പുതുപ്പള്ളി: പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയിലെ ഉമ്മന്‍ ചാണ്ടിയുടെ കബറിടത്തിലേക്ക് ജനപ്രവാഹം. ഇന്നലെ രാത്രി മുതല്‍ തിരികളും പുഷ്പചക്രങ്ങളുമായി കല്ലറയിലേക്ക് ജനങ്ങളുടെ ഒഴുക്കാണ്. അവരില്‍ ഖദറിട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാത്രമായിരുന്നില്ല ഉപകാര സമര്പ്പകനായ ആ മനുഷ്യസ്നേഹിയില്നിന്നു കൈയും മനവും നിറയെ സഹായങ്ങള്‍ ലഭിച്ച അനേകരുണ്ട്.
ഇന്നു രാവിലെ മുതല്‍ എംഎല്‍എമാര്‍, എംപിമാര്‍ ഉള്‍പ്പെടെയുള്ള സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ആദരങ്ങള്‍ അര്‍പ്പിക്കാനായി പുതുപ്പള്ളിയില്‍ എത്തികൊണ്ടിരിക്കുകയാണ്.രാവിലെ 6.30നു പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയില്‍ പ്രഭാത നമസ്കാരവും തുടര്‍ന്ന് രാവിലെ ഏഴിനു വിശുദ്ധ കുര്‍ബാനയുമുണ്ടായിരുന്നു.
ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ ധൂപപ്രാര്‍ഥനയ്ക്കും അനുസ്മരണ ചടങ്ങുകള്‍ക്കു യൂഹാനോന്‍ മാര്‍ ദിയസ്കോറോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിച്ചു. ഒമ്പതിനു പുതുപ്പള്ളി കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെയും ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ പുതുപ്പള്ളി പള്ളി അങ്കണത്തില്‍ നടത്തിയ സ്മൃതി സമ്മേളനവും പൊതുസമ്മേളനവും എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്തു.
നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ മോന്‍സ് ജോസഫ്, ടി. സിദിഖ്, എംപിമാരായ ഫ്രാന്‍സിസ് ജോര്‍ജ്, ബെന്നി ബെഹനാന്, ചാണ്ടി ഉമ്മന്‍ എംഎല്‍എ, നാട്ടകം സുരേഷ് എംഎല്‍എ, യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്ത, മറിയാമ്മ ഉമ്മന്‍, കെ.സി. ജോസഫ്, ഫില്‍സണ്‍ മാത്യൂസ്, ടോമി കല്ലാനി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഉച്ചയോടെ മുഖ്യമന്ത്രി വി.ഡി. സതീശന് ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തി പുഷ്പാര്‍ച്ചന നടത്തി. പുതുപ്പള്ളിയിലെ വിവിധ കോണ്‍ഗ്രസ് മണ്ഡലം-ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ അനുസ്മരണ യോഗങ്ങളും നടക്കുന്നുണ്ട്. സ്മൃതി ദിനാചരണത്തിന്റെ ഭാഗമായി ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന് നടപ്പാക്കുന്ന വിവിധ ജനക്ഷേമ പദ്ധതികളുടെ വിതരണവും നടത്തി.
