തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് കഴിഞ്ഞ തവണ മത്സരിച്ച 10 സീറ്റുകളിൽ നാലെണ്ണം തിരിച്ചുപിടിക്കാൻ കോൺഗ്രസ് നീക്കം. എന്നാൽ 10 സീറ്റുകളിൽ തന്നെ മത്സരിക്കണമെന്ന ഉറച്ച നിലപാടിലാണ് കേരള കോൺഗ്രസ്.
ഇടുക്കി, കുട്ടനാട്, ഏറ്റുമാനൂർ, കോതമംഗലം എന്നീ സീറ്റുകളാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. ഈ മണ്ഡലങ്ങളിൽ കോൺഗ്രസ് സ്ഥാനാർഥികൾക്കാണ് കൂടുതൽ വിജയസാധ്യതയെന്ന് പാർട്ടി അവകാശപ്പെടുന്നു.
നിയമസഭാ നടപടികൾക്ക് ശേഷം ഇന്ന് ഉഭയകക്ഷി ചർച്ചകൾ നടക്കും. സീറ്റുകൾ വെച്ചുമാറാൻ ലീഗ് അടക്കമുള്ള ഘടകകക്ഷികൾ തയാറാണെങ്കിലും പകരം ഏത് സീറ്റ് എന്ന കാര്യത്തിൽ അന്തിമ ധാരണയായിട്ടില്ല. ഏറ്റുമാനൂർ സീറ്റ് കോൺഗ്രസിന് നൽകണമെങ്കിൽ പകരം പൂഞ്ഞാർ സീറ്റ് നൽകണമെന്ന നിർദേശം കേരള കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്നുണ്ട്.
കോട്ടയത്ത് പാർട്ടി ചെയർമാൻ പി.ജെ. ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതാധികാര സമിതി യോഗത്തിൽ സീറ്റുകളുടെ കാര്യത്തിൽ വിട്ടുവീഴ്ച വേണ്ടെന്ന് തീരുമാനിച്ചിരുന്നു. കഴിഞ്ഞ തവണ മത്സരിച്ച 10 സീറ്റുകളും ഇത്തവണയും വേണമെന്നാണ് പാർട്ടിയുടെ ആവശ്യം.
