പൂരങ്ങളുടെ പൂരം തുടങ്ങി. 36 മണിക്കൂറിനു ശേഷം ഉപചാരം ചൊല്ലിപ്പിരിയും വരെ ഇനി ഈ മഹാനഗരത്തിൽ വേറൊന്നിനെക്കുറിച്ചും പറയാനും ചിന്തിക്കാനും കേൾക്കാനുമില്ല….പൂരം മാത്രം… തിരമാലകൾ പോലെ നാദവർണങ്ങൾ ഒന്നിനു പിറകെ ഒന്നായ് വന്നലയടിക്കുന്ന പൂരസാഗരത്തിൽ ജനലക്ഷങ്ങൾ മുങ്ങിനീരാടിക്കൊണ്ടിരിക്കുകയാണ്.
ആദ്യമായ് പൂരക്കാഴ്ചകൾ കാണുന്നവരും എത്രയോ തവണ കണ്ടിട്ടും മതിവരാതെ വീണ്ടും വീണ്ടും കാണുന്നവരും കൂട്ടത്തിലുണ്ട്. വിസ്മയക്കാഴ്ചകളുടെ സിന്ദൂരച്ചെപ്പു തുറന്ന് ഓരോ നിമിഷത്തിലും ഓരോ പുതിയ കാഴ്ചകളും ഓരോ പുതിയ നാദവിസ്മയവും ആസ്വാദർക്കു മുന്നിലെത്തിക്കൊണ്ടിരിക്കുന്നു.
വർണത്തിന്റെയും നാദത്തിന്റെയും മഴ തന്നെയാണ് എന്നും തൃശൂർ പൂരം. പറഞ്ഞു പഴകിയതെങ്കിലും പറയാതെ വയ്യ…പൂരം പ്രൗഢിയോടെ പൂത്തുലഞ്ഞുകൊണ്ടിരിക്കുന്നു. തിരുവന്പാടിയുടെ മഠത്തിലേക്കുള്ള വരവും നായ്ക്കനാൽ പന്തലിലെത്തിയപ്പോഴുള്ള ആചാരവെടിക്കെട്ടും തിരിച്ച് മഠത്തിൽ നിന്നുള്ള വരവും അതിന് കോങ്ങാട് മധുവൊരുക്കിയ പഞ്ചവാദ്യസദ്യയും കെങ്കേമം. മേടവെയിലിന്റെ തീവെട്ടിത്തിളക്കത്തിൽ പാറമേക്കാവ് ഭഗവതിയുടെ പൂരം പുറപ്പാട് എത്ര കണ്ടാലും മതിവരാത്ത പൂരക്കാഴ്ച. തേക്കിൻകാട്ടിലേക്ക് കുഞ്ഞോളങ്ങളായ് ഒഴുകിയെത്തുന്ന ഘടകപൂരങ്ങൾ.
ഇലഞ്ഞിച്ചുവട്ടിൽ മേളഗോപുരം തീർക്കുന്ന അനിയേട്ടനെന്ന് എല്ലാവരും സ്നേഹാദരങ്ങളോടെ വിളിക്കുന്ന കിഴക്കൂട്ട് അനിയൻമാരാർ.
മേടസൂര്യൻ പടിഞ്ഞാറു ചായാൻ മടിച്ച് തെക്കേഗോപുരനടയ്ക്കു മുകളിൽ കാണാൻ കൊതിച്ചു കാത്തുനിൽക്കുന്ന തെക്കോട്ടിറക്കവും കുടമാറ്റവും. രാത്രിയിൽ ആവർത്തനങ്ങളായി പകൽപൂരങ്ങൾ…പിന്നെ ദിഗന്തങ്ങളെ കുലുക്കി ത്രസിപ്പിച്ച് മുരൾച്ചയിൽ തുടങ്ങി അലർച്ചയിലേക്ക് നീങ്ങി കൂട്ടപ്പൊരിച്ചിലിൽ കരിമരുന്നിന്റെ ഇന്ദ്രജാലക്കാഴ്ചകൾ തീർക്കുന്ന വെടിക്കെട്ട്…. പിറ്റേന്ന് ചെറുപൂരത്തിനൊടുവിൽ ഉപചാരം ചൊല്ലിപിരിഞ്ഞ് വെടിക്കെട്ടും പൊട്ടിച്ച് പൂരക്കഞ്ഞിയും മോന്തി പൂരനഗരിയോടു ഗുഡ്ബൈ ചൊല്ലി പിരിയാം… അതുവരെ വേറൊന്നുമില്ല പൂരം മാത്രം…..
അടുത്ത പൂരത്തിന് കാണാമെന്ന് യാത്ര പറഞ്ഞു പിരിയുന്പോൾ മനസിലെ സ്ക്രീനിൽ ഒരു എൻഡ് ടൈറ്റിൽ തെളിയും- തൃശൂർ പൂരം തുടരും….
ഫ്ളാഷ് ബാക്കുണ്ട് മഠത്തിലെ വരവിനും
പൂരക്കഥകൾ കേൾക്കാനിഷ്ടമുള്ളവർക്ക് പറയാനും കേൾക്കാനും ഒരുപാട് പൂരക്കഥകളുണ്ട്. മഠത്തിൽ നിന്നുള്ള തിരുവന്പാടിയുടെ വരവിനുമുണ്ട് ഒരു കഥ. ലോകത്തെ ഏറ്റവും നല്ല പഞ്ചവാദ്യം കേൾക്കാൻ എവിടെ വരണം എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളു തൃശൂർ പൂരത്തിന്റെ മഠത്തിൽ വരവിന് വരുക, ഏറ്റവും നല്ല പഞ്ചവാദ്യം ആസ്വദിക്കുക. ലോകത്തിന് മുന്നിൽ തിരുവന്പാടി വിഭാഗത്തിന് തലയെടുപ്പോടെ കേൾപ്പിച്ചുകൊടുക്കാവുന്ന പഞ്ചവാദ്യങ്ങളുടെ ഓർക്കസ്ട്രേഷൻ.
കാലങ്ങൾക്ക് മുന്പുള്ള പൂരത്തിന്റെ ഫ്്ളാഷ്ബാക്കിലേക്ക് പോകേണ്ടിവരും മഠത്തിലെ വരവിന്റെ ചരിത്രവും ഐതിഹ്യവും അറിയണമെങ്കിൽ. അന്ന് പാറമേക്കാവിന്റെയത്ര സന്പന്നത പാവം തിരുവന്പാടിക്കാർക്കുണ്ടായിരുന്നില്ലത്രെ. പൂരത്തിന് അണിനിരക്കുന്ന പതിനഞ്ചിൽ മൂന്നാനയുടെയെങ്കിലും തലേക്കെട്ട് സ്വർണ്ണം പുശിയതാണെങ്കിൽ നന്നാകുമായിരുന്നു എന്ന് തിരുവന്പാടിക്കാർക്കൊരു മോഹം. നടുവിൽ മഠത്തിലെ സ്വാമിയാരുടെ പക്കലുളള മുന്ന് തലേക്കെട്ടുകൾ മനസിൽ കണ്ടാണ് തിരുവന്പാടിക്കാർ ആ സ്വർണക്കെട്ട് സ്വപ്നം കണ്ടത്. നടുവിൽമഠം സ്വാമിയാരെ ചെന്നുകണ്ട് തിരുവന്പാടിക്കാർ തങ്ങളുടെ ആഗ്രഹമറിയിച്ചു.
ആദ്യം ഒന്ന് മടിച്ചെങ്കിലും ചില ഉപാധികളോടെ സ്വർണതലേക്കെട്ട് കൊടുക്കാൻ സ്വാമിയാർ സമ്മതിച്ചു. തിരുവന്പാടി ഭഗവതി ആദ്യം മഠത്തിലേക്ക് എഴുന്നള്ളട്ടെ എന്നായിരുന്നു സ്വാമിയാരുടെ ഉപാധികളിലൊന്ന്. പൂരം നാളിൽ ഉച്ചമുതൽ സ്വർണതലേക്കെട്ട്. രാത്രി വരെ. തിരുവന്പാടിക്കാർ എതിർത്തൊന്നും പറയാതെ മനം നിറഞ്ഞ സന്തോഷത്തോടെ സമ്മതിച്ചു. മഠത്തിൽ നിന്നുള്ള വരവിനും പിന്നെ തെക്കോട്ടിറക്കത്തിനും സ്വാമിയാർ കൊടുത്ത സ്വർണ്ണതലേക്കെട്ടണിഞ്ഞ് തിരുവന്പാടിയുടെ മൂന്നാനകൾ തലയുയർത്തി നിന്നു. അന്നുതൊട്ടാണ് മഠത്തിൽ വരവ് തുടങ്ങിയതെന്ന് ചരിത്രം.
സ്വാമിയാരുടെ സൻമനസുകൊണ്ട് കിട്ടിയ ആ സ്വർണതലേക്കെട്ടിന് വേണ്ടിയുള്ള ഉപാധികൾ തിരുവന്പാടിക്കാർ ഇന്നും മുടക്കമില്ലാതെ തുടരുന്നു. പഞ്ചവാദ്യത്തിന് ഇംപ്രൊവൈസേഷൻ നടത്തിയത് മഠത്തിൽ നിന്നുളള വരവിലാണെന്നും ചരിത്രം. കഴുത്തിൽ മദ്ദളം കെട്ടിയായിരുന്നു ആദ്യകാലത്ത് പഞ്ചവാദ്യത്തിൽ മദ്ദളം കൊട്ടിയിരുന്നതെന്നും പിന്നീട് അരയിൽ കെട്ടി മദ്ദളം കൊട്ടാൻ തുടങ്ങിയത് മഠത്തിൽ നിന്നുള്ള വരവിന്റെ സമയത്താണെന്നും പഴമക്കാർ പറയുന്നു. പണ്ടത്തെ മാധുര്യം ഇന്നത്തെ മഠത്തിൽ വരവിന്റെ പഞ്ചവാദ്യത്തിനുണ്ടോ എന്ന് ചോദിച്ചാൽ പഴമക്കാർ പറയും ഇല്ലെന്ന്.
ഐതിഹ്യം ഉറങ്ങും ഇലഞ്ഞിത്തറ മേളം
പൂരം വെറും ആഘോഷക്കാഴ്ചകൾ മാത്രമല്ലെന്നും പലതിനും ഐതിഹ്യങ്ങളുണ്ടെന്നും പഴമക്കാർ പറയുന്പോൾ അത് പൂരത്തിന്റെ ഭംഗി കൂട്ടുന്ന ഒരുപാട് കഥകൾ നിറഞ്ഞതാകുന്നു. കുറുപ്പാൾ തറവാട്ടിലെ കാരണവരുമായി ബന്ധപ്പെട്ട് കിടക്കുന്നു ഇലഞ്ഞിത്തറ മേളത്തിന്റെ ഐതിഹ്യം. കൂർക്കഞ്ചേരിയിലെ സൈനികശക്തിയായിരുന്നു കുറുപ്പാൾ തറവാട്ടുകാർ. ഇവിടത്തെ കാരണവർ അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതിയെ ദർശിക്കാനായി പതിവായി പോകാറുണ്ടായിരുന്നുവെന്നും വാർധക്യം മൂലം അവശനായപ്പോൾ നിത്യദർശനത്തിന് എന്തെങ്കിലുമൊരു മാർഗം ചെയ്തു തരണമെന്നായിരുന്നു പ്രാർത്ഥന. അന്ന് അവിടെ നിന്നും കുറുപ്പാൾ തറവാട്ടിലെ കാരണവർ മടങ്ങുന്പോൾ അദ്ദേഹത്തിന്റെ കുടയിൽ കയറി തിരുമാന്ധാംകുന്ന് ഭഗവതി അനുഗമിച്ചെന്നാണ് ഐതിഹ്യം.
വടക്കുന്നാഥ ക്ഷേത്രമതിൽക്കെട്ടിനകത്ത് എത്തിയപ്പോൾ ഇലഞ്ഞി നിൽക്കുന്ന തറയിൽ വിശ്രമിക്കാനിരുന്ന കുറുപ്പാൾ തന്റെ കുട അവിടെ വെച്ചു. പിന്നീട് എഴുനേറ്റപ്പോൾ അദ്ദേഹത്തിന് കുട എടുക്കാൻ സാധിച്ചില്ലത്രെ. തുടർന്ന് ഭഗവതിയെ അവിടെ പ്രതിഷ്ഠിക്കുകയായിരുന്നു. വർഷങ്ങൾക്ക് ശേഷം ക്ഷേത്രം വിപുലീകരിക്കാനായി തിരുമാന്ധാംകുന്ന് ഭഗവതിയുടെ പ്രതിഷ്ഠ ഇലഞ്ഞിത്തറയിൽ നിന്ന് ഇപ്പോൾ പാറമേക്കാവ് ക്ഷേത്രം സ്ഥിതി ചെയ്യുന്നിടത്തേക്ക് മാറ്റുകയായിരുന്നു.
പൂർവകാല സ്മരണ നിലനിർത്തുന്നതിനാണ് ഇലഞ്ഞിച്ചുവട്ടിൽ മേളം നടത്തുന്നതെന്നാണ് പറയപ്പെടുന്നത്. ഉച്ചവെയിലിന്റെ രൗദ്രതയിൽ പാറമേക്കാവ് ക്ഷേത്രത്തിൽ നിന്നും പ്രൗഢിയോടെ പുറപ്പെടുന്ന ഭഗവതി മേടവെയിൽത്തിളക്കത്തിൽ ഇലഞ്ഞിത്തറയിലെത്തുന്പോഴേക്കും പൂരം പുരുഷാരം ഇലഞ്ഞിത്തറയ്ക്ക് ചുറ്റും സ്വന്തമാക്കിയിരിക്കും. മുന്നൂറോളം കലാകാരൻമാർ അണിനിരക്കുന്ന മെഗാ ഓർക്കസ്ട്ര. ലോകത്ത് ഇത്രയും ചിട്ടയോടെ ലൈവായി നടക്കുന്ന മറ്റൊരു സിംഫണി വേറെയുണ്ടാവില്ല.
വെടിക്കെട്ട് വിസ്മയം
സ്വരാജ് റൗണ്ടിലും റൗണ്ടിലേക്കു നീളുന്ന വഴികളിലും ഉയരമുള്ള കെട്ടിടങ്ങളിലുമൊക്കെ നിന്നും ഇരുന്നും വെടിക്കെട്ട് കാണുന്നവരാണ് വെടിക്കെട്ട് കന്പക്കാർ. പുലർച്ചെ മൂന്നിന് വെടിക്കെട്ട് കത്തിക്കണമെങ്കിൽ തലേന്ന് വൈകീട്ട് നാലുമണിയോടെ വെടിക്കെട്ടിന്റെ സെറ്റിംഗ് തുടങ്ങണം.
തിരുവന്പാടി വിഭാഗം തെക്കോട്ടിറക്കത്തിനായി വടക്കുന്നാഥനിലേക്ക് കയറിക്കഴിഞ്ഞാലുടൻ ( വെടിക്കെട്ടുകാരുടെ ഭാഷയിൽ പറഞ്ഞാൽ, തിരുവന്പാടിയുടെ ആന കയറിപ്പോയാലുടൻ) തിരുവന്പാടി വിഭാഗം അടുത്ത ദിവസം പുലർച്ചെയ്ക്കുള്ള വെടിക്കെട്ട് സെറ്റിംഗ് തുടങ്ങും. ആദ്യത്തെ പണി ഓലപ്പടക്കം കെട്ടാനുളള കാൽനാട്ടലാണ്. നൂറുകണക്കിന് കാലുകളാണ് ഓലപ്പടക്കം കെട്ടാനായി ആവശ്യം വരുക. ഇത് തേക്കിൻകാട് മൈതാനത്ത് സ്ഥാപിച്ചുവരുന്പോഴേക്കും ഒരു സമയമെടുക്കും.
രാത്രി ഒന്പതോടെ ഗ്രൗണ്ട് ക്ലിയർ ചെയ്യും. എന്നുവെച്ചാൽ വെടിക്കെട്ടിന്റെ ഭാഗത്തുനിന്ന് ആളുകളെയെല്ലാം ഒഴിപ്പിക്കും. പിന്നെ പിറ്റേന്ന് പുലർച്ച രണ്ടര വരെ വെടിക്കെട്ടൊരുക്കലാണ്. മൂന്നുമണിക്ക് വടക്കുന്നാഥന്റെ നിയമവെടി മുഴങ്ങുന്പോഴേക്കും എല്ലാം ഒരുക്കി കഴിഞ്ഞിരിക്കണം. പാറമേക്കാവ് വിഭാഗവും ഇതേപോലെയാണ് വെടിക്കെട്ടൊരുക്കുക.
മനസിലെ കുടമാറ്റങ്ങൾ.. മേളപ്പെരുക്കങ്ങൾ… മോഹൻലാലിന്റെ പൂരം ബ്ലോഗ്
ഞാൻ ഈ കുറിപ്പ് എഴുതുന്പോൾ തൃശൂർ എന്ന ചരിത്രനഗരം അതിന്റെ ഏറ്റവും വലിയ ആഘോഷമായ പൂരത്തിന്റെ കൊട്ടിക്കലാശത്തിലേക്കു ചുവടുവെക്കുകയാണ്. ഇലഞ്ഞിത്തറയുടെ ചുവട് മേളത്തിന്റെ മഴയിൽ കുളിക്കാൻ ഒരുങ്ങിക്കഴിഞ്ഞു. അതു കഴിഞ്ഞാൽ ആനകളുടെ പുറത്ത് അനന്തമായ വർണ്ണങ്ങൾ വിരിയും. രാത്രി ആകാശത്ത് അമിട്ടുകൾ പൊട്ടിച്ചിരിക്കും.
സത്യൻ അന്തിക്കാടടക്കമുള്ള എൻറെ ഒരുപാടു സുഹൃത്തുക്കളും എണ്ണമറ്റ മറ്റ് മലയാളികളും വിസ്മയത്താൽ വിടർന്ന കണ്ണുകളുളള മലയാളികളും വിയർത്ത് കുളിച്ച് തിരക്കിലൂടെ തിക്കിത്തിരക്കി വരും. മേളത്തിന് താളം പിടിക്കും. ആകാശക്കുടകൾ കണ്ട് ആവേശം കൊള്ളും. അവർ ഭാഗ്യവാൻമാർ. ഈ ഭാഗ്യം ഈ ജൻമത്തിൽ എനിക്ക് വിധിച്ചിട്ടില്ല.
ഒരിക്കലും പൂരപ്പറന്പുകളിൽ പോകാൻ സാധിക്കാത്ത ഞാൻ പൂരത്തെ ജീവിതവുമായി ബന്ധപ്പെടുത്തിയാണ് കാണുന്നത്. പ്രിയപ്പെട്ടവരേ., പൂരത്തെക്കുറിച്ചോർത്ത്് ഞാൻ കൊതിയോടെ എന്റെ അടച്ചിട്ട മുറിയിൽ ഇരിക്കുന്നു. ഓരോ തവണയും ഞാൻ ജനൽപാളികൾ തുറക്കുന്പോൾ..അല്ല..തുറന്നിടുകയാണ്.. ദൂരെ മേളം മുറുകുന്നതിന് കാതോർത്തുകൊണ്ട്, ആനച്ചൂരിന് ആഗ്രഹിച്ചുകൊണ്ട്, ആകാശത്തിൽ വെളിച്ചം മഴയാകുന്ന നിമിഷം കാത്തുകൊണ്ട്..അതിന് സാധിക്കുന്ന നിങ്ങൾ ഭാഗ്യവാൻമാർ..