ബംഗളൂരു: ബംഗളൂരുവിൽ ഹോം സ്റ്റേയിൽ യുവതി മരിച്ചനിലയിൽ. ബംഗളൂരു ബെനശങ്കരി സ്വദേശിനി സായി സുരഭിയാണ് (25) മരിച്ചത്. ഇവരുടെ ആൺസുഹൃത്തായ മലയാളി യുവാവിനെ അബോധാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോഴിക്കോട് സ്വദേശിയായ പി.പി. സഞ്ജീത് അലിയാണ് (28) ചികിത്സയിലുള്ളത്. ഇയാൾ അമിതമായി ഗുളികകഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചതാണെന്ന് പോലീസ് അറിയിച്ചു. കഴുത്തിൽ കുരുക്കോടെയാണ് സുരഭിയുടെ മൃതദേഹം കണ്ടെത്തിയത്.
മകളെ കൊലപ്പെടുത്തിയതാണെന്ന് കാണിച്ച് സഞ്ജീത് അലിയുടെ പേരിൽ സുരഭിയുടെ അമ്മ നന്ദിഗിരിധാമ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പോലീസ് കൊലപാതക കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.
ശനിയാഴ്ച അലിയാണ് ഹോം സ്റ്റേയിൽ മുറിയെടുത്തത്. സുരഭി എപ്പോഴാണ് വന്നതെന്ന് അറിയില്ലെന്ന് ഹോം സ്റ്റേ ജീവനക്കാർ പറഞ്ഞു. തിങ്കളാഴ്ച മുറി ഒഴിയാതെ വന്നതോടെ ജീവനക്കാർ പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. നന്ദി ഹിൽസിലെ മുദ്ദേനഹള്ളിയിലുള്ള ആശുപത്രിയിൽ ഫിസിയോ തെറാപ്പിസ്റ്റാണ് സുരഭി. ബംഗളൂരുവിൽ കാർ ഡ്രൈവറായി ജോലിനോക്കുകയായിരുന്നു സഞ്ജീത്.
ദീർഘനാളായി ഇവർ പ്രണയത്തിലായിരുന്നെന്നും, ബന്ധത്തിന് വീട്ടുകാർ എതിർത്തിരുന്നതായും പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. മുമ്പും യുവതി ഈ യുവാവിനൊപ്പം വീടുവിട്ടിറങ്ങിയിരുന്നു.
