സുപ്രീംകോടതിയുടെ വിധിയില്‍ ആദ്യം പൂട്ടിക്കെട്ടേണ്ടി വരുന്നത് സംസ്ഥാന പോലീസിന്റെ ന്യൂജന്‍ സംരംഭം സൈബര്‍ ഡോം; ഐജി മനോജ് എബ്രാഹാമിന്റെ പദ്ധതി സൗകാര്യതയ്ക്ക് എതിരെയുള്ള കടന്നു കയറ്റമെന്ന് വിലയിരുത്തല്‍

തിരുവനന്തപുരം: സ്വകാര്യതയുടെ സംരക്ഷണം ഉറപ്പു വരുത്തുന്ന വിധി സുപ്രീംകോടതി പുറപ്പെടുവിച്ചതോടെ വെട്ടിലാവുന്നത് രാജ്യത്തെ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റും കുറ്റാന്വേഷണ വിഭാഗങ്ങളും. സ്വകാര്യതയുടെ ലംഘനം കുറ്റകരമാവുന്നതോടെ നിയമത്തിന്റെ വ്യാപ്തി നാം വിചാരിക്കുന്നതിലും അപ്പുറമാണെന്ന ആശങ്കയാണ് നിയമവിദഗ്ദ്ധര്‍ക്കുള്ളത്. ഭരണഘടന അനുശാസിക്കുന്ന സ്വകാര്യത നിര്‍വ്വചിക്കുന്നതിലാണ് വ്യക്തത ഉണ്ടാവേണ്ടത്. ദൈനംദിന ഇടപെടല്‍ മുതല്‍ കുറ്റാന്വേഷണം നടത്തുന്ന പൊലീസ് സംവിധാനത്തിനും തിരിച്ചടിയാവുമെന്ന നിഗമനമാണ് ഇപ്പോഴുള്ളത്. അങ്ങിനെയെങ്കില്‍ ഗുണത്തേക്കാള്‍ ഏറെ ഈ സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്താനും സാദ്ധ്യത ഏറെയാണ്. ഇന്നലെ വരെ സ്വാതന്ത്ര്യം ഉണ്ടായിരുന്ന പല നടപടികള്‍ക്കും ഇനി ഈ നിയമം തടസ്സമായേക്കും. വിവരസാങ്കേതികവിദ്യയും സാമൂഹ്യമാധ്യമങ്ങളും വളരെ ശക്തമായ ഇക്കാലത്ത് സ്വകാര്യത എത്രമാത്രം നിയമത്തിന്റ പരിധിക്കുള്ളില്‍ ഒതുക്കാനാവും എന്നതും സംശയകരമാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

സ്വകാര്യതയുടെ നിര്‍വ്വചനത്തിലും അതിന്റെ പ്രായോഗികതയിലുമുണ്ടായ മാറ്റം ഏറെ തിരിച്ചടിയാവുന്നത് ആഭ്യന്തരവകുപ്പിന് തന്നെയാണ്. കേസുകളുടെ അന്വേഷണത്തിലും തെളിവു ശേഖരണത്തിലും സ്വകാര്യതാ നിയമം ദുര്‍ഘടമാകും. പൊലീസ് കേസ് അന്വേഷണത്തിന് അവലംബിക്കുന്ന മാര്‍ഗ്ഗങ്ങള്‍ ഇപ്പോള്‍ തന്നെ വിമര്‍ശനം നേരിടുമ്പോഴാണ് സുപ്രീംകോടതിയുടെ വിധി എത്തുന്നത്. കേസന്വേഷണത്തെ സഹായിക്കുകയല്ല മറിച്ച് , പ്രതികള്‍ക്ക് സഹായവും പൊലീസിനെ നേരിടാനുള്ള ആയുധവും എത്തിക്കുകയാണ് ഇത് എന്നാണ് പൊലീസ് ഉദ്യോഗസ്ഥരില്‍ തന്നെ അഭിപ്രായമുയരുന്നത്.

സൈബര്‍ കുറ്റകൃത്യങ്ങള്‍ ക്രമാതീതമായതോടെ ഇതിന് തടയിടാനെന്ന പേരില്‍ രൂപീകരിച്ച സൈബര്‍ ഡോമിന്റെ നിലനില്‍പ്പുതന്നെ ഈ വിധി ഇല്ലാതാക്കും. സംസ്ഥാന പൊലീസിന്റെ പുത്തന്‍ സംരംഭമെന്ന വിശേഷണത്തോടെ പ്രവര്‍ത്തിക്കുന്ന സൈബര്‍ ഡോമിന്റെ പ്രവര്‍ത്തന ലക്ഷ്യങ്ങള്‍ നേരത്തെ തന്നെ സംശയമുയര്‍ത്തിയിരുന്നു. ഇന്റര്‍നെറ്റ് നിരീക്ഷണം പൊതുവെയും നവമാധ്യമങ്ങളിലെ സാമൂഹിക ഇടപെടലുകളുടെ നിരീക്ഷണവും പ്രത്യേകിച്ചും ലക്ഷ്യങ്ങളാണെന്ന് സൈബര്‍ ഡോം പ്രഖ്യാപിക്കുന്നുണ്ട്. സ്വകാര്യവ്യക്തികളും സ്ഥാപനങ്ങളും സൈബര്‍ ഡോമിന്റെ പ്രവര്‍ത്തനങ്ങളില്‍ പൊലീസിനോടു സഹകരിക്കുന്നുമുണ്ട്. എത്തിക്കല്‍ ഹാക്കിങ് എന്ന പേരിലുള്ള പ്രവര്‍ത്തനങ്ങളും സ്വകാര്യതയുടെ പേരിലുള്ള കടന്നു കയറ്റമായി ഇനി വിശേഷിപ്പിക്കപ്പെട്ടേക്കാം. പൊതു സ്വകാര്യ സംരഭക സഹകരണം ഈ പദ്ധതിക്കായി മുന്നോട്ട് വയ്ക്കുന്നതും ദുരൂഹമാണ് . ഐടി ആക്ടിലെ 66 എ വകുപ്പ് സുപ്രീംകോടതി റദ്ദാക്കിയതോടെ സമൂഹ മാധ്യമങ്ങളിലെ അഭിപ്രായ പ്രകടനങ്ങളില്‍ ഇടപെടുന്നതിന് പൊലീസിന് വിലക്കുകള്‍ വന്നു. ഇത് മറികടക്കാനുള്ള സാധ്യതകളാണ് സൈബര്‍ ഡോമിലൂടെ കേരളാ പൊലീസ് തേടുന്നതെന്ന ആക്ഷേപം നേരത്തേ തന്നെ നിലവിലുണ്ട്.

ഇന്ത്യന്‍ ഭരണഘടന അനുവദിക്കപ്പെട്ട മൗലികാവകാശങ്ങളില്‍ സ്വകാര്യതയും പെടുന്നതോടെ നിയമപാലനം അതി സങ്കീര്‍ണ്ണമാകും. അഭിപ്രായസ്വാതന്ത്ര്യം, ജീവിക്കാനുള്ള അവകാശം, സഞ്ചരിക്കാനുള്ള അവകാശം, തൊഴില്‍ സ്വീകരിക്കാനുള്ള അവകാശം, സ്വരക്ഷയ്ക്കുള്ള അവകാശം മുതലായവ മൗലിക അവകാശങ്ങളില്‍ ചിലതാണ്. ഇതില്‍ ഏതെങ്കിലും നിഷേധിക്കപ്പെട്ടാല്‍ ഭരണഘടന ലംഘനമാണ് തന്നെയുമല്ല ശിക്ഷാര്‍ഹവുമാണ്. ഈ മൗലിക തത്വങ്ങള്‍ ലംഘിക്കുന്ന നിയമ നിര്‍മ്മാണം അസാധുവാണ്. ഈ പശ്ചാത്തലത്തിലാണ് നേരത്തേ ഐടി ആക്ടിലെ 66 എയും കേരളാ പൊലീസ് ആക്ടിലെ 188ഡിയും സുപ്രീംകോടതി റദ്ദാക്കിയത്. ഇവിടെ സൈബര്‍ ഡോമിന് ഇത്തരം നിയമനിര്‍മ്മാണങ്ങളുടെ പരിരക്ഷയുമില്ല. മറിച്ച് എക്‌സിക്യൂട്ടീവ് ഓര്‍ഡറിലൂടെ സര്‍ക്കാര്‍ നടപ്പാക്കുന്നു. ഇത്തരം എക്‌സിക്യൂട്ടീവ് ഓര്‍ഡറുകളെല്ലാം ഏതെങ്കിലും നിയമത്തിന് വിധേയമായിരിക്കണം. എന്നാല്‍ സൈബര്‍ ഡോമെന്നത് ഏത് നിയമത്തിന്റെ കീഴിലാണ് ആഭ്യന്തര വകുപ്പ് പുറത്തിറക്കിയതെന്ന് വ്യക്തമല്ല.

 

സൈബര്‍ ഫോറന്‍സിക്, സൈബര്‍ ഇന്റലിജന്‍സ്, സൈബര്‍ സെക്യൂരിറ്റി, ഇന്‍സിഡന്‍സ് റെസ്‌പോണ്‍സ്, ഇന്റര്‍നെറ്റ് മോണിറ്ററിങ്, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേയുള്ള ഓണ്‍ലൈന്‍ അതിക്രമങ്ങള്‍ കണ്ടെത്തല്‍, വിഒഐപി/സ്‌കൈപ് കാള്‍ വിശകലനം, സൈബര്‍ ഭീകരവാദം തടയല്‍, ഡാര്‍ക്ക് നൈറ്റ് എക്‌സ്‌പ്ലോറിങ് തുടങ്ങിയ വിവിധതരം പ്രവര്‍ത്തനങ്ങള്‍ സൈബര്‍ ഡോമില്‍ നടക്കുന്നുണ്ട്. സോഷ്യല്‍ മീഡിയ വിശകലന ലാബും ഇതിന്റെ ഭാഗമായുണ്ടാവും. ഇവിടെയാണ് ചതിക്കുഴിയുള്ളത്. സോഷ്യല്‍ മീഡിയയിലെ ഏത് ചര്‍ച്ചയും ദേശ വിരുദ്ധമെന്നോ വ്യക്തി ഹത്യയാണെന്നുമെല്ലാം വിധിയെഴുതാന്‍ സൈബര്‍ ഡോമിന് കഴിയുമായിരുന്നു. ഇങ്ങനെ സൈബര്‍ ഡോം നല്‍കുന്ന പരാതികളില്‍ സൈബര്‍ പൊലീസ് കേസുമെടുക്കും. ഉടന്‍ എഫ് ഐ ആറും വരും. എന്നാല്‍ ഇനി ഉണ്ടാവുന്നത് പൊലീസിന്റെ ഈ പ്രവര്‍ത്തനങ്ങളൊക്കെ തന്റെ സ്വകാര്യതയുടെ ലംഘനമാണെന്ന് ആരെങ്കിലും പരാതിപ്പെട്ടാല്‍ അത് തടയേണ്ടിവരും. സൈബര്‍ ഡോമിനെതിരെ കോടതിയില്‍ ആരെങ്കിലും സമീപിച്ചാല്‍ പരിപാടി നിര്‍ത്തേണ്ടി വരുമെന്ന ആശങ്കയാണ് ഉദ്യോഗസ്ഥര്‍ പങ്കു വയ്്ക്കുന്നത്.

 

 

Related posts