പ്രളയകാലത്ത് ജീവന്‍ പണയം വച്ച് മുപ്പത്തഞ്ചോളം ജീവനുകള്‍ രക്ഷിച്ച അനിയന് വിലയായി നല്‍കേണ്ടി വന്നത് സ്വന്തം കണ്ണ് ! എങ്ങനെ ചികിത്സിക്കുമെന്നറിയാതെ ഭാര്യയും മൂന്നു മക്കളുമടങ്ങുന്ന ദരിദ്ര കുടുംബം…

മഹാപ്രളയം വിട്ടൊഴിഞ്ഞെങ്കിലും അനന്തരഫലമായുണ്ടായ ദുരിതങ്ങള്‍ ഇതുവരെ ഇപ്പോഴും നിരവധി ആളുകളെ അലട്ടുകയാണ്. പ്രളയം ബാക്കിയാക്കിയ ത്യാഗത്തിന്റെയും സ്‌നേഹത്തിന്റെയും കഥകള്‍ ഇപ്പോഴും പലയിടത്തു നിന്നും ഉയര്‍ന്നു കേള്‍ക്കുകയാണ്. സ്വന്തം ജീവനും സുരക്ഷയും പരിഗണിക്കാതെ, സഹജീവികളുടെ പ്രാണനു വേണ്ടി ഭ്രാന്തിളകിയ വെള്ളത്തിലേക്കെടുത്തു ചാടിയ എത്രയോ സാധാരണക്കാര്‍. അവരിലൊരാളാണ് 58 വയസുള്ള അനിയന്‍ എന്ന കിഴക്കേനട പുത്തന്‍പുരയ്ക്കല്‍ സദാശിവന്‍നായര്‍.

പ്രളയജലത്തില്‍പ്രാണന് വേണ്ടി കേണ മുപ്പത്തഞ്ചോളം ജീവനുകളാണ് ആഴങ്ങളും കുത്തൊഴുക്കും വകവെക്കാതെ അനിയന്‍ ആശ്വാസത്തിന്റെ മറുകരയില്‍ എത്തിച്ചത്. എന്നാല്‍ ഈ സാഹസത്തിന് ആ മനുഷ്യന് കൊടുക്കേണ്ടി വന്ന വിലയോ സ്വന്തം കാഴ്ച. വലത്തേ കണ്ണില്‍ പടര്‍ന്ന ഇരുട്ട് ഇടത്തേ കണ്ണിലേക്കും വ്യാപിക്കുമോ എന്ന ആശങ്കയിലും നഷ്ടബോധമില്ലാതെ ആ സാധു മനുഷ്യന്‍ പുഞ്ചിരിക്കുന്നു.

സംഭവമിങ്ങനെ…ഓഗസ്റ്റ് പതിനഞ്ചിന് അര്‍ധരാത്രിയാണ് തന്റെ വീട് വെള്ളത്തില്‍ മുങ്ങുന്നതായി കീഴ്‌ചേരി സ്വദേശിയായ സന്തോഷ് അനിയനെ ഫോണില്‍ വിളിച്ച് പറയുന്നത്. പിന്നെ വൈകിയില്ല ഒരു ലോറിയുടെ ട്യൂബുമായി ഇറങ്ങി.പിറ്റേന്ന് ഉച്ചയ്ക്ക് മുന്‍പ് സന്തോഷിന്റെ ഭാര്യയും രണ്ട് മക്കളും പ്രായമായ അച്ഛനും അമ്മയും അടക്കം പ്രദേശത്തെ 35 ഓളം പേരെ രക്ഷപെടുത്തി. അതിനിടയിലായിരുന്നു അനിയന്റെ കാഴ്ചകള്‍ക്ക് മേല്‍ ഇരുട്ടുപരത്തിയ ദുരന്തം. ഒരു വീടിന്റെ ഗേറ്റിന് കുറുകേകിടന്ന തടി വലിച്ചു മാറ്റുന്നതിനിടെ ഒരു കൂര്‍ത്തകമ്പ് വലതുകണ്ണില്‍ കൊണ്ട് മുറിഞ്ഞു.

ഒപ്പമുണ്ടായിരുന്നവര്‍ ഉടന്‍ ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. സാധാരണ മുറിവാണെന്ന് കരുതി ആദ്യം കണ്ണില്‍ മരുന്നുവെച്ച് കെട്ടി. എന്നാല്‍ പിറ്റേ ദിവസമായതോടെ കണ്ണ് വീര്‍ത്തു. അങ്ങനെയാണ് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. പരിശോധനയില്‍ കണ്ണിന്റെ ഞരമ്പ് മുറിഞ്ഞതായി കണ്ടെത്തി. വിദഗ്ധ ചികിത്സ നല്‍കിയില്ലെങ്കില്‍ ചിലപ്പോള്‍ ഇടതുകണ്ണിന്റെ കാഴ്ചയേയും ഇത് ബാധിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

വീടുള്‍പ്പെടെ രണ്ടുസെന്റ് സ്ഥലമാണ് ആകെ സമ്പാദ്യം. ലോട്ടറി വില്‍പ്പനയോടൊപ്പം വീട്ടിലെ ചായ്പില്‍ ചായക്കട നടത്തിയാണ് ഉപജീവനം. അതിനാല്‍ വിദഗ്ധ ചികിത്സയ്ക്കുള്ള സാമ്പത്തിക ശേഷിയില്ല. പഠനംകഴിഞ്ഞ് ജോലിതേടുന്ന മകന്‍ അനുകൃഷ്ണനും സംസാരശേഷി കുറവായ പത്താംക്ലാസുകാരന്‍ അരവിന്ദും ഒന്‍പതാം ക്ലാസുകാരി ആര്യയും ഭാര്യ ലതാകുമാരിയും അടങ്ങുന്ന അനിയന്റെ കുടുംബം ഇദ്ദേഹത്തെ എങ്ങനെ ചികിത്സിക്കും എന്ന ആശങ്കയില്‍ കഴിയുകയാണ്.

Related posts