കൊച്ചി: മമ്മൂട്ടി – മോഹന്‍ലാല്‍ ചിത്രം പേട്രിയറ്റ് പ്രദര്‍ശിപ്പിക്കില്ലെന്ന് ഫിലിം എക്സിബിറ്റേഴ്സ് സംഘടനയായ ഫിയോക്. സിനിമയുടെ നിര്‍മാതാക്കള്‍ തിയറ്റര്‍ വിഹിതം കൂട്ടിച്ചോദിച്ചതിനെ തുടര്‍ന്നാണ് സിനിമ പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്ന നിലപാടില്‍ തിയറ്റര്‍ ഉടമകള്‍ എത്തിയത്. സിനിമയുടെ കരാറില്‍ തിയറ്ററുകള്‍ ഒപ്പുവയ്ക്കരുതെന്ന് അംഗങ്ങളെ അറിയിച്ചിട്ടുണ്ടെന്ന് ഫിയോക് ഭാരവാഹികള്‍ അറിയിച്ചു. അടുത്തമാസം 23നാണ് സിനിമയുടെ റിലീസ്.
ആദ്യ ആഴ്ചയില്‍ 60 ശതമാനം, രണ്ടാം ആഴ്ചയില്‍ 55 ശതമാനം, മൂന്നാം ആഴ്ചയില്‍ 50 ശതമാനം എന്നിങ്ങനെയാണ് നിലവില്‍ തിയറ്ററുകള്‍ നിര്‍മാതാക്കള്‍ക്ക് നല്കുന്ന വിഹിതം. എന്നാല്‍ ആദ്യത്തെ രണ്ടാഴ്ചയും 60 ശതമാനം തന്നെ തിയറ്റര്‍ വിഹിതം വേണമെന്നാണ് പേട്രിയറ്റ് നിര്‍മാതാക്കള്‍ ആവശ്യപ്പെടുന്നത്. ആദ്യ രണ്ടാഴ്ചയിലും 60 ശതമാനം എന്ന കണക്കില്‍ സിനിമ ഓടിക്കാനാവില്ലെന്നും, അത് തിയറ്ററുകള്‍ക്ക് വന്‍ നഷ്ടമുണ്ടാകുമെന്നും ഫിയോക് ഭാരവാഹികള്‍ പറഞ്ഞു.
