വീടിന്റെ ഭിത്തിയില്‍ കറുത്ത സ്റ്റിക്കറുകള്‍! വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ നിരീക്ഷണത്തില്‍; സോഷ്യല്‍മീഡിയകളിലൂടെ പ്രചരിക്കുന്ന സന്ദേശങ്ങളെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ

വാട്ട്‌സ്ആപ്പും മറ്റ് സോഷ്യല്‍മീഡിയകളും വഴി പലപ്പോഴും പലതരത്തിലുള്ള വ്യാജവാര്‍ത്തകളും പ്രചരിക്കാറുണ്ട്. ഉന്നത വിദ്യാഭ്യാസമുള്ളവര്‍ പോലും പലപ്പോഴും ഇത്തരം വാര്‍ത്തകള്‍ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യാറുമുണ്ട്. അക്കൂട്ടത്തില്‍ ഏറ്റവും പുതിയതാണ്, വീടുകളുടെ ഭിത്തിയില്‍ കറുത്ത സ്റ്റിക്കറുകള്‍ കണ്ടതിനെപ്പറ്റി ഭീതി പടര്‍ത്തുന്ന തരത്തിലുള്ള സന്ദേശങ്ങള്‍.

എന്നാല്‍ ഇത്തരം സന്ദേശങ്ങള്‍ കൈമാറുന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ പോലീസിന്റെയും സൈബര്‍ സെല്ലിന്റെയും നീരിക്ഷണത്തിലാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയിലെ ആയിരത്തിലധികം വാട്ട്സ്ആപ്പ് ഗ്രൂപ്പുകളും ലക്ഷത്തിലധികം സന്ദേശങ്ങളും പരിശോധിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. നട്ടാശ്ശേരി പുത്തേട്ട് ഭാഗത്തു വീടിന്റെ ഭിത്തിയിലാണു കറുത്ത സ്റ്റിക്കര്‍ ആദ്യമായി കാണുന്നത്. തുടര്‍ന്നു ജില്ലയിലെ അറുനൂറിലേറെ വീടുകളില്‍ നിന്ന് ഇത്തരത്തില്‍ സ്റ്റിക്കര്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളും ചിത്രങ്ങളും വന്നു.

ഒന്നര വര്‍ഷം മുമ്പ് ജില്ലയില്‍ ബ്ലാക്ക് മാന്‍ എന്ന രീതിയില്‍ വാട്ട്സ് ആപ്പ് വഴി പ്രചരണം നടത്തിയിരുന്നു. ഇതേ രീതി തന്നെയാണ് ഇപ്പോഴത്തെ സ്റ്റിക്കറിന്റെ പ്രചരണത്തിനു പിന്നിലെന്നും പോലീസ് സംശയിക്കുന്നു. ഇത്തരം സന്ദേശങ്ങള്‍ ലഭിച്ചാല്‍ പോലീസിന്റെ ശ്രദ്ധയില്‍ പെടുത്തണം എന്നും പോലീസ് അറിയിച്ചു. സ്റ്റിക്കര്‍ കണ്ടെത്തിയതായി വാര്‍ത്ത പ്രചരിപ്പിച്ച ശേഷം ആരെങ്കിലും ഇതു മനപ്പൂര്‍വം ഒട്ടിച്ചുവയ്ക്കാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല.

 

 

Related posts