ഗര്‍ഭിണിയായ സ്ത്രീകള്‍ സതി ആചരിക്കാറില്ലായിരുന്നു! സണ്ണി ലിയോണിനെ ആരാധിക്കുന്ന നാട്ടില്‍ ‘പദ്മാവത്’ വിജയിച്ചതില്‍ അത്ഭുതമില്ലെന്ന് കര്‍ണിസേന

ന്യൂഡൽഹി: സഞ്ജയ് ലീല ബെൻസാലിയുടെ വിവാദ ചിത്രം “പദ്മാവത്’ വെള്ളിത്തിരയിൽ വിജയഗാഥ തുടരവെ വീണ്ടും വിമർശനങ്ങളും പരിഹാസവുമായി രജപുത്ര കർണിസേന. ചിത്രം കണ്ട ചരിത്രകാരന്മാർ പോലും “പദ്മാവതി’നെക്കുറിച്ച് മികച്ച അഭിപ്രായം പറഞ്ഞതിനു പിന്നാലെയാണ് കർണിസേന വിമർശനവുമായി രംഗത്തെത്തിയത്.

“പദ്മാവതി’ൽ, ചരിത്രത്തിന് കോട്ടം തട്ടുന്ന തരത്തിലോ, ചരിത്രത്തെ വളച്ചൊടിക്കുന്ന തരത്തിലോ ഒന്നുമില്ലെന്നായിരുന്നു ചിത്രം കണ്ട ചരിത്രകാരന്മാരും മറ്റ് ചരിത്ര അധ്യാപകരും വിലയിരുത്തിയത്. എന്നാൽ, സണ്ണി ലിയോണിനെ പോലും ആരാധിക്കുന്ന നാട്ടിൽ ചിത്രം വിജയിച്ചതിൽ അത്ഭുതം ഇല്ലെന്നായിരുന്നു കർണിസേന നേതാക്കളുടെ പ്രതികരണം.

ചിത്രം ചരിത്രത്തെ വളച്ചൊടിക്കുന്നില്ലെന്ന് എങ്ങനെയാണ് അവർക്ക് പറയാൻ കഴിയുകയെന്ന് കർണിസേനാ വക്താവ് വിജേന്ദ്ര സിംഗ് ചോദിച്ചു. ഗർഭിണിയായ സ്ത്രീകൾ സതി ആചരിക്കാറില്ലായിരുന്നു. എന്നാൽ ചിത്രം മറിച്ചാണ് പറയുന്നത്. 55 കാരനായ അലാവുദ്ദീൻ ഖിൽജിക്കു പകരം 25കാരനായ ഖിൽജിയെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ചിത്തോർഗഡ് കോട്ടയുടെ വാതിലുകൾ ഖിൽജി ഒരിക്കലും തകർത്തിട്ടില്ല. പക്ഷേ, ചിത്രത്തിൽ അതാണ് പറയുന്നത്. ഇങ്ങനെ നിരവധിയിടങ്ങളിൽ ചരിത്രത്തെ തെറ്റായി രേഖപ്പെടുത്തിയെന്നാണ് കർണിസേന ചൂണ്ടിക്കാട്ടിയതെന്നും വിജേന്ദ്ര സിംഗ് പറഞ്ഞു.

നീലച്ചിത്ര നടിയായിരുന്ന സണ്ണി ലിയോണിനെപ്പോലും ആരാധിക്കുന്ന നാട്ടിൽ “പദ്മാവത്’ വിജയിച്ചതിൽ അത്ഭുതപ്പെടാനില്ലെന്നും വിജേന്ദ്ര സിംഗ് പരിഹസിച്ചു. ജനുവരി 25ന് പ്രദർശനത്തിനെത്തിയ ചിത്രം ആറു ദിവസം കൊണ്ട് തന്നെ 110 കോടി കളക്ഷൻ നേടിക്കഴിഞ്ഞു. ചിത്രം രാജ്യത്തെ ഒരു സംസ്ഥാനത്തും പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നും അഥവാ ചിത്രം പ്രദർശിപ്പിച്ചാൽ ആയിരക്കണക്കിന് സ്ത്രീകൾ ജീവനൊടുക്കുമെന്നും മറ്റ് അനിഷ്ട സംഭവങ്ങൾ ഉണ്ടാകുമെന്നും കർണിസേന ഭീഷണി മുഴക്കിയിരുന്നു.

സംസ്ഥാന മുഖ്യമന്ത്രിമാരോടടക്കം ഈ ആവശ്യം ഉന്നയിച്ച കർണിസേന ചിത്രത്തിന് പ്രദർശനാനുമതി നൽകിയ സെൻസർബോർഡ് തലവൻ പ്രസൂൺ ജോഷിക്കെതിരെ പോലും ഭീഷണി മുഴക്കിയിരുന്നു. ഒപ്പം, ചിത്രത്തിന് വിലക്കേർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വിവിധ കോടതികളിൽ അവർ ഹർജികൾ നൽകുകയും ചെയ്തു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട ഹർജികളെല്ലാം സുപ്രീംകോടതി തള്ളുകയും ചിത്രത്തിന് പ്രദർശനാനുമതി നൽകുകയുമായിരുന്നു.

Related posts