ആഗോള സൗന്ദര്യമത്സരങ്ങള്‍ ഇപ്പോഴും ഇരുണ്ടയുഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്നു ! അമ്മമാരോട് വിവേചനം അരുത്; മിസ് വേള്‍ഡ് സംഘാടകര്‍ക്കെതിരേ നിയമനടപടിയുമായി ഉക്രൈന്‍ സുന്ദരി…

അമ്മയാണെന്ന് അറിഞ്ഞതിനെത്തുടര്‍ന്ന് മിസ് വേള്‍ഡ് മത്സരത്തില്‍ നിന്ന് വിലക്കിയ അധികൃതരുടെ നടപടിയ്‌ക്കെതിരേ നിയമപോരാട്ടത്തിനൊരുങ്ങി മുന്‍ മിസ് ഉക്രൈന്‍ വെറോനിക്ക ഡിഡുസെങ്കോ. ഇത്തരത്തിലുള്ള ചട്ടം മത്സരത്തില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ടുള്ള നിയമനടപടികള്‍ക്ക് അവര്‍ തുടക്കമിട്ടു. അതോടൊപ്പം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ വെറോനിക്ക #righttobeamother കാമ്പയിനിന് തുടക്കം കുറിച്ചു.

‘മിസ് വേള്‍ഡിലെ നിയമങ്ങളില്‍ മാറ്റം വരുത്തണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു, എല്ലാ സ്ത്രീകളെയും മത്സരത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കുക. ‘MissUkraine കിരീടം നേടിയതിന് ശേഷം മിസ് വേള്‍ഡില്‍ മത്സരിക്കാന്‍ എന്നെ അനുവദിക്കാത്തതിന്റെ കാരണം ഞാന്‍ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയായതുമാണ്. സൗന്ദര്യമത്സരത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് അമ്മമാരെയും വിവാഹിതരായ സ്ത്രീകളെയും മിസ് വേള്‍ഡ് വിലക്കുന്നു’ 24 കാരിയായ വെറോനിക്ക ഡിഡുസെങ്കോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

സംഘാടകര്‍ വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ച ഡിഡുസെങ്കോ, ആഗോള സൗന്ദര്യമത്സരങ്ങള്‍ ”ഇരുണ്ട യുഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതായി തോന്നുന്നു” എന്നും അഭിപ്രായപ്പെട്ടു. കൂടാതെ തനിക്ക് കിരീടം വേണ്ടെന്നും അവര്‍ കുറിച്ചു. 2018 ല്‍ മിസ് ഉക്രെയ്ന്‍ കിരീടമണിഞ്ഞ ഡിഡുസെങ്കോയ്ക്ക് അഞ്ച് വയസുള്ള ഒരു മകനുണ്ടെന്ന് സംഘാടകര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് മിസ് വേള്‍ഡ് മത്സരത്തില്‍ നിന്ന് അവരെ അയോഗ്യയാക്കിയിരുന്നു. വിവാഹിതരെയും അമ്മമാരെയും സൗന്ദര്യമത്സരത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തടയുന്ന നിയമം 2010ല്‍ റദ്ദാക്കിയിരുന്നു.എന്നാല്‍ ഇത് മിസ് വേള്‍ഡ് സംഘാടകര്‍ ലംഘിക്കുന്നുവെന്ന് ആരോപിച്ച് ഡിഡുസെങ്കോ ലണ്ടനില്‍ നിയമ നടപടികള്‍ ആരംഭിച്ചു.

Related posts