പ്രളയത്തില്‍ മരിച്ച ഭാര്യയുടെ മൃതദേഹം വീടിനു പുറത്തെത്തിക്കാനാവാതെ വലഞ്ഞ് വയോധികന്‍! ഭാര്യ മരിച്ചത് രണ്ടു ദിവസം മുമ്പ്; കനത്ത ഒഴുക്കുമൂലം രക്ഷാപ്രവര്‍ത്തനം വഴിമുട്ടി…

രണ്ടു ദിവസം മുമ്പ് പ്രളയത്തില്‍ അകപ്പെട്ട് മരണം സംഭവിച്ച ഭാര്യയുടെ മൃതദേഹം പുറത്തെത്തിക്കാനാവാതെ വലഞ്ഞ് വയോധികന്‍. കോഴഞ്ചേരി ചെങ്ങന്നൂര്‍ റൂട്ടില്‍ ആറാട്ടുപുഴ ജംഗ്ഷനില്‍ നിന്നും വലത്തോട്ട് തിരിയുന്ന നെല്ലിക്കല്‍ ജംഗ്ഷനിലെ ആശിര്‍വാദ് വീട്ടിലെ കെ.കെ കോവില്‍ ആണ് ഭാര്യ അമ്മിണി അമ്മയുടെ മൃതദേഹവുമായി ഒറ്റപ്പെട്ടത്. നിലവില്‍ വീടിന്റെ രണ്ടാം നിലയിലാണ് ഇദ്ദേഹം ഭാര്യയുടെ മൃതദേഹവുമായി ഇരിക്കുന്നത്.

ഇവരുടെ ഏക മകന്‍ അജിത് ചെങ്ങന്നൂര്‍ എഞ്ചിനീയറിംഗ് കോളജിലെ റിലീഫ് ക്യാമ്പില്‍ എത്തിയിട്ടുണ്ടെങ്കിലും ജലത്തിന്റെ ഒഴുക്ക് അതിശക്തമായതിനാല്‍ രക്ഷാപ്രവര്‍ത്തനം അതികഠിനമായി തുടരുകയാണ്. പലവിധത്തിലുള്ള രക്ഷാപ്രവര്‍ത്തനവും പരാജയപ്പെട്ട സ്ഥിതിയ്ക്ക് പമ്പയില്‍ തുഴഞ്ഞു പരിചയമുള്ള നാടന്‍തുഴക്കാര്‍ ചെറുവള്ളത്തില്‍ എത്തി മൃതദേഹം പുറത്തെത്തിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്.

Related posts