മുംബൈയില്‍ ഒമിക്രോണ്‍ ഭീതി; കൂടിച്ചേരലുകള്‍ക്കു വിലക്ക്; ഇന്ത്യയില്‍ ആകെ മുപ്പത്തിരണ്ട് ഒമിക്രോൺ കേസുകൾ

മുംബൈ: ഒറ്റ ദിവസം തന്നെ മൂന്ന് ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ മുംബൈ നഗരം വീണ്ടും കോവിഡ് ഭീതിയില്‍. ഇതോടെ മഹാരാഷ്‌ട്രയിലെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 17 ആയി. ഇന്ത്യയില്‍ ആകെ മുപ്പത്തിരണ്ടും.

മുംബൈ നഗരത്തില്‍ രണ്ടു ദിവസത്തേക്ക് ആളുകളുടെ കൂടിച്ചേരലുകള്‍ക്കു പോലീസ് വിലക്ക് ഏര്‍പ്പെടുത്തി. ആളുകള്‍ പങ്കെടുക്കുന്ന റാലികള്‍, പ്രതിഷേധങ്ങള്‍ എന്നിവയ്‌ക്കെല്ലാം നിരോധനമുണ്ട്. ശനി, ഞായര്‍ ദിവസങ്ങളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കോവിഡിന്‍റെ പുതിയ വകഭേദത്തില്‍നിന്നു മനുഷ്യരെ സുരക്ഷിതരാക്കാനുള്ള നിയന്ത്രണങ്ങള്‍ മാത്രമാണ് ഇപ്പോള്‍ പുറപ്പെടുവിച്ചിരിക്കുന്നതെന്നു പോലീസ് അധികൃതർ പറഞ്ഞു. വെള്ളിയാഴ്ച ഏഴ് ഒമിക്രോണ്‍ കേസുകളാണ് മഹാരാഷ്‌ട്രയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മുന്നര വയസുള്ള ഒരു പെണ്‍കുട്ടിക്കും രോഗം ബാധിച്ചു.

ഏഴിൽ മൂന്നു പേര്‍ മുംബൈയില്‍നിന്നുള്ളവരാണ്. 48, 25, 37 പ്രായത്തിലുള്ള ഇവര്‍ ടാന്‍സാനിയ, യുകെ, ദക്ഷിണാഫ്രിക്ക- നയ്‌റോബി എന്നിവിടങ്ങളില്‍നിന്നു മടങ്ങി വന്നവരാണ്. ഇതോടെ മുംബൈ നഗരത്തില്‍ മാത്രം ഒമിക്രോണ്‍ കേസുകള്‍ അഞ്ചായി.

ടാന്‍സാനിയില്‍നിന്നു മടങ്ങി വന്ന 48 വയസുള്ള ഒമിക്രോണ്‍ ബാധിതന്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ധാരാവിയിലെ താമസക്കാരനാണെന്നതാണ് ആശങ്ക കൂട്ടുന്ന കാര്യം. എന്നാല്‍, ജനങ്ങളുമായി ഇടപഴകുന്നതിന് മുമ്പ് ഇദ്ദേഹത്തെ ക്വാറന്‍റൈനില്‍ ആക്കിയിരുന്നു എന്നാണ് അധികൃതര്‍ പറയുന്നത്.

Related posts

Leave a Comment