പി.എസ്.സി പരീക്ഷകള്‍ ജൂണ്‍ മുതല്‍ നടത്തും ! എല്‍ഡിസി, ലാസ്റ്റ് ഗ്രേസ് പരീക്ഷകള്‍ നവംബറിനു മുമ്പ്; പിഎസ് സിയുടെ പുതിയ തീരുമാനം ഇങ്ങനെ…

കോവിഡിനെത്തുടര്‍ന്ന് മാറ്റിവച്ച പിഎസ് സി പരീക്ഷകള്‍ ജൂണ്‍ മുതല്‍ നടത്താനുള്ള നടപടികള്‍ക്ക് തുടക്കമായി. എന്നാല്‍ പൊതു ഗതാഗതം പുനഃസ്ഥാപിക്കുന്നതിന്റെ മുറയ്ക്കായിരിക്കും പരീക്ഷകള്‍ നടത്തുക.

അപേക്ഷകര്‍ കുറവുള്ളവയ്ക്കും മാറ്റിവെച്ചവയ്ക്കുമായിരിക്കും മുന്‍ഗണന നല്‍കുക.

കോവിഡ് രോഗബാധയെ പ്രതിരോധിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്ന കര്‍ശന വ്യവസ്ഥകളോടെയായിരിക്കും പരീക്ഷകള്‍ നടത്തുക.

ചെറിയ പരീക്ഷകള്‍ സ്വന്തം പരീക്ഷാ കേന്ദ്രങ്ങളില്‍ വച്ച് ഓണ്‍ലൈനില്‍ നടത്താനാണ് പി.എസ്.സി.യുടെ തീരുമാനം. അപേക്ഷകര്‍ കൂടുതലുള്ള ഒ.എം.ആര്‍. പരീക്ഷകള്‍ ഓഗസ്റ്റില്‍ തുടങ്ങാനാണ് ആലോചന.

62 തസ്തികകളിലായി 26 പരീക്ഷകളാണ് മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളില്‍ നടത്താന്‍ പി.എസ്.സി. നിശ്ചയിച്ചിരുന്നത്. ഈ പരീക്ഷകള്‍ക്കുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തീകരിച്ചിരുന്നു.

പരീക്ഷ എഴുതുമെന്ന ഉറപ്പ് അപേക്ഷകരില്‍നിന്ന് വാങ്ങുകയും ചോദ്യക്കടലാസുകള്‍ തയ്യാറാക്കുകയും ചെയ്തിരുന്നു. ഇവ കൂടുതല്‍ സമയം സൂക്ഷിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ട്.

പരീക്ഷയെഴുതുമെന്ന ഉറപ്പ് നല്‍കാന്‍ അപേക്ഷകര്‍ക്ക് ഇനിയും അവസരം നല്‍കേണ്ടെന്ന് പി.എസ്.സി. യോഗം തീരുമാനിച്ചിട്ടുണ്ട്. ലാസ്റ്റ്‌ഗ്രേഡിന് 14 ജില്ലകളിലായി 6.90 ലക്ഷം അപേക്ഷകരാണുള്ളത്. ഇത് സെപ്റ്റംബറില്‍ തുടങ്ങാനാണ് മുന്‍പ് തീരുമാനിച്ചിരുന്നത്.

എന്നാല്‍ ഒക്ടോബറിലോ നവംബറിലോ നടത്താനാണ് സാധ്യത. ലാസ്റ്റ്‌ഗ്രേഡിന്റെ നിലവിലെ റാങ്ക് പട്ടികയ്ക്ക് 2021 ജൂണ്‍ 29 വരെ കാലാവധിയുണ്ട്. എല്‍.പി., യു.പി അധ്യാപക പരീക്ഷകളും ഈ വര്‍ഷം നടത്തേണ്ടതുണ്ട്.

Related posts

Leave a Comment