പാകിസ്ഥാന്‍ മനുഷ്യാവകാശ പ്രവര്‍ത്തകരില്ലാത്ത രാജ്യമാകുമോ? നാലു ദിവസത്തിനുള്ളില്‍ അപ്രത്യക്ഷരായത് അഞ്ചുപേര്‍

pak600ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മനുഷ്യാവകാശപ്രവര്‍ത്തകരില്ലാത്ത രാജ്യമാകുമോ?. ലോകത്തിന്റെ പലകോണുകളില്‍ നിന്നും ഈ ചോദ്യമുയരുകയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍  അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരാണ് പാകിസ്ഥാനില്‍. അപ്രത്യക്ഷരായത.് സോഷ്യല്‍ മീഡിയ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയരായവരാണ് അപ്രത്യക്ഷരായ എല്ലാവരും. സമര്‍ അബ്ബാസ് എന്ന മധ്യവയ്‌സ്ക്കനായ ഐടി ഉദ്യോഗസ്ഥനാണ് ഇക്കൂട്ടത്തിലെ അവസാനയാള്‍. ജനുവരി ഏഴ് ശനിയാഴ്ച കറാച്ചിയില്‍ നിന്നും തലസ്ഥാനമായ ഇസ്ലാമാബാദിലേക്കു വരുമ്പോഴാണ് ദൂരൂഹ സാഹചര്യത്തില്‍ ഇയാള്‍ അപ്രത്യക്ഷനാകുന്നത്. ആന്റി മിലിറ്റന്‍സി ആന്‍ഡ് സിവില്‍ പ്രോഗ്രസീവ് അലൈന്‍സ് എന്ന ജനക്ഷേമ സംഘടനയുടെ തലവനാണ് അപ്രത്യക്ഷനായ സമര്‍. സമറിന്റെ സുഹൃത്തും സംഘടനയിലെ പ്രവര്‍ത്തകനുമായ താലിബ് റാസയാണ് ഇയാളെ കാണാനില്ലെന്ന് അറിയിച്ചത്. ”ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഞങ്ങള്‍ സംഘടനയ്ക്കു രൂപം നല്‍കുന്നത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ ശക്തമായി പ്രതികരിക്കാന്‍ സമറും ഞാനും തീരുമാനിച്ചു. ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിനായി ഞങ്ങളൊരുമിച്ച് പോരാടുകയായിരുന്നു”റാസ പറയുന്നു.

രാജ്യത്തുയര്‍ന്നു വരുന്ന പുരോഗമനപരമായ ശബ്ദങ്ങളെ അടിച്ചമര്‍ത്താനുള്ള സംഘടിത ശ്രമങ്ങളാണ് ഇതെല്ലാമെന്നും റാസ പറയുന്നു. ജനുവരി നാലിനും ഏഴിനും ഇടയില്‍ ഇടതുചിന്താഗതിക്കാരായ നാലു ബ്ലോഗര്‍മാര്‍ അപ്രത്യക്ഷരായിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ ആകെ ഭീതിപരത്തിയിരിക്കുകയാണ്. രാജ്യത്തെ മാധ്യമപ്രവര്‍ത്തനം  ഭീഷണി നേരിടുകയാണെന്ന അഭിപ്രായമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ പങ്കുവയ്ക്കുന്നത്. ഈ തിരോധാനങ്ങള്‍ക്കു പിന്നില്‍ പാകിസ്ഥാന്‍ ഗവണ്‍മെന്റിന് പങ്കുണ്ടോയെന്നാണ് മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് സംശയം പ്രകടിപ്പിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഈ ആരോപണം നിഷേധിച്ചു. അപ്രത്യക്ഷരായ ആളുകളെ ഉടന്‍ കത്തുമെന്ന് പാകിസ്ഥാന്‍ ആഭ്യന്തരമന്ത്രി ചൗധരി നിസാര്‍ അലി പറഞ്ഞു.

താലിബാന്‍ ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘടനകളാണ് ഇവരെ തട്ടിക്കൊണ്ടു പോയതെന്ന് മാധ്യമ പ്രവര്‍ത്തകരും സന്നദ്ധ പ്രവര്‍ത്തകരും ഒരുപോലെ പറയുന്നു. ഐക്യരാഷ്ട്ര സഭയും ആംനെസ്റ്റി ഇന്റര്‍നാഷണലും ഇവരുടെ കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചു. ഒരു ഗവണ്‍മെന്റും അവരുടെ പൗരന്മാരുടെ അവകാശങ്ങള്‍ക്കു മേല്‍ കടന്നുകയറാന്‍ പാടില്ലെന്ന് യുഎന്‍ പ്രതിനിധി ഡേവിഡ് കയെ പറഞ്ഞു. പൗരന്മാരുടെ ജീവിതവും സുരക്ഷിതത്വവും ഉറപ്പുവരുത്തേണ്ടത് ഗവണ്‍മെന്റിന്റെ കടമയാണ്.അഭിപ്രായ സ്വാതന്ത്ര്യത്തിനു മേല്‍ നടക്കുന്ന എല്ലാവിധ കടന്നുകയറ്റങ്ങളും തടയപ്പെടേണ്ടതുമാണ്. മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏറ്റവുമധികം ഭീഷണിയുള്ള രാജ്യങ്ങളിലൊന്നാണ് പാകിസ്ഥാന്‍. മാധ്യമപ്രവര്‍ത്തകരെ തട്ടിക്കൊണ്ടു പോകുന്നതും മര്‍ദ്ദിക്കുന്നതും കൊല്ലുന്നതും ഇവിടെ പതിവു സംഭവമാണ്.

2014 ഏപ്രിലില്‍ രാജ്യത്തെ പ്രമുഖ ടി.വി അവതാരകനായ ഹമീദ് മിറിനു നേരെ വധശ്രമമുണ്ടായി. അജ്ഞാതനായ തോക്കുധാരിയുടെ ശ്രമം പക്ഷെ പരാജയപ്പെട്ടു.ഇദ്ദേഹം ജോലി ചെയ്ത ചാനലിന്റെ മുതലാളിയും ഇദ്ദേഹത്തിന്റെ കുടുംബവും ആക്രമണത്തിനു പിന്നാലെ ഗുരുതരമായ ആരോപണമാണുന്നയിച്ചത്. ആക്രമണത്തിനു പിന്നില്‍ പാകിസ്ഥാനിലെ ഒരു പ്രമുഖ ഇന്റലിജന്‍സ് ഏജന്‍സിയുടെ തലവനാണെന്നായിരുന്നു ഇവരുടെ ആരോപണം. കാര്യങ്ങള്‍ ഇങ്ങനെ പോവുകയാണെങ്കില്‍ പാകിസ്ഥാനില്‍  മനുഷ്യാവകാശം എന്നു പറയാന്‍ പോലും പറ്റില്ലാത്ത സ്ഥിതിയാണുണ്ടാവുക.

Related posts