തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറിക്കേസിൽ മുൻ മന്ത്രി ആന്റണി രാജുവിന് വീണ്ടും തിരിച്ചടി. ശിക്ഷ റദ്ദാക്കമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജു സമർപ്പിച്ച ഹർജി കോടതി തള്ളി. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ഹർജി തള്ളിയത്.
നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധിയും ശിക്ഷാവിധിയും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് തിരുവനന്തപുരം സെഷൻസ് കോടതി ഇന്ന് വിധി പറഞ്ഞത്.
ശിക്ഷാവിധിയെത്തുടർന്ന് ആന്റി രാജുവിന് എംഎൽഎ സ്ഥാനം നഷ്ടമായിരുന്നു. ലഹരിക്കേസിലെ പ്രതിയായ വിദേശിയെ രക്ഷിക്കാനായി തൊണ്ടിമുതലായ അടിവസ്ത്രം മുറിച്ചും മാറ്റം വരുത്തിയും തെളിവ് നശിപ്പിച്ചു എന്നതാണ് ആന്റണി രാജുവിനെതിരെയുള്ള കേസ്.
മജിസ്ട്രേറ്റ് കോടതി ആന്റിണി രാജു കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും മൂന്നു വർഷം തടവിന് ശിക്ഷിക്കുകയും ചെയ്തു. കുറ്റപത്രം നൽകി 19 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിധി പറഞ്ഞത്. ജനപ്രാതിനിധ്യ നിയമപ്രകാരം രണ്ട് വർഷത്തിന് മുകളിൽ ശിക്ഷിക്കപ്പെട്ടതോടെ നിയമസഭയിൽ നിന്നും ആന്റണി രാജു അയോഗ്യനായി.
കേസ് രജിസ്റ്റർ ചെയ്തത് മുതൽ നിയമപരമായി നിലനിൽക്കില്ലെന്നാണ് ആന്റണി രാജുവിന്റെ വാദം. എന്നാൽ ഈ വാദത്തെ പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി എതിർത്തിരുന്നു.
