പൊതുസ്ഥലങ്ങളിലെ വൈഫൈ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്! കേന്ദ്ര സര്‍ക്കാരിന്റെ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് നല്‍കുന്ന ഈ മുന്നറിയിപ്പ് അവഗണിക്കരുത്

വെറുതെ കിട്ടിയാല്‍ എന്തും സ്വന്തമാക്കാന്‍ ശ്രമിക്കുന്നവരും തിടുക്കമുള്ളവരുമാണ് മലയാളികള്‍ എന്ന് പൊതുവേ ഒരു പറച്ചിലുണ്ട്. എന്നാല്‍ ആ പ്രവണത ഒരുതരത്തിലും നല്ലതല്ലെന്നാണ് പുതിയ ചില മുന്നറിയിപ്പുകള്‍ നല്‍കുന്ന സൂചന. റെയില്‍വെ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും മറ്റും ലഭ്യമാകുന്ന വൈഫൈ ഉപയോഗിക്കുന്നത് സുരക്ഷിതമല്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് വിഭാഗം (സി.ഇ.ആര്‍.ടി) നല്‍കുന്ന മുന്നറിയിപ്പ്. ഇത്തരത്തില്‍ വൈഫൈ ഉപയോഗിക്കുന്നത് സൈബര്‍ ആക്രമണങ്ങളെ ക്ഷണിച്ചുവരുത്തലാകുമെന്നാണ് സി.ഇ.ആര്‍.ടിയുടെ മുന്നറിയിപ്പ്.

എന്നാല്‍ ഒരു വൈഫൈ നെറ്റ്വര്‍ക്കുകളും സുരക്ഷിതമെല്ലെന്നും വീടുകളിലെ വൈഫൈ നെറ്റ്വര്‍ക്കുകളുടെ പാസ്‌വേഡ് കുടുംബാംഗങ്ങള്‍ക്ക് മാത്രം നല്‍കുകയും ഹാക്കര്‍മാര്‍ക്ക് കാണാനാവാത്ത വിധം നെറ്റ്‌വര്‍ക്ക് ഐഡികള്‍ ക്രമീകരിക്കണമെന്നുമാണ് ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ സൈബര്‍ സുരക്ഷ കമ്പനി വക്താവ് റാം സ്വരൂപ് പറയുന്നത്. ഹോട്ട് സ്‌പോട്ട് സംവിധാനങ്ങള്‍ക്ക് മതിയായ സുരക്ഷയില്ലാത്തതിനാല്‍ ഹാക്കര്‍മാര്‍ക്ക് എളുപ്പത്തില്‍ കടന്നുകൂടാനാകും.

ക്രെഡിറ്റ് കാര്‍ഡ് നമ്പറുകള്‍, പാസ്വേഡുകള്‍, ഇ-മെയിലുകള്‍ പോലുള്ള ഉപഭോക്താവിന്റെ സ്വകാര്യ വിവരങ്ങളടക്കമുള്ളവ ചോര്‍ത്താന്‍ ഹാക്കര്‍മാര്‍ക്ക് കഴിയും. അതിനാല്‍ പരമാവധി സുരക്ഷിതമായ സ്വകാര്യ ഹോട്ട് സ്പോട്ടുകള്‍ ഉപയോഗിക്കുന്നതാണ് നല്ലതെന്നും ഏജന്‍സി പറഞ്ഞു. അതേസമയം മൈക്രോസോഫ്റ്റ് പുതിയ സെക്യൂരിറ്റി അപ്‌ഡേറ്റുമായി രംഗത്തെത്തിയിട്ടുണ്ട്. ഗൂഗിള്‍ അടക്കമുള്ള വിവിധ കമ്പനികളും പ്രശ്‌നത്തെ വളരെ ഗൗരവമായാണ് കാണുന്നത്.

Related posts