അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് ! ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം അവഗണിച്ച് കറങ്ങി നടന്നു ! ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതിന്റെ വാശിയില്‍ നഴ്‌സിന്റെ വീട്ടുവളപ്പിലെ മരങ്ങള്‍ വെട്ടിനിരത്തി

കോവിഡ് നിരീക്ഷണത്തിലുള്ള സമീപവാസികള്‍ ക്വാറന്റൈന്‍ ലംഘിച്ച് കറങ്ങി നടന്ന വിവരം അധികൃതരെ അറിയിച്ച ആരോഗ്യവകുപ്പ് ജീവനക്കാരിയ്ക്കു നേരെ ആക്രമണം.

ചേര്‍ത്തല താലുക്ക് ആശുപത്രി ഹെഡ് നഴ്‌സ് നഗരസഭ പത്താം വാര്‍ഡില്‍ അനുഗ്രഹയില്‍ എസ്.ഒ. ശ്രീജയുടെ വീട്ടുവളപ്പിലാണ് കഴിഞ്ഞ ദിവസം അക്രമം നടന്നത്.

വീട്ടുവളപ്പിലെ വൃക്ഷങ്ങള്‍ ഉള്‍പ്പെടെ നശിപ്പിച്ചു. ഇതേതുടര്‍ന്ന് ശ്രീജ ചേര്‍ത്തല പോലീസിലും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കി.

മംഗലാപുരത്ത് പഠിക്കുന്ന മകളുമായി സമീപവാസി മാര്‍ച്ച് 15 നാണ് എത്തിയത്. എന്നാല്‍ ഇവര്‍ വിവരം ആരോഗ്യവകുപ്പിനെ അറിയിക്കാതെ കുടുംബസമേതം പുറത്ത് പതിവായി കറങ്ങി നടക്കുകയായിരുന്നു.

ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ മാര്‍ച്ച് 19ന് ഇവരോട് ആരോഗ്യ വകുപ്പ് നിര്‍ബന്ധമായും ക്വാറന്റൈനിലാകണമെന്ന് നിര്‍ദേശിച്ചെങ്കിലും ഇവര്‍ ഇതവഗണിച്ച് കറക്കം തുടരുകയായിരുന്നു.

ഇവര്‍ ക്വാറന്റൈന്‍ ലംഘിച്ച വിവരം ശ്രീജ ആരോഗ്യവകുപ്പിനെ അറിയിച്ചു. ഇതിന്റെ പ്രതികാരമായാണ് ഇപ്പോള്‍ ആക്രമണം നടത്തിയതെന്ന് പരാതിയില്‍ പറയുന്നു.

Related posts

Leave a Comment