കേരളാ മന്ത്രിമാരുടെ പാത പിന്തുടരാന്‍ നാഗാലാന്‍ഡിലെ എംഎല്‍എമാര്‍; ഡസ്റ്റര്‍ വേണ്ട ക്രിസ്റ്റ മതിയെന്ന് അസംബ്ലി കമ്മീഷണര്‍ക്കും സെക്രട്ടറിക്കും എംഎല്‍എമാരുടെ വക നിവേദനം…

ഗുവാഹത്തി: കേരളാ നിയമസഭയിലെ മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ആഡംബര ഭ്രമം അടുത്തിടെ വാര്‍ത്തയായിരുന്നു. യാത്ര ചെയ്യാനായി ആഡംബര വാഹനം തന്നെ വേണമെന്ന മന്ത്രിമാരും എംഎല്‍എമാരും ഒരുമിച്ചു തീരുമാനിച്ചപ്പോള്‍ നിയമസഭയുടെ മുറ്റത്തു നിരന്നത് 25 ലക്ഷത്തോളം വിലവരുന്ന 26 ഇന്നോവാ ക്രിസ്റ്റ കാറുകളാണ് ആറുകോടിയില്‍ പരം രൂപയാണ് ഇതിനായി ചിലവഴിച്ചത്.

ഇപ്പോള്‍ അതേപാത സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് നാഗാലാന്‍ഡിലെ ഒരു വിഭാഗം എംഎല്‍എമാര്‍. സത്യ പ്രതിജ്ഞ ചെയ്ത് അധികാരം ഏല്‍ക്കും മുമ്പേ തന്നെ സഞ്ചരിക്കാന്‍ ഇന്നോവ ക്രിസ്റ്റ തന്നെ വേണമെന്ന് ചൂണ്ടിക്കാട്ടി നാഗാലാന്‍ഡ് അസംബ്ലി കമ്മീഷണര്‍ക്കും സെക്രട്ടറിക്കും എം.എല്‍.എമാര്‍ നിവേദനം നല്‍കിയിയിരിക്കുകയാണ്.

എംഎല്‍എമാര്‍ക്കായി റെനോ ഡസ്റ്റര്‍ വാഹനം നല്‍കാന്‍ അസംബ്ലി സെക്രട്ടേറിയേറ്റ് തീരുമാനിച്ചെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് ഇവരുടെ കൂട്ടായ നീക്കം. പരിപാലന ചെലവുകള്‍ മുന്‍നിര്‍ത്തിയാണ് ഡസ്റ്റര്‍ വേണ്ടെന്ന് വച്ചതെന്ന് ഇവര്‍ പറയുന്നു. നാഗാലാന്റിലെ റോഡുകള്‍ക്ക് കൂടുതല്‍ അനുയോജ്യമായത് ഇന്നോവ ക്രിസ്റ്റ തന്നെയാണെന്നാണ് എംഎല്‍എമാരുടെ അഭിപ്രായം. എംഎല്‍എമാര്‍ക്ക് വാഹനങ്ങള്‍ നല്‍കുന്ന കാര്യത്തില്‍ അസംബ്ലി സെക്രട്ടേറിയേറ്റ് തീരുമാനമെടുത്തിട്ടുണ്ടോ എന്നകാര്യത്തില്‍ ഇനിയും സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് നാഗാ മാധ്യമമായ ദി മോറങ് എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. റെനോ ഡസ്റ്ററിന് 13 ലക്ഷത്തോളം രൂപയാണ് വില. എംഎല്‍എമാര്‍ ആവശ്യപ്പെടുന്ന ഇന്നോവ ക്രിസ്റ്റ മോഡലിനാവട്ടെ വില 22 ലക്ഷത്തോളം വിലവരും.

Related posts