ഹൈപ്പര്‍മാര്‍ക്കറ്റിലെ മോഷണം! പിന്നാലെ ഓടി പ്രതികളെ പിടിച്ചത് മൂന്ന് മലയാളി യുവാക്കള്‍ ചേര്‍ന്ന്; അഭിനന്ദനവും പുരസ്‌കാരവുമായി ഒമാന്‍ പോലീസ്; ധീരകൃത്യത്തിലൂടെ മലയാളിയുടെ അഭിമാനം കാത്തവര്‍ക്ക് അഭിനന്ദനപ്രവാഹം

ലോകത്തിന്റെ ഏത് കോണില്‍ ചെന്നാലും അവിടെ ഒരു മലയാളി ഉണ്ടായിരിക്കും എന്നാണ് പറയുക. പ്രത്യേകിച്ച് വിദേശ രാജ്യങ്ങളില്‍. അതുപോലെതന്നെ പ്രശ്‌നക്കാരായ മലയാളികളും ചെല്ലുന്നിടത്ത് സ്റ്റാറാവുന്ന മലയാളികളും ധാരാളം.

ഇപ്പറഞ്ഞതുപോലെ മലയാളികള്‍ ഒട്ടനവധിയാളുകള്‍ ജോലി ചെയ്യുന്ന ഇടമാണ് ഒമാന്‍. അവിടെ ജോലി ചെയ്യുന്ന ഏതാനും മലയാളി യുവാക്കള്‍ നടത്തിയ ധീരകൃത്യത്തിന്റെ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

മോഷണ ശ്രമം തടയുകയും പ്രതികളെ സാഹസികമായി പിടികൂടുകയും ചെയ്ത മലയാളികളെ ആദരിച്ചിരിക്കുകയാണ് ഒമാന്‍. റോയല്‍ ഒമാന്‍ പോലീസാണ് മലയാളി യുവാക്കളുടെ ധീരകൃത്യത്തിന് അഭിനന്ദനവുമായി എത്തിയത്.

മസ്‌കറ്റില്‍ നിന്നു നൂറ് കിലോമീറ്റര്‍ അകലെ തര്‍മദിലെ മക്ക ഹൈപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരായ കണ്ണൂര്‍ സ്വദേശി റയിസ്, കണ്ണൂര്‍ തില്ലേങ്കരി സ്വദേശി നൗഷാദ്, കോഴിക്കോട് വടകര സ്വദേശി രാജേഷ് എന്നിവരാണ് പോലീസിന്റെ ആദരവ് ഏറ്റുവാങ്ങിയത്. ബാത്തിന ഗവര്‍ണറേറ്റിലെ പോലീസ് മേധാവി ബ്രിഗേഡിയര്‍. അബ്ദുല്ല അല്‍ ഗൈലാനി ഉപഹാരങ്ങള്‍ കൈമാറുകയും ചെയ്തു.

പോലീസ് ഉന്നത ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. തര്‍മദിലെ മക്ക ഹൈപ്പര്‍മാര്‍ക്കറ്റില്‍ കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയാണ് മോഷണ ശ്രമം നടന്നത്. താഴത്തെ നിലയിലെ പ്രധാന വാതിലിന്റെ പൂട്ട് പൊട്ടിച്ചാണ് പ്രതികള്‍ അകത്തുകയറിയത്. ഇതേസമയം, ഹൈപ്പര്‍മാര്‍ക്കറ്റിനകത്ത് സാധനങ്ങള്‍ ഒരുക്കിവെക്കുന്ന ഡ്യൂട്ടിയിലായിരുന്നു റയിസും നൗഷാദും രാജേഷും. ശബ്ദം കേട്ട് ഇവര്‍ മുന്‍വശത്തേക്ക് എത്തിയപ്പോഴാണ് മോഷ്ടാക്കളെ കണ്ടത്.

കടയില്‍ ആളുണ്ടെന്ന് കണ്ട മോഷ്ടാക്കള്‍ മുന്‍ വശത്തെ വാതിലിന്റെ ചില്ല് ഇടിച്ചുപൊട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍, പിന്നാലെ ഓടിയ മൂവരും ചേര്‍ന്ന് പ്രതികളില്‍ ഒരാളെ പിടികിട്ടി. ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. മിനിട്ടുകള്‍ക്കകം പോലീസ് എത്തുകയും പിടിയിലായ പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു ഇയാളില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ചാണ് രണ്ടാമനെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മൂന്നു മാസത്തിനിടെ ഇതു മൂന്നാം തവണയാണ് തര്‍മത്ത് മക്ക ഹൈപ്പര്‍മാര്‍ക്കറ്റില്‍ മോഷണശ്രമം നടക്കുന്നത്. ഒരു തവണ പണം നഷ്ടപ്പെട്ടിരുന്നു. തുടര്‍ച്ചയായ മോഷണശ്രമങ്ങള്‍ മുന്‍നിര്‍ത്തി ജോലിയിലുണ്ടായിരുന്ന ജീവനക്കാരും ജാഗ്രതയിലായിരുന്നതിനാലാണ് മോഷണശ്രമം തടയാനും പ്രതികളെ പിടികൂടാനും സാധിച്ചത്. മലയാളികളെ ആദരിച്ച വിവരം ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഒമാന്‍ പോലീസ് അറിയിച്ചത്.

Related posts