സംഗീത ചക്രവര്‍ത്തി കെ.രാഘവന്‍ മാസ്റ്റര്‍ ഓര്‍മയായിട്ട് മൂന്ന് വര്‍ഷം; ഇതേവരെ സ്മാരകം പോലുമില്ല

FB-RAGAVANMASTER

തലശേരി: മലയാളികളുടെ പ്രിയപ്പെട്ട സംഗീത ചക്രവര്‍ത്തി കെ.രാഘവന്‍ മാസ്റ്റര്‍ ഓര്‍മയായിട്ട് മൂന്ന് വര്‍ഷം തികയുമ്പോഴും അദ്ദേഹത്തിന് ഉചിതമായൊരു സ്മാരകം പോലും  നിര്‍മിക്കാന്‍ സാധിക്കാതെ ജന്മനാടും  ഭരണാധികാരികളും നന്ദികേടിന്റെ പര്യായമായി മാറിയിരിക്കുകയാണ്. മണ്ണിന്റെ മണമുള്ള ഗാനങ്ങള്‍ മലയാളിക്കു സമ്മാനിച്ച  കെ.രാഘവന്‍ മാസ്റ്റര്‍ക്ക് സ്മാരകം നിര്‍മിക്കുന്ന അധികൃതരുടെ ആവര്‍ത്തിച്ചുള്ള പ്രഖ്യാപനം ഇനിയും കടലാസിലൊതുങ്ങുകയാണ്.

തലശേരി കോടതിക്കു മുന്‍വശത്തുള്ള സെന്റിനറി പാര്‍ക്കില്‍ കടലിനഭിമുഖമായിട്ടാണ് രാഘവന്‍ മാസ്റ്ററുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത്. ഇവിടെ വെങ്കല പ്രതിമയും ഒപ്പം രാഘവന്‍ മാസ്റ്റര്‍ ഈണമിട്ട ഗാനങ്ങള്‍ സ്ഥിരമായി ശ്രവിക്കാനുള്ള സംവിധാനവുമടക്കം ഒരുക്കുമെന്ന  അധികൃതരുടെ പ്രഖ്യാപനവും എവിടെയുമെത്തിയില്ല. 2013 ഒക്ടോബര്‍ 19 നാണ് മലയാളികളുടെ മനസില്‍ സംഗീതത്തിന്റെ വലയെറിഞ്ഞ അനുഗ്രഹീത കലാകാരന്‍ ഈ ലോകത്തോട് വിടപറഞ്ഞത്.

തലശേരി പൗരാവലിയുടെ ആഭിമുഖ്യത്തില്‍ രാഘവന്‍ മാസ്റ്ററുടെ നൂറാം പിറന്നാള്‍ ആഘോഷിക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടയിലാണ് അദ്ദേഹം ഓര്‍മയായി മാറിയത്. രണ്ട് പതിറ്റാണ്ടു കാലം രാഘവന്‍ മാസ്റ്റര്‍ താമസിച്ച തലശേരി ജഗന്നാഥ ക്ഷേത്രത്തിനു സമീപമുള്ള ശരവണ എന്ന കൊച്ചു വീട്ടില്‍ രാഘവന്‍ മാസ്റ്ററില്ലാത്ത മൂന്ന് വര്‍ഷമാണ് കടന്നു പോയത്. രാഘവന്‍ മാസ്റ്ററുടെ മൂത്ത മകന്‍ മുരളീധരനും കുടുംബവുമാണ്  ഇവിടെ താമസിക്കുന്നത്. രാഘവന്‍ മാസ്റ്ററുടെ മുറി ഇന്നും പഴയതു പോലെ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. രാഘവന്‍ മാസ്റ്റര്‍ക്ക് ഉചിതമായ സ്മാരകം നിര്‍മ്മിക്കുമെന്ന നഗരസഭയുടേയും സംസ്ഥാന സര്‍ക്കാറിന്റേയും പ്രഖ്യാപനം മൂന്ന് വര്‍ഷമായിട്ടും യാഥാര്‍ത്ഥ്യമാകാത്തതില്‍ മക്കളുള്‍പ്പെടെയുള്ള രാഘവന്‍ മാസ്റ്ററെ സ്‌നേഹിക്കുന്നവരില്‍ കടുത്ത അമര്‍ഷമാണ് ഉണ്ടാക്കിയിട്ടുള്ളത്.

രാഘവന്‍ മാസ്റ്റര്‍ മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ  ഭൗതീക ശരീരം സമുദായ ശ്മശാനത്തില്‍ സംസ്കരിക്കാനായിരുന്നു ബന്ധുക്കള്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ നഗരസഭയുടേയും പൗരാവലിയുടേയും ആവശ്യത്തെ തുടര്‍ന്ന് മൃതദേഹം നഗരസഭയുടെ അധീനതയിലുള്ള സെന്റിനറി പാര്‍ക്കില്‍ സംസ്കരിക്കാന്‍ ബന്ധുക്കള്‍ സമ്മതം മൂളുകയായിരുന്നു. നഗരസഭയുടെ സ്ഥലത്ത് സ്ഥാപിച്ചാല്‍ രാഘവന്‍ മാസ്റ്റര്‍ക്ക് ഉചിതമായ സ്മാരകം നിര്‍മിക്കുമെന്നായിരുന്നു അന്ന് നഗരസഭ നല്‍കിയ ഉറപ്പ്.

25 ലക്ഷം രൂപ മുടക്കി തംബുരു വായിക്കുന്ന കെ.രാഘവന്‍ മാസ്റ്ററുടെ വെങ്കലത്തില്‍ തീര്‍ത്ത പൂര്‍ണകായ പ്രതിമ സ്ഥാപിക്കുമെന്നാണ് നഗരസഭ വ്യക്തമാക്കിയിരുന്നത്.  15 ലക്ഷം രൂപ സാംസ്കാരിക വകുപ്പും 10 ലക്ഷം രൂപ നഗരസഭയുമാണ് ചിലവഴിക്കുക. 1913 ല്‍ തലായിയിലെ കൃഷ്ണന്‍ – കുപ്പച്ചി ദമ്പതികളുടെ മകനായ ജനിച്ച രാഘവന്‍ മാസ്റ്ററുടെ നിരവധി ഗാനങ്ങളാണ് മലയാളികള്‍ നെഞ്ചിലേറ്റിയത്. 1954 ല്‍ പുറത്തിറങ്ങിയ നീലക്കുയില്‍ എന്ന ചിത്രത്തിലെ കായലരികത്ത് വലയെറിഞ്ഞപ്പോള്‍ എന്ന് തുടങ്ങുന്ന ഗാനം ആറ് പതിറ്റാണ്ട് പിന്നിട്ടിട്ടും മലയാളികളുടെ നാവില്‍ തുമ്പില്‍ ഇന്നും മായാതെ നില്‍ക്കുകയാണ്. സിനിമയില്‍ ഒടുവിലായി ശശിനാസ് എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്കാണ് രാഘവന്‍ മാസ്റ്റര്‍ ഈണമിട്ടത്.

Related posts