അപേക്ഷ ലഭിച്ചതിന് പിന്നാലെ മുഖ്യമന്ത്രി നിയമ വകുപ്പിനോട് അഭിപ്രായം തേടിയിരുന്നു.

നിയമ വകുപ്പിൽ നിന്നും പച്ചക്കൊടി ലഭിച്ചതോടെ കേസ് പിൻവലിക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോവുകയായിരുന്നു. എന്നാൽ കോടതിയിൽ നിലപാട് അറിയിക്കുന്നതിന് മുൻപ് സംഭവം വാർത്തയായതോടെ കോൺഗ്രസ് ശക്തമായി രംഗത്തുവന്നു. നിയമസഭയിലും പ്രതിപക്ഷം വിഷയം ഉന്നയിച്ചതോടെയാണ് സർക്കാർ മലക്കം മറിഞ്ഞത്.

Related posts