ഇടുക്കി: പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ 26കാരന് 34 വര്‍ഷം തടവും 2.70 ലക്ഷം രൂപ പിഴയും വിധിച്ചു. ഇടുക്കി അതിവേഗ പോക്സോ കോടതി ജഡ്ജി ഡി.എസ്. നോബല്‍ ആണ് ഏലപ്പാറ ഹെലിബറിയ സ്വദേശിയായ യുവാവിനെ ശിക്ഷിച്ചത്.
2024-ലാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ അയല്‍വാസിയായ പ്രതിക്ക് കുട്ടിയുടെ വീട്ടുകാരുമായി നല്ല അടുപ്പമുണ്ടായിരുന്നു. സ്കൂള്‍വിട്ടെത്തിയ കുട്ടിയെ വീട്ടില്‍ മാറ്റാരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം പ്രതി ദുരുപയോഗം ചെയ്യു കയായിരുന്നു.
16 സാക്ഷികളെയും 23 പ്രമാണങ്ങളും പ്രോസിക്യൂഷന് കോടതിയില്‍ ഹാജരാക്കി. പിഴ ഒടുക്കുന്നത് പെണ്‍കുട്ടിക്കു നല്‍കണമെന്നും അല്ലാത്തപക്ഷം 11 മാസം അധിക തടവ് അനുഭവിക്കണമെന്നും കോടതി പറഞ്ഞു.
കൂടാതെ കുട്ടിക്ക് മതിയായ നഷ്ടപരിഹാരം നല്കാന് ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റിയോടും കോടതി ശിപാര്‍ശ ചെയ്തു.പീരുമേട് പോലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന പുഷ്പകുമാര്‍ അന്വേഷിച്ച് കുറ്റപത്രം നല്കിയ കേസില്‍ പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഷിജോമോന്‍ ജോസഫ് കണ്ടത്തിന്‍കരയില്‍ ഹാജരായി.
