എനിക്ക് കേരളത്തില്‍ വംശീയവെറി നേരിടേണ്ടി വന്നു; തൊലിയുടെ നിറം കറുപ്പായതിനാല്‍ പ്രതിഫലമായി ലഭിച്ചത് വളരെ കുറഞ്ഞ തുക; ‘സുഡാനി’ താരത്തിന്റെ വെളിപ്പെടുത്തലില്‍ ഞെട്ടി മലയാളികള്‍…

മലയാളികളുടെ മനസിലെ വംശീയവെറിയ്ക്ക് താനും ഇരയായെന്ന് നൈജീരിയന്‍ നടന്‍ സാമുവല്‍ അബിയോള റോബിന്‍സണ്‍.’സുഡാനി ഫ്രം നൈജീരിയ’ എന്ന മലയാളം സിനിമയില്‍ അഭിനയിച്ചതിന് കുറഞ്ഞ പ്രതിഫലമാണ് തനിക്ക് കിട്ടിയതെന്നും സംവിധായകന്‍ ശ്രമിച്ചെങ്കിലും നിര്‍മ്മാതാക്കള്‍ സമ്മതിച്ചില്ലെന്നും കറുത്ത വര്‍ഗ്ഗക്കാരനായതു കൊണ്ടാണ് തനിക്ക് ഇങ്ങിനെ സംഭവിച്ചതെന്നും ഫേസ്ബുക്കില്‍ നടത്തിയ പ്രതികരണത്തില്‍ അബിയോള പറയുന്നു.

ഇതുവരെ ക്ഷമയോടെ കാത്തിരിക്കുകയായിരുന്നു. ഇപ്പോഴാണ് പറയാന്‍ തോന്നിയത്. അതിന് കാരണം മറ്റൊരു കറുത്തവര്‍ഗ്ഗക്കാരനായ നടനും ഈ അനുഭവം ഉണ്ടാകാതിരിക്കാനാണ്. കേരളത്തിലെ വംശീയവെറിയുടെ ഇരയായിരുന്നു താന്‍.

ഒരുപക്ഷേ നേരിട്ട് ഇക്കാര്യം അനുഭവിക്കേണ്ടി വന്നില്ലെങ്കിലൂം സുഡാനി ഫ്രം നൈജീരിയയിലെ തന്റെ വേഷത്തിനുള്ള പ്രതിഫല കാര്യത്തിലൂടെ നേരിടേണ്ടി വന്നു. സിനിമയില്‍ തനിക്ക് കുറഞ്ഞ പ്രതിഫലമാണ് നല്‍കിയത്. തന്റെയത്ര പോലും പ്രസിദ്ധരല്ലാത്ത ഇന്ത്യന്‍ താരങ്ങള്‍ക്ക് നിര്‍മ്മാതാക്കള്‍ നല്‍കിയതിനേക്കാള്‍ കുറവ്. അതിന് കാരണം തന്റെ തൊലിയുടെ നിറമാണ്.

മറ്റ് അനേകം യുവനടന്മാരുമായി പ്രതിഫലക്കാര്യം ചര്‍ച്ച ചെയ്തപ്പോള്‍ മാത്രമാണ് താന്‍ ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞതെന്നും റോബിന്‍സണ്‍ പറയുന്നു.നിറം കറുപ്പായതിനാലും മിക്ക ആഫ്രിക്കക്കാരും ദരിദ്രരായതിനാല്‍ പണത്തിന്റെ മൂല്യം അറിയാത്തതുകൊണ്ടുമാണ് ഇത് സംഭവിച്ചത്. സംവിധായകന്‍ സക്കറിയ നല്ല മനുഷ്യനും മികച്ച സംവിധായകനുമാണ്.

തനിക്ക് ചെയ്യാവുന്നതിന്റെ പരമാവധി അദ്ദേഹം ചെയ്യുകയുമുണ്ടായി. എന്നാല്‍ അദ്ദേഹമായിരുന്നില്ല സിനിമയുടെ പണം മുടക്ക്. സിനിമ രക്ഷപ്പെടുകയാണെങ്കില്‍ കൂടുതല്‍ പ്രതിഫലം നല്‍കുമെന്നായിരുന്നു നിര്‍മ്മാതാക്കള്‍ അന്ന് നല്‍കിയ വാഗ്ദാനം. എന്നാല്‍ താന്‍ നൈജീരിയയിലേക്ക് മടങ്ങും വരെ വാക്കുകള്‍ പാലിച്ചിട്ടില്ല.

ഇവിടെ ചൂഷണം ചെയ്യുന്നതിന്റെ മുന്നോടിയായാണ് വാഗ്ദാനങ്ങള്‍ നല്‍കുന്നതെന്നു മനസിലായി. സിനിമയ്ക്കും പ്രമോഷന്‍ പരിപാടികള്‍ക്കുമായി 2017 ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍, 2018 ജനുവരി, മാര്‍ച്ച് എന്നിങ്ങനെ അഞ്ചു മാസത്തോളമാണ് ആകാംഷയോടെ ചെലവഴിച്ചതെന്നും താരം പറയുന്നു.

കേരളത്തെയും അവിടുത്തെ ജനങ്ങളെയും അവിടുത്തെ സംസ്‌ക്കാരത്തെയും താന്‍ മാനിക്കുന്നു. താനൊരു കറുത്ത വര്‍ഗ്ഗക്കാരനാണ്. അടുത്ത തലമുറയിലെ കറുത്ത നടന്മാര്‍ക്ക് ഈ ഗതി വരാതിനിക്കാന്‍ ഇത് പറയേണ്ടത് തന്റെ ബാദ്ധ്യതയാണെന്നും ജാതി, വര്‍ണ്ണം ഏതു തരം വിവേചനത്തോടെ നോ പറയണമെന്നു പറഞ്ഞാണ് അവസാനിക്കുന്നത്.

‘സേ നോ ടൂ റേസിസം എന്ന ടാഗ്ലൈനോടെയാണ് റോബിന്‍സണ്‍ തന്റെ പോസ്റ്റ് കഴിഞ്ഞദിവസം ഇട്ടത്. സക്കറിയ സംവിധാനം ചെയ്ത ‘സുഡാനി ഫ്രം നൈജീരിയ’യുടെ നിര്‍മ്മാതാക്കള്‍ സമീര്‍ താഹിറും ഷൈജുഖാലിദുമാണ്. മലപ്പുറത്ത് സെവന്‍സ് കളിക്കാന്‍ വരുന്ന ഒരു ആഫ്രിക്കക്കാരനും സെവന്‍സ് ക്ളബ്ബിന്റെ മാനേജരും തമ്മിലുള്ള ഊഷ്മളമായ ഹൃദയബന്ധം പറയുന്ന സിനിമ നിരൂപക പ്രശംസയും പ്രദര്‍ശന വിജയവും നേടി മുന്നേറുകയാണ്. എന്തായാലും റോബിന്‍സണിന് നേരിട്ട അപമാനം മലയാളികളെയാകെ ഞെട്ടിച്ചിരിക്കുകയാണ്.

 

Related posts