ഓണ്‍ലൈന്‍ കോണ്ടം വില്‍പ്പന കേരളത്തില്‍ പൊടിപൊടിക്കുന്നു ! ഏറ്റവും കൂടുതല്‍ കോണ്ടം ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യുന്നത് ഈ രണ്ടു ജില്ലകള്‍…

ഓണ്‍ലൈനിലൂടെ കോണ്ടം ഓര്‍ഡര്‍ ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ടയര്‍ ത്രീ പട്ടികയില്‍ വരുന്ന നഗരങ്ങളിലാണ് ഓണ്‍ലൈന്‍ വഴി ഏറ്റവും കൂടുതല്‍ കോണ്ടം വില്‍പ്പന നടന്നതെന്ന് റിപ്പോര്‍ട്ട്. ഇ-കൊമേഴ്സ് സൈറ്റായ സ്നാപ്ഡീല്‍ പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. തങ്ങള്‍ക്ക് ലഭിച്ച ഓര്‍ഡറുകളില്‍ 56 ശതമാനം ആളുകളും ടയര്‍ ത്രി പട്ടികയില്‍ ഉള്‍പ്പെടുന്ന നഗരങ്ങളില്‍ നിന്നാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം മെട്രോ-ഇതര നഗരങ്ങളില്‍ നിന്ന് മാത്രം ഓണ്‍ലൈനായി കോണ്ടം വാങ്ങുന്നവരുടെ എണ്ണത്തില്‍ 30 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. പത്തില്‍ എട്ട് എന്ന നിരക്കിലാണ് നോണ്‍-മെട്രോ നഗരങ്ങളില്‍ നിന്ന് വരുന്ന ഓര്‍ഡറുകള്‍.

ഓണ്‍ലൈന്‍ കോണ്ടം വില്‍പനയില്‍ മുന്‍നിരയിലുള്ള ടയര്‍ ത്രീ നഗരങ്ങളുടെ പട്ടികയില്‍ കേരളത്തില്‍ നിന്ന് എറണാകുളവും മലപ്പുറവുമുണ്ട്. ഇതിനുപുറമേ ഇംഫാല്‍, ഹിസാര്‍, ഉദയ്പൂര്‍, മോഗ, സില്‍ചാര്‍, ഷില്ലോങ്, കാണ്‍പൂര്‍, അഹമ്മദ് നഗര്‍ എന്നിവിടങ്ങളില്‍ നിന്നാണ് കോണ്ടത്തിനായി ഏറ്റവുമധികം ഓര്‍ഡറുകള്‍ സൈറ്റിലെത്തിയത്. മെഡിക്കല്‍ സ്‌റ്റോറുകളില്‍ നിന്ന് കോണ്ടം വാങ്ങാന്‍ മടിയുള്ളവരാണ് ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്യുന്നതെന്ന് സ്നാപ്ഡീല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

സുരക്ഷിതമായ ലൈംഗിക ബന്ധത്തെക്കുറിച്ച് അറിവ് വര്‍ധിച്ചതാണ് കോണ്ടം ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിക്കാന്‍ കാരണം. ഡിസംബര്‍ ഒന്ന് എയ്ഡ്സ് ദിനത്തോട് അനുബന്ധിച്ചാണ് ഓണ്‍ലൈന്‍ സേവന ദാതാക്കളായ സ്നാപ്ഡീല്‍ ഈ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ബിസിനസ് ഇന്‍സൈഡര്‍ വെബ്‌സൈറ്റാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്തായാലും സുരക്ഷിതവും ആരോഗ്യകരവുമായ ലൈംഗികജീവിതം ആഗ്രഹിക്കുന്ന ആളുകളുടെ എണ്ണം കൂടുന്നു എന്ന സൂചനയാണ് ഈ റിപ്പോര്‍ട്ടുകളിലൂടെ ലഭിക്കുന്നത്.

Related posts