റസിയ എന്ന പേര് എനിക്ക് ഇഷ്ടമാണ് പക്ഷെ റസിയ ആയി ജീവിക്കാന്‍ യാതൊരു താല്‍പര്യവുമില്ല ! രാധിക റസിയ എന്ന പേരിനെക്കുറിച്ച് രാധിക പറയുന്നതിങ്ങനെ…

ലാല്‍ജോസ്-പൃഥിരാജ് കൂട്ടുകെട്ടില്‍ പിറന്ന മലയാളത്തിലെ എക്കാലത്തെയും മികച്ച ക്യാമ്പസ് ചിത്രങ്ങളിലൊന്നായ ക്ലാസ്‌മേറ്റ്‌സില്‍ റസിയ എന്ന കഥാപാത്രമായെത്തി മലയാളികളുടെ മനം കവര്‍ന്ന നടിയാണ് രാധിക.

സംഗീത ആല്‍ബങ്ങളിലൂടെ മലയാളത്തില്‍ ഒരു സമയത്ത് മിന്നും താരമായിരുന്ന രാധിക. പിന്നീട് സിനിമയിലും താരം മികവു തെളിയിക്കുകയായിരുന്നു.

മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിനെ നായകനാക്കി സിദ്ധിഖ്ലാല്‍ ഒരുക്കിയ സുപ്പര്‍ഹിറ്റ് ചിത്രം വിയറ്റ്നാം കോളനിയില്‍ ബാലതാരമായി തുടക്കം കുറിച്ച താരമാണ് രാധിക.

തുടര്‍ന്ന് ഇരുപത്തഞ്ചിലധികം സിനിമകളില്‍ നടി അഭിനയിച്ചു. നായികയായും സഹനടിയായും ചെറിയ റോളുകളിലുമൊക്കെ രാധിക മോളിവുഡില്‍ എത്തിയിരുന്നു.

പിന്നീട് മലയാളത്തില്‍ നായികയായും സഹനടിയായും സജീവമായിരുന്ന താരത്തിന്റെ കരിയറില്‍ തന്നെ വലിയ വഴിത്തിരിവായിരുന്നു ക്ലാസ്മേറ്റ്‌സ്.

ലാല്‍ജോസ് സംവിധാനം ചെയ്ത ഈ ക്യാമ്പസ് ചിത്രത്തില്‍ പ്രാധാന്യമുളള റോളില്‍ തന്നെയായിരുന്നു രാധിക അഭിനയിച്ചത്. നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ക്ലാസ്‌മേറ്റ്‌സിലെ റസിയ എന്ന കഥാപാത്രത്തിലൂടെയാണ് നടി ഇന്നും അറിയപ്പെടുന്നത്.

സുകുവിനും താരയ്ക്കും മുരളിയ്ക്കുമൊപ്പം ഒരേ ക്ലാസില്‍ പഠിച്ച റസിയ. സിനിമ ഇറങ്ങിയിട്ട് പതിനാല് വര്‍ഷം കഴിഞ്ഞെങ്കിലും ആ കഥാപാത്രം തനിക്ക് നേടി തന്ന പേര് മാറില്ലെന്നാണ് രാധികയിപ്പോള്‍ പറയുന്നത്.

ഇപ്പോഴും രാധിക എന്ന പേരിനെക്കാളും ആളുകള്‍ വിളിക്കുന്നത് റസിയ എന്നാണ്. വിവാഹം കഴിഞ്ഞതോട് കൂടി അഭിനയ ജീവിതത്തില്‍ നിന്നും മാറി നില്‍ക്കുകയാണ് നടി.

ഇനിയെപ്പോഴാണ് തിരിച്ച് വരവെന്ന് ചോദിച്ചാല്‍ താന്‍ എപ്പോഴും തയ്യാറാണെന്നാണ് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ രാധിക വ്യക്തമാക്കുന്നത്. നല്ല വേഷം കിട്ടിയാല്‍ എപ്പോള്‍ വേണമെങ്കിലും അഭിനയിക്കാന്‍ ഒരുക്കമാണെന്നും നടി പറയുന്നു.

ലോംഗ് ഗ്യാപ്പുകളാണ് എന്റെ കരിയറില്‍ ഉണ്ടായിട്ടുള്ളത്. ക്ലാസ്‌മേറ്റ്‌സ് കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷമാണ് ഞാന്‍ അടുത്ത പടം ചെയ്യുന്നത്. ഞാനത് മനപൂര്‍വ്വം ഉണ്ടാക്കിയതല്ല.

ഈ പറയുന്ന ഒരു വര്‍ഷത്തില്‍ ഒരുപാട് സിമിലാരിറ്റിയുള്ള റോള്‍സിന് വേണ്ടി എന്നെ വിളിച്ചിട്ടുണ്ട്. അതൊക്കെ ഞാന്‍ ഒഴിവാക്കിയതാണെന്ന് പറയാം. പക്ഷെ എന്റെ കരിയറില്‍ ഉണ്ടായിട്ടുള്ള ഗ്യാപ്പുകള്‍ ഞാനൊരിക്കലും മനപൂര്‍വ്വം ഉണ്ടാക്കിയിട്ടുള്ളതല്ല.

സംഭവിച്ച് പോയതാണ്. അത് എന്ത് കൊണ്ടാണെന്ന് എനിക്ക് അറിയില്ല. കല്യാണം കഴിഞ്ഞ് ഞാന്‍ ദുബായിലാണുള്ളത്. ഈ പറയുന്ന ന്യൂജനറേഷന്റെ കാലഘട്ടത്തില്‍ എന്നെയധികം ആള്‍ക്കാര്‍ ഓര്‍ക്കാന്‍ ചാന്‍സില്ല.

ഓര്‍ത്താല്‍ തന്നെ ദുബായില്‍ നിന്ന് നാട്ടില്‍ വരാനുള്ള ബുദ്ധിമുട്ടുകള്‍ എല്ലാവരും ചിന്തിക്കുന്നുണ്ടാകും. അങ്ങനെത്തെ ഒരുപാട് കാര്യങ്ങള്‍ ഉള്ളത് കൊണ്ടാവും അത്തരം ഗ്യാപ്പ് വരുന്നതെന്നാണ് രാധിക പറയുന്നത്.

പിന്നെ എല്ലാവരോടും പോയി ചാന്‍സ് ചോദിക്കുന്ന ടൈപ്പ് ആളല്ല താന്‍. അപ്പോള്‍ പിന്നെ ഉറപ്പായിട്ടും ആളുകള്‍ എന്നെ മറന്നു പോയേക്കും. ഇപ്പോഴും ഞാന്‍ സിനിമ വേണ്ട, അല്ലെങ്കില്‍ സിനിമ ചെയ്യില്ല എന്നൊന്നും ആരോടും പറഞ്ഞിട്ടില്ല.

ഇപ്പോഴും നല്ല ക്യാരക്ടേഴ്‌സ് വരികയാണെങ്കില്‍ ചെയ്യാന്‍ പറ്റുന്നതാണെങ്കില്‍ ഞാന്‍ ഉറപ്പായും അത് കമ്മിറ്റ് ചെയ്യും. അതിലൊരു സംശയവുമില്ല.

എന്റെ പേര് രാധിക എന്നാണ്. പക്ഷേ ഇപ്പോഴും ആളുകള്‍ എന്നെ റസിയ എന്ന് തന്നെയാണ് വിളിക്കുന്നത്. ഇവിടെ എവിടെ പോയാലും മലയാളികള്‍ തിരിച്ചറിയുകയാണെങ്കില്‍ റസിയ അല്ലേ എന്നാണ് ചോദിക്കുന്നത്. രാധിക എന്ന പേര് അറിയുന്നവര്‍ കുറച്ച് പേരെ ഉണ്ടാവുകയുള്ളു.

ഈ കണ്‍ഫ്യൂഷന്‍ ഒഴിവാക്കാന്‍ വേണ്ടി ഞാന്‍ ഇന്‍സ്റ്റാഗ്രാമില്‍ രാധിക റസിയ എന്ന പേരാക്കിയതാണ്. ഉറപ്പായിട്ടും റസിയ എന്ന പേര് എനിക്കിഷ്ടമാണ്. പക്ഷേ റസിയ ആയി ജീവിക്കാന്‍ തീരെ താല്‍പര്യമില്ലെന്നും രാധിക പറയുന്നു.

Related posts

Leave a Comment