കോട്ടയം: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി മാറിയ 10 മാസം പ്രായമുള്ള ആലിന് ഷെറിന് ഏബ്രഹാമിന്റെ മരണത്തിനിടയാക്കിയത് ചിങ്ങവനത്തിന് സമീപം പള്ളത്തുണ്ടായ അപകടം.
ഇക്കഴിഞ്ഞ അഞ്ചിനാണ് സംഭവം. പള്ളം കരിമ്പുംകാലാകടവിനടുത്ത് കുടുംബം സഞ്ചരിച്ചിരുന്ന വാഗണ്‍ ആര് കാറില്‍ എതിരേ വന്ന മറ്റൊരു കാർ ഇടിച്ചുണ്ടായ അപകടത്തിലാണ് മല്ലപ്പള്ളി വാലുമണ്ണില്‍ വീട്ടില്‍ അരുണ്‍ ഏബ്രഹാമിന്റെയും ഷെറിന്റെയും മകളായ ആലിന് ഷെറിന് ഏബ്രഹാം പരിക്കേറ്റ് ഗുരുതരാവസ്ഥയിലായത്.
എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതിനിടയിലാണ് ആലിനിന്റെ മരണം സംഭവിച്ചത്. ആലിന്, മാതാവ് ഷെറിന്, ഷെറിന്റെ മാതാവ് ജെസി ജോണ്‍, പിതാവ് രാജന് ജോണ്‍ എന്നിവരായിരുന്നു കാറിലുണ്ടായിരുന്നത്.
കോട്ടയം സ്വദേശികളായ ദമ്പതികള്‍ സഞ്ചരിച്ച കാറിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയത്.ആലിനിന്റെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ നടക്കും.
