ഒരു രൂപയ്ക്ക് സാനിറ്ററി പാഡുകള്‍ നല്‍കും ! എല്ലാവര്‍ക്കും ആരോഗ്യ തിരിച്ചറിയല്‍ നമ്പര്‍; കോവിഡ് വാക്‌സിന്‍ ഉടന്‍ യാഥാര്‍ഥ്യമാകുമെന്നും പ്രധാനമന്ത്രി…

രാജ്യത്ത് കോവിഡ് വാക്‌സിന്‍ ഉടന്‍ യാഥാര്‍ഥ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് മൂന്ന് വാക്സിനുകള്‍ പരീക്ഷണത്തിന്റെ നിര്‍ണായക ഘട്ടത്തിലാണെന്നും എല്ലാവര്‍ക്കും വാക്സിന്‍ ലഭ്യമാക്കാന്‍ പദ്ധതി തയാറാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം രാജ്യത്ത് ആരോഗ്യരംഗം ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി എല്ലാവര്‍ക്കും ആരോഗ്യ തിരിച്ചറിയല്‍ നമ്പര്‍ നല്‍കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പൂര്‍ണമായും സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സംരംഭ, ആരോഗ്യമേഖലയില്‍ വിപ്ലവം സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു.

ഓരോ ഇന്ത്യക്കാരനും അവരുടെ മെഡിക്കല്‍ അവസ്ഥകളെക്കുറിച്ചുള്ള പ്രസക്തമായ എല്ലാ വിവരങ്ങളും അടങ്ങുന്ന ഒരു ഐഡി കാര്‍ഡ് ലഭിക്കുമെന്നും മോഡി പറഞ്ഞു.

രാജ്യത്തെ അഞ്ചുകോടി സ്ത്രീകള്‍ക്ക് ഒരു രൂപ നിരക്കില്‍ സാനിറ്ററി പാഡുകള്‍ നല്‍കുമെന്ന പ്രഖ്യാപനവും പ്രധാനമന്ത്രി നടത്തി.

‘നമ്മുടെ സഹോദരിമാരുടെയും പെണ്‍മക്കളുടെയും ആരോഗ്യത്തെക്കുറിച്ച് ഈ സര്‍ക്കാര്‍ ഏറെ ഉത്കണ്ഠപ്പെടുന്നുണ്ട്. 6000 ജന്‍ ഔഷധി കേന്ദ്രങ്ങളിലൂടെ അഞ്ചു കോടി സ്ത്രീകള്‍ക്ക് ഒരു രൂപയ്ക്കു സാനിറ്ററി പാഡുകള്‍ ലഭ്യമാക്കി. അവരുടെ വിവാഹത്തിനു പണം ലഭ്യമാക്കാനായി സമിതികള്‍ രൂപീകരിക്കുകയും ചെയ്തു’.  പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിയുടെ ഈ പ്രഖ്യാപനത്തെ ഇതിനോടകം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു നിരവധി സ്ത്രീകളാണ് മോദിയുടെ പ്രഖ്യാപനത്തെ വാഴ്ത്തി രംഗത്തു വന്നത്. ആര്‍ത്തവത്തെക്കുറിച്ച് നിലനില്‍ക്കുന്ന ഭ്രഷ്ടുകള്‍ തകര്‍ത്തെറിയുകയാണ് പ്രധാനമന്ത്രി ചെയ്തതെന്ന് പലരും കുറിച്ചു.

 

 

 

Related posts

Leave a Comment