ഇസ്രയേലിനെതിരേ സൈബര്‍ ആക്രമണം അഴിച്ചുവിട്ട് കിം ജോങ് ഉന്‍ ! ഇസ്രയേലിന്റെ പ്രതിരോധ രഹസ്യങ്ങള്‍ ഇറാന് കൈമാറിയെന്ന ആശങ്ക പങ്കുവച്ച് സൈബര്‍ ലോകം…

 

ഇസ്രയേലിനെതിരേ ഉത്തര കൊറിയ സൈബര്‍ ആക്രമണം നടത്തിയെന്ന് വിവരം. തങ്ങളുടെ പ്രതിരോധ സ്ഥാപനത്തിനു നേരെ നടന്ന സൈബര്‍ ആക്രമണം തടഞ്ഞുവെന്നാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്.

ഉത്തരകൊറിയന്‍ സൈബര്‍ ആക്രമണത്തെ തകര്‍ത്തുവെന്ന് ഇസ്രയേല്‍ അവകാശപ്പെടുമ്പോഴും സൈബര്‍ സുരക്ഷാ വിദഗ്ധരായ ക്ലിയര്‍ സ്‌കൈ അടക്കമുള്ളവര്‍ ആശങ്കകള്‍ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഇസ്രയേലിന്റെ പ്രതിരോധ സംവിധാനങ്ങളില്‍ നിന്നും മോഷ്ടിച്ച നിര്‍ണായക വിവരങ്ങള്‍ ഉത്തരകൊറിയയുടെ സുഹൃത്തായ ഇറാന്റെ കൈവശമെത്തുമെന്ന ആശങ്കയാണ് ഉയരുന്നത്.

ഉത്തരകൊറിയന്‍ ഹാക്കര്‍മാരുടെ സംഘമായ ലസാറുസാണ് സൈബര്‍ ആക്രമണത്തിന് പിന്നിലെന്നാണ് ഇസ്രയേല്‍ ആരോപിക്കുന്നത്. ഹിഡന്‍ കോബ്ര എന്ന പേരിലും ഈ ഉത്തരകൊറിയന്‍ ഹാക്കര്‍മാര്‍ അറിയപ്പെടാറുണ്ട്. ഉത്തരകൊറിയന്‍ സൈനിക രഹസ്യാന്വേഷണ യൂണിറ്റായ ലാബ് 110നു കീഴില്‍ പ്രവര്‍ത്തിക്കുന്ന ലസാറുസിനെ 2018ല്‍ അമേരിക്കയാണ് പുറത്തുകൊണ്ടുവന്നത്.

ലോകത്ത് 150ലേറെ രാജ്യങ്ങളിലെ മൂന്ന് ലക്ഷത്തിലേറെ കംപ്യൂട്ടറുകളെ ബാധിച്ച സൈബര്‍ ആക്രമണത്തിന് പിന്നിലും 2016ല്‍ ബംഗ്ലാദേശ് ബാങ്കില്‍ നിന്നും 8.1 കോടി ഡോളര്‍ മോഷ്ടിച്ച സൈബര്‍ കവര്‍ച്ചക്ക് പിന്നിലും ഈ ഉത്തരകൊറിയന്‍ ഹാക്കര്‍മാരാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

2014ല്‍ ഇവരുടെ സൈബര്‍ ആക്രമണത്തില്‍ സോണി പിക്‌ചേഴ്‌സിന് കനത്ത നാശനഷ്ടം ഉണ്ടായിരുന്നു. അമേരിക്കന്‍ ബ്രിട്ടിഷ് ഒഫീഷ്യലുകള്‍ നല്‍കുന്ന വിവരം അനുസരിച്ച് ഉത്തരകൊറിയന്‍ ഹാക്കര്‍ സേനയില്‍ ആറായിരത്തിലേറെ അംഗങ്ങളുണ്ട്. വര്‍ഷം കൂടും തോറും ഇവരുടെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുകയും കരുത്ത് കൂടുകയുമാണെന്നതിന്റെ തെളിവാണ് ഇസ്രായേലിനെതിരെ നടന്ന സൈബര്‍ ആക്രമണം.

തങ്ങളുടെ ആണവപദ്ധതിക്ക് വേണ്ടി ഉത്തരകൊറിയ ഹാക്കിംഗിലൂടെയാണ് പണം കണ്ടെത്തുന്നതെന്ന് ഏപ്രിലില്‍ പുറത്തുവന്ന റിപ്പോര്‍ട്ടില്‍ എഫ്ബിഐ ആരോപിച്ചിരുന്നു. ഉത്തരകൊറിയ വിദേശരാജ്യങ്ങളിലെ ഹാക്കര്‍മാരെ പ്രതിഫലം നല്‍കി തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്ന ആരോപണവും ഇതേ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

ഇസ്രയേലില്‍ നിന്ന് ചോര്‍ത്തുന്ന വിവരങ്ങള്‍ ഇറാന് നല്‍കുമെന്നതാണ് ഇസ്രയേലിന്റെ ആശങ്ക. ഇറാനും ഇസ്രയേലും പരസ്പരം സൈബര്‍ പോരിലാണുള്ളത്. ഇപ്പോള്‍ വിവാദത്തിന് കാരണമായ ഇസ്രയേലിനെതിരായ സൈബര്‍ ആക്രമണം നടന്നത് ജൂണിലാണ്. ഒരു ലിങ്ക്ഡ്ഇന്‍ അക്കൗണ്ടില്‍ നിന്നായിരുന്നു തുടക്കം. ബോയിംഗിന്റെ ഉദ്യോഗസ്ഥയായ ഡാന ലോപ്പിന്റേതെന്ന രീതിയില്‍ നിര്‍മിച്ച വ്യാജ അക്കൗണ്ടില്‍ നിന്നായിരുന്നു സന്ദേശം വന്നത്.

ഇസ്രയേല്‍ സൈന്യത്തിനും രഹസ്യാന്വേഷണ ഏജന്‍സിക്കും ആയുധങ്ങള്‍ നിര്‍മിച്ചു നല്‍കുന്ന കമ്പനിയിലേക്കായിരുന്നു സന്ദേശം വന്നത്. യഥാര്‍ഥത്തില്‍ ഡാന ലോപ്പ് എന്ന പേരില്‍ ബോയിംഗില്‍ ഉള്ള ഉദ്യോഗസ്ഥയാണെന്ന് ചമഞ്ഞായിരുന്നു ഹാക്കര്‍മാരുടെ ആക്രമണം.

ലസാറുസിന്റെ മുന്‍ സൈബര്‍ ആക്രമണങ്ങളില്‍ ഇത്രയേറെ ആസൂത്രണമികവ് പ്രകടമായിരുന്നില്ല. തങ്ങള്‍ക്ക് ചില പ്രത്യേക മേഖലയില്‍ വിദഗ്ധരായ തൊഴിലാളികളെ ആവശ്യമുണ്ടെന്നും അതിന്റെ വിവരങ്ങള്‍ മെയില്‍ വഴി അയക്കുന്നുവെന്നുമാണ് അടുത്തഘട്ടത്തില്‍ ഹാക്കര്‍മാര്‍ പറഞ്ഞത്.

ഇത്തരത്തില്‍ ഇസ്രയേല്‍ പ്രതിരോധ കമ്പനിയിലേക്ക് അയച്ച ഫയലിലാണ് സ്പൈവയറുകള്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഇതുവഴി ഇസ്രയേലി കംപ്യൂട്ടര്‍ നെറ്റ്വര്‍ക്കുകളില്‍ നുഴഞ്ഞുകയറുകയും വിവരങ്ങള്‍ ചോര്‍ത്തുകയും ചെയ്തുവെന്നതാണ് ആശങ്കയ്ക്കിടയാക്കിയിരിക്കുന്നത്. സ്‌കൂള്‍തലം മുതല്‍ ഹാക്കര്‍മാരെ വളര്‍ത്തിയെടുക്കുന്ന രാജ്യമായ ഉത്തരകൊറിയയുടെ പുതിയ രീതി ലോകത്തെയാകെ ആശങ്കപ്പെടുത്തുകയാണ്.

Related posts

Leave a Comment