മുഖ്യമന്ത്രി പണി തുടങ്ങി! ആറുമാസത്തെ ഇടപെടലുകള്‍ എന്തൊക്കെ? മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ചിലര്‍ ഇന്റലിജന്‍സ് നിരീക്ഷണത്തില്‍

എം.ജെ ശ്രീജിത്ത്
Pinarayi
തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ചിലര്‍ ഇന്റലിജന്‍സ് നിരീക്ഷണത്തില്‍. ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍, ബന്ധങ്ങള്‍, ഫോണ്‍വിളികള്‍ അടക്കമുള്ളവ വിശദമായി നിരീക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ രഹസ്യ നിര്‍ദ്ദേശം ലഭിച്ച സാഹചര്യത്തിലാണ് ഇന്റലിജന്‍സ് പരിശോധന ആരംഭിച്ചത്. ഈ മാസം 26ന്  മുഖ്യമന്ത്രി പിണറായി വിജയന്‍ പേഴ്‌സണല്‍ സ്റ്റാഫിന്റെ യോഗം തൈക്കാട് ഗസ്റ്റ് ഹൗസില്‍ വിളിച്ചിരിക്കുകയാണ്. ഇതിനു മുന്നോടിയായാണ് നിരീക്ഷണം.

മന്ത്രിമാരുടെ മുഴുവന്‍ പേഴ്‌സണല്‍ സ്റ്റാഫിന്റെയും കഴിഞ്ഞ ആറുമാസത്തെ ഇടപെടലുകള്‍ അടങ്ങിയ വിശദമായ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം. ഈ റിപ്പോര്‍ട്ട് കൂടി പരിശോധിച്ചായിരിക്കും മുഖ്യമന്ത്രിയുടെ അടുത്ത നീക്കങ്ങള്‍. സഹകരണ-ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേഴ്‌സണല്‍ സ്റ്റാഫിനെതിരേ അഴിമതി അരോപണം ഉണ്ടായ സാഹചര്യത്തില്‍ കൂടിയാണ് മുഖ്യമന്ത്രി പേഴ്‌സണല്‍ സ്റ്റാഫിന്റെ യോഗം വിളിച്ചത്. മുഖ്യന്ത്രിക്കും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചില പേഴ്‌സണല്‍ സ്റ്റാഫിന്റെ ഇടപെടലുകളും ബന്ധങ്ങളും സംബന്ധിച്ച് പരാതികള്‍ ലഭിച്ചിരുന്നു. ഇതില്‍ ചിലതു പരിശോധിച്ചപ്പോള്‍ കഴമ്പുള്ളതായി കണ്ടത്തിയതിനെത്തുടര്‍ന്നാണ് മുഴുവന്‍ പേഴ്‌സണല്‍ സ്റ്റാഫിന്റേയും ഇടപാടുകള്‍ പരിശോധിക്കാന്‍ രഹസ്യന്വേഷണ വിഭാഗത്തിന് നിര്‍ദേശം നല്‍കിയത്.

പാര്‍ട്ടിയോ മന്ത്രിമാരോ അറിയാതെ പേഴ്‌സണല്‍ സ്റ്റാഫുകള്‍ വഴി   ഇടനിലക്കാര്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് കാര്യങ്ങള്‍ നേടിയെടുക്കുന്നുവെന്ന പരാതിയും ലഭിച്ചവയിലുണ്ട്. ചില ഘടകകക്ഷി മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിലെ അംഗങ്ങളുടെ കഴിഞ്ഞ ആറുമാസത്തെ സാമ്പത്തിക വളര്‍ച്ച വിശദ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണെന്ന റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് ലഭിച്ചിട്ടുണ്ടെന്ന് അറിയുന്നു.  അഴിമതി ആരും നടത്തിയാലും മുഖം നോക്കാതെ നടപടി ഉണ്ടാകുമെന്ന ശക്തമായ സന്ദേശം തന്നെ 26-ലെ യോഗത്തില്‍ മുഖ്യമന്ത്രി നല്‍കും.

ചില വകുപ്പുകളുടെ പ്രവര്‍ത്തനത്തിന് വേഗം പോരെന്നും ഇഴഞ്ഞു നീങ്ങുന്ന ഭരണത്തിന്  കാര്യപ്രാപ്തിയില്ലാത്ത പേഴ്‌സണല്‍ സ്റ്റാഫാണെന്ന പരാതികളും സി.പിമ്മിനുള്ളില്‍ നിന്നും ഇതിനകം ഉയര്‍ന്നിട്ടുണ്ട്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വേഗം കൂട്ടുന്നതോടൊപ്പം അഴിമതി രഹിത ഭരണമാണ് മുഖ്യമന്ത്രി ലക്ഷ്യമിടുന്നത്. ഇതു കൂടാതെ എല്ലാ വകുപ്പുകളിലും തന്റെ ശ്രദ്ധയും നിയന്ത്രണവും ഉണ്ടെന്ന വ്യക്തമായ സൂചന നല്‍കാനും കൂടിയാണ് 26-ലെ യോഗം. യോഗത്തിനു ശേഷം ചില മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകളുടെ കസേര തെറിക്കുമെന്ന സൂചനകളും ലഭിക്കുന്നുണ്ട്.

അഴിമതിയുടെ പേരിലാണ് പുറത്താക്കിയതെന്ന വിവരം പുറത്തായാല്‍ പ്രതിപക്ഷം അതു സര്‍ക്കാരിനെതിരെ ആയുധമാക്കാനുള്ള സാഹചര്യം മുന്‍കൂട്ടി കണ്ട് ഒഴിവാക്കേണ്ടി വന്നാല്‍ മോശം പ്രകടത്തിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്ന ഔദ്യോഗിക വിശദീകരണമായിരിക്കും ഉണ്ടാകുക. ഇക്കാര്യത്തില്‍ വ്യക്തമായ തീരുമാനങ്ങള്‍ മുഖ്യമന്ത്രി പാര്‍ട്ടിയുമായി ആലോചിച്ച് എടുത്തു കഴിഞ്ഞു. വിദേശത്തുള്ള മുഖ്യമന്ത്രി തിരികെ വന്നയുടന്‍ യോഗത്തില്‍ സ്വീകരിക്കേണ്ട നിര്‍ദേശങ്ങള്‍ തയാറാക്കും.

Related posts