തിരുവനന്തപുരം: അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. ഈ വർഷം മുതൽ ശബരിമലയിൽ പൂർണമായും ഡിജിറ്റലൈസേഷൻ നടപ്പാക്കുമെന്നും ജയകുമാർ.
സന്നിധാനത്തെ 690 മുറികളിൽ മുൻപ് 190 എണ്ണം മാത്രമാണ് ഓൺലൈൻ വഴി നൽകിയിരുന്നതെങ്കിൽ, ഇനി മുതൽ വിശദമായ കണക്കെടുപ്പിന് ശേഷം 550 മുറികൾ തീർഥാടകർക്കായി ഓൺലൈൻ വഴി ലഭ്യമാക്കും. എല്ലാ മുറികൾക്കും ഓൺലൈൻ ബുക്കിംഗ് നിർബന്ധമാക്കും.
ഇതിനായി ഡെപ്പോസിറ്റ് തുക ഒഴിവാക്കിയതായും മുറിവാടക മുൻകൂറായി നൽകി 50 രൂപ സർവീസ് ചാർജ് ഈടാക്കി ബുക്ക് ചെയ്യാമെന്നും അദ്ദേഹം അറിയിച്ചു. നിലവിൽ ഹൗസ് കീപ്പിംഗ് സംവിധാനമില്ലാത്തതിനാൽ ഈ സീസൺ മുതൽ അത് ഔട്ട്സോഴ്സ് ചെയ്യും.
കൂടാതെ ശബരി ഗസ്റ്റ് ഹൗസിൽ നിലവിലുള്ള 56 മുറികൾക്ക് പുറമെ ഹൈപ്പവർ കമ്മിറ്റിയുടെയും ഹൈക്കോടതിയുടെയും അനുമതിയോടെ 60 മുറികൾ കൂടി പുതുതായി നിർമ്മിക്കും. നവംബർ ഒന്ന്
മുതൽ 90 ദിവസത്തേക്ക് ദേവസ്വം ബോർഡ് ആസ്ഥാനത്ത് എഐ ക്യാമറകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെ കൺട്രോൾ റൂം പ്രവർത്തിക്കുമെന്നും ദേവസ്വം പ്രസിഡന്റ് വ്യക്തമാക്കി.
