കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും, ആംആദ്മി പാര്‍ട്ടിയുടേത് സ്വപ്‌നസമാനമായ കുതിപ്പ്, അകാലിദള്‍-ബിജെപി സര്‍ക്കാര്‍ നിലംപൊത്തും, പഞ്ചാബിലെ അഭിപ്രായസര്‍വേ ഇങ്ങനെ

aapഉത്തര്‍പ്രദേശിനൊപ്പം അടുത്തവര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബില്‍ നടത്തിയ അഭിപ്രായ സര്‍വേ ഫലം ഇന്ത്യ ടുഡേ- ആക്‌സിസ് പുറത്തുവിട്ടു. നിലവിലെ അകാലിദള്‍-ബിജെപി സര്‍ക്കാര്‍ നിലംപൊത്തുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. കോണ്‍ഗ്രസിന്റെ ഉയിര്‍ത്തെണീല്‍പ്പിനൊപ്പം ആംആദ്മി പാര്‍ട്ടിയുടെ വന്‍ മുന്നേറ്റവുമാണ് സര്‍വേ പ്രവചിക്കുന്നത്. 117 അംഗ നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന് 59 സീറ്റുകളാണ് വേണ്ടത്. അഴിമതിയിലും മയക്കുമരുന്ന് മാഫിയയുടെ വിളയാട്ടത്തിലും കടുത്ത അസംതൃപ്തിയാണ് സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗം വോട്ടര്‍മാരും പ്രകടിപ്പിച്ചത്. പ്രകാശ് സിംഗ് ബാദലാണ് നിലവിലെ മുഖ്യമന്ത്രി.

മുന്‍മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍സിംഗിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് മിന്നും പ്രകടനമാകും നടത്തുക. 49-55 സീറ്റ് വരെ കോണ്‍ഗ്രസിന് ലഭിച്ചേക്കാം. കേവലഭൂരിപക്ഷത്തേക്കാള്‍ നേരിയ സീറ്റിന്റെ കുറവ്. ആദ്യ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആംആദ്മി പാര്‍ട്ടിയാകും ഈ തെരഞ്ഞെടുപ്പിലെ താരം എന്നാണ് അഭിപ്രായസര്‍വേ മുന്നോട്ടുവയ്ക്കുന്നത്. 42 മുതല്‍ 46 സീറ്റ് വരെ നേടി എഎപി കരുത്തു തെളിയിക്കും. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് അരവിന്ദ് കേജരിവാളും സംഘവും പഞ്ചാബില്‍ പ്രചരണം നേരത്തെതന്നെ പ്രചരണം തുടങ്ങിയിരുന്നു. കൂടുതല്‍ സീറ്റുകള്‍ നേടുന്നതില്‍നിന്ന് കോണ്‍ഗ്രസിനെ തടയുന്നതും ആപ്പിന്റെ വളര്‍ച്ചയായിരിക്കും.

ബിജെപി-അകാലി സഖ്യത്തിന് സര്‍വേയില്‍ നല്കിയിരിക്കുന്നത് 17-21 സീറ്റുകള്‍ മാത്രമാണ്. അടുത്തിടെ ബിജെപി വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ച നവ്‌ജോത് സിംഗ് സിദ്ധുവിന്റെ ആവാസ് ഇ പഞ്ചാബ് പാര്‍ട്ടിക്ക് കാര്യമായ നേട്ടമുണ്ടാക്കാനാകില്ലെങ്കില്‍ സാന്നിധ്യം അറിയിക്കാനാകുമെന്നും സര്‍വേയില്‍ പറയുന്നു.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വോട്ടെടുപ്പില്‍ പങ്കെടുത്തവര്‍ ഉയര്‍ത്തിക്കാണിക്കുന്നത് കോണ്‍ഗ്രസ് നേതാവ് അമരീന്ദര്‍ സിംഗിനാണ്. 33 ശതമാനത്തിന്റെ പിന്തുണ. നിലവിലെ മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദല്‍ വീണ്ടും വരണമെന്ന് ആഗ്രഹിക്കുന്നവര്‍ 25 ശതമാനം മാത്രം. കേജരിവാള്‍ മുഖ്യമന്ത്രിയായി വരണമെന്ന് 16 ശതമാനം പേര്‍ താല്പര്യപ്പെടുന്നു. എന്തായാലും അഭിപ്രായസര്‍വേ കോണ്‍ഗ്രസിന് പുതുജീവന്‍ നല്കുമ്പോള്‍ ബിജെപിയുടെ ചങ്കിടിപ്പ് ഏറ്റുകയാണ്.

Related posts