ഗര്‍ഭിണിയായപ്പോള്‍ പോലും ഭര്‍ത്താവും വീട്ടുകാരും പീഡനം തുടര്‍ന്നു, നല്കിയിരുന്നത് പഴകിയ ഭക്ഷണം, ജോലി പോലും കളയിപ്പിച്ചു, നഴ്‌സ് ആന്‍ലിയയുടെ ഡയറിക്കുറിപ്പുകള്‍ ഭര്‍ത്താവിന് കുരുക്കാകുന്നു, വിശദാംശങ്ങള്‍ ഇങ്ങനെ

നഴ്സ് ആന്‍ലിയയുടെ ദുരൂഹ മരണം സംബന്ധിച്ച് അന്വേഷണം ക്രൈംബ്രാഞ്ചിന്. ഭര്‍ത്താവ് ജസ്റ്റിന്‍ കഴിഞ്ഞ ദിവസം ചാവക്കാട് കോടതിയില്‍ കീഴടങ്ങിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 25ന് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് കാണാതായെന്ന് പറയുന്ന ആന്‍ലിയയുടെ മൃതദേഹം 28 ന് ആലുവയ്ക്കടുത്ത് പുഴയിലാണ് കണ്ടെത്തിയത്.

മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും കേസന്വേഷിക്കുന്ന തൃശൂര്‍ ലോക്കല്‍ പൊലീസിന്റെ നടപടികള്‍ മന്ദഗതിയിലാണെന്നും ചൂണ്ടിക്കാട്ടി ഏറെക്കാലം ജിദ്ദയില്‍ പ്രവാസിയായിരുന്ന പിതാവ് ഫോര്‍ട്ട് കൊച്ചി നസ്രേത്ത് പാറയ്ക്കല്‍ ഹൈജിനസ് (അജി പാറയ്ക്കല്‍) മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ പുതിയ നടപടി.

അതേസമയം ആന്‍ലിയയുടെ ഡയറിക്കുറിപ്പുകള്‍ പുറത്തുവന്നിട്ടുണ്ട്. ജസ്റ്റിന്റെ കുടുംബവും മാനസികമായി പീഡിപ്പിച്ചു. പഠിക്കാനായി ജോലി രാജിവച്ചതിനു പരിഹസിച്ചു. സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്നു കുറ്റപ്പെടുത്തി’-പെരിയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആന്‍ ലിയയുടെ ഡയറിക്കുറിപ്പിലെ വാക്കുകളാണിത്. കഴിഞ്ഞ 28 നാണ് തൃശൂര്‍ സ്വദേശി ജസ്റ്റിന്റെ ഭാര്യയായ യുവതിയുടെ മൃതദേഹം നോര്‍ത്ത് പറവൂര്‍ വടക്കേക്കര പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പെരിയാറില്‍ കാണപ്പെട്ടത്.

ജോലി നഷ്ടപ്പെട്ടതു മറച്ചുവച്ചാണു ഭര്‍ത്താവ് തന്നെ വിവാഹം കഴിച്ചതെന്നു ഡയറിയിലുണ്ട്. തന്നെ നിര്‍ബന്ധിച്ചു ജോലി രാജിവയ്പിച്ചെന്നും ജസ്റ്റിന്റെ വീട്ടില്‍വച്ചു ദേഹോപദ്രവം ഏല്‍പ്പിച്ചെന്നും എഴുതിയിട്ടുണ്ട്. ജീവിതത്തെക്കുറിച്ചുള്ള സ്വപ്നങ്ങളും ആന്‍ ലിയ എഴുതി. നാട്ടില്‍ നല്ലൊരു ജോലി ലഭിക്കുന്നതും വിദ്യാഭ്യാസം നല്‍കി കുഞ്ഞിനെ വളര്‍ത്തുന്നതും വീടുവയ്ക്കുന്നതും കാര്‍ വാങ്ങുന്നതും സമ്പാദ്യമുണ്ടാക്കുന്നതുമെല്ലാം തന്റെ സ്വപ്നങ്ങളായി അവള്‍ കുറിച്ചു.

എല്ലാം നേടുമെന്ന ഉറപ്പും അതിലുണ്ടായിരുന്നു. തന്റെ ജീവിതത്തിലെ മറക്കരുതാത്ത ദിവസങ്ങള്‍, വിവാഹം, അമ്മയാകുകയാണെന്നറിഞ്ഞത്, ഏറെ ഇഷ്ടമുള്ള ബന്ധുക്കളും കൂട്ടുകാരും, തന്റെ സ്വപ്നങ്ങള്‍ തകര്‍ന്നത്, തന്നെ മാനസിക രോഗിയാക്കാന്‍ ശ്രമിച്ചത് തുടങ്ങിയ വിവരങ്ങളെല്ലാം ഇതിലുണ്ട്.

കടവന്ത്ര പോലീസിനെഴുതിയ പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ തന്നെയാണ് ഡയറിയിലുമുള്ളത്. ഗര്‍ഭിണിയായപ്പോഴും മനസലിവുണ്ടായില്ല. തനിക്കു പഴകിയ ഭക്ഷണമാണു നല്‍കിയത്. കുഞ്ഞുണ്ടായ ശേഷവും ഉപദ്രവം തുടര്‍ന്നു.

കേട്ടാലറയ്ക്കുന്ന തെറികള്‍ വിളിച്ചായിരുന്നു പീഡനം. വീട്ടില്‍നിന്നാല്‍ ജസ്റ്റിനും അമ്മയുംകൂടി കൊല്ലും. പോലീസ് സ്റ്റേഷനില്‍ പോകാന്‍ ഭര്‍ത്താവ് സമ്മതിക്കുന്നില്ല. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ജസ്റ്റിനും അമ്മയും വീട്ടുകാരുമാണ് ഉത്തരവാദി, അവരെ വെറുതെ വിടരുത് എന്നെല്ലാം എഴുതി സഹോദരനയച്ച സന്ദേശങ്ങളും ഡയറിക്കുറിപ്പുകളെ സാധൂകരിക്കുന്നതാണ്.

Related posts