വിജയേട്ടന്‍ ഇപ്പോ എവിടെയാ… പാലത്തിന്റെ ഉദ്ഘാടനത്തിന് വരുമോ? ഫോണൊന്ന് വിജയേട്ടന് കൊടുത്തേ…രണ്ടു ഫോണുകളുപയോഗിച്ച് പി.സതീശന്‍ നടത്തിയ മാസ്റ്റര്‍ തട്ടിപ്പ് ഇങ്ങനെ…

കോഴിക്കോട്: സര്‍ക്കാര്‍ നിയമനങ്ങള്‍ നല്‍കാമെന്നു പറഞ്ഞ് ഉദ്യോഗാര്‍ഥികളില്‍ നിന്ന് പണപ്പിരിവ് നടത്തിയ പി. സതീശന്‍ ആളുകളെ വിശ്വാസത്തിലെടുക്കാന്‍ ഉപയോഗിച്ചത് മുഖ്യമന്ത്രി അടക്കമുള്ള സിപിഎം നേതാക്കളുടെ പേരുകള്‍.. പണം വാങ്ങുന്നതിനായി ഉദ്യോഗാര്‍ത്ഥികളെ സമീപിക്കുന്ന സമയത്ത് പി.സതീശന്റെ പക്കല്‍ രണ്ട് ഫോണുകള്‍ ഉണ്ടായിരിക്കുമെന്ന് കസബ സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ സ്ത്രീ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഒരു ഫോണിലേക്ക് ഈ സമയം കോളു വരും. അല്ലെങ്കില്‍ ആരെയെങ്കിലും വിളിക്കുന്നതായി ഭാവിക്കും. ഫോണ്‍ എടുക്കുന്ന സതീശന്‍ മറുഭാഗത്ത് സിപിഎം ജില്ലാ നേതാക്കള്‍ ആണെന്ന ഭാവേനയാണ് സംസാരിക്കുന്നത്. തന്നെ സമീപിച്ചപ്പോള്‍ കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനനെയാണ് വിളിച്ചതെന്ന് പ്രസ്തുത പരാതിക്കാരി പറയുന്നു.

”ഹലോ മോഹനന്‍മാഷല്ലേ… ഇത് ഞാനാണ്… വിജയേട്ടന്‍ (മുഖ്യമന്ത്രി) ഇപ്പോ എവിടെയാ… പാലത്തിന്റെ ഉദ്ഘാടനത്തിന് വരുമോ? ഫോണൊന്ന് വിജയേട്ടന് കൊടുത്തേ… ഇങ്ങനെയാണ് ഫോണ്‍വിളി പോകുന്നത്. ഇത് കേള്‍ക്കുന്ന ആരും മുഖ്യമന്ത്രിയും സിപിഎം നേതാക്കളുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന് വിചാരിക്കുകയും പണം നല്‍കുകയും ചെയ്തിരുന്നു.

കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രി ഇ.കെ നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായിരുന്ന പി.ശശിയുടെ സഹോദരനാണ് പി.സതീശന്‍. ഈ പേരിലും അയാള്‍ ഇടപാടുകാരെ വഞ്ചിച്ചിരുന്നു.

കണ്ണൂര്‍ വിമാനത്താവളത്തിന്റെ പേരിലും നിരവധി പേരില്‍ നിന്ന് പണം വാങ്ങിയതായി ആക്ഷേപമുണ്ട്. ഏഴ് പോസ്റ്റുകളില്‍ സിപിഎം ആണ് നിയമനം നടത്തുന്നതെന്ന് പറഞ്ഞ് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് 10,000 രൂപ വീതമാണ് വാങ്ങിയതെന്ന് പണം നഷ്ടപ്പെട്ട ഒരാള്‍ പ്രതികരിച്ചു.

ഇതിനിടെ പി. സതീശനെ കസബ പോലീസ് കസ്റ്റഡിയില്‍ എടുത്ത് വഞ്ചനാക്കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു. പരാതി നല്‍കിയ സ്ത്രീയില്‍ നിന്നും പരാതി സ്വീകരിക്കാന്‍ പോലും തയ്യാറാകാതെ എസ്.ഐ സ്റ്റേഷനു പുറത്തേക്ക് പോയത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് സി.ഐ എത്തി പരാതി സ്വീകരിച്ചതും നടപടിയുണ്ടായതും.

ആശ്രിത നിയമനത്തിന്റെ പേരില്‍ പണം തട്ടിയെന്ന പരാതിയിലാണ് നടപടി വന്നിരിക്കുന്നത്. ഫാറൂഖ് സ്വദേശികളായ രണ്ടു സ്ത്രീകളും ഒളവണ്ണ സ്വദേശിയും മറ്റൊരാളുമാണ് പരാതി നല്‍കിയത്.

 

Related posts