ഞാന്‍ എവിടെയാണെന്ന് അവര്‍ അന്വേഷിച്ചുകൊണ്ടേയിരിക്കും! എന്റെ സുരക്ഷയെ കുറിച്ചോര്‍ത്ത് അവര്‍ക്ക് ഭയമാണ്; പ്രത്യേകിച്ച് ഹെലികോപ്റ്ററിലും വിമാനത്തിലുമുള്ള എന്റെ യാത്ര അവര്‍ക്ക് ഭയമാണ്; തന്നെക്കുറിച്ച് അമ്മയ്ക്കുള്ള ആശങ്കകളെക്കുറിച്ച് രാഹുല്‍ ഗാന്ധി

ഏത് ജീവിതാവസ്ഥയിലുള്ള സ്ത്രീകളായാലും അമ്മ എന്ന വാക്ക് കയ്യാളുന്ന വികാരങ്ങള്‍ക്ക് മാറ്റമൊന്നുമില്ല. അതിന് മികച്ച ഉദാഹരണമാവുകയാണ് തന്നെക്കുറിച്ച് തന്റെ അമ്മയ്ക്കുള്ള ആശങ്കകളെക്കുറിച്ചുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വെളിപ്പെടുത്തലുകള്‍.

കോണ്‍ഗ്രസ് നേതൃനിരയിലേക്കുള്ള തന്റെ പ്രവേശനം ഏറെ സന്തോഷത്തോടെയാണ് തന്റെ അമ്മ പ്രഖ്യാപിച്ചതെങ്കിലും തന്റെ സുരക്ഷയോര്‍ത്ത് അവര്‍ക്ക് ആശങ്കയാണെന്ന് പറയുകയാണ് രാഹുല്‍. ജനതാ കാ റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു രാഹുലിന്റെ തുറന്നു പറച്ചില്‍.

തെരഞ്ഞെടുപ്പ് റാലികള്‍ ഉള്‍പ്പെടെ താങ്കള്‍ നടത്തുന്ന എല്ലാ കാര്യങ്ങളെ കുറിച്ചും സോണിയാ ഗാന്ധി അന്വേഷിക്കാറുണ്ടോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും ഉണ്ടെന്നായിരുന്നു രാഹുലിന്റെ മറുപടി. ‘ ഞാന്‍ എവിടെയാണെന്ന് അവര്‍ അന്വേഷിച്ചുകൊണ്ടേയിരിക്കും. എന്റെ സുരക്ഷയെ കുറിച്ചോര്‍ത്ത് അവര്‍ക്ക് ഭയമാണ്. പ്രത്യേകിച്ചും ഹെലികോപ്റ്ററിലും വിമാനത്തിലുമൊക്കെയുള്ള എന്റെ യാത്ര അവരെ അസ്വസ്ഥയാക്കുന്നുണ്ടെന്നാണ് തോന്നുന്നത്”- രാഹുല്‍ പറഞ്ഞു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അമ്മയുമായും സഹോദരിയുമായും ചര്‍ച്ച ചെയ്യാറുണ്ടോ എന്ന ചോദ്യത്തിന് തെരഞ്ഞെടുപ്പുകാര്യങ്ങളൊന്നും കാര്യമായി പറയാറില്ലെന്നും പലപ്പോഴും ഹലോ ഹായ് എന്തെല്ലാമുണ്ട് എന്നെല്ലാം ചോദിച്ച് പിരിയാറാണ് പതിവെന്നും രാഹുല്‍ പറയുന്നു. ഒരു നേതാവെന്ന നിലയില്‍ താങ്കള്‍ വളര്‍ന്നെന്ന് തോന്നുന്നുവോ എന്ന ചോദ്യത്തിന് അത് പറയേണ്ടത് താനല്ല മറ്റുള്ളവരാണെന്നായിരുന്നു രാഹുലിന്റെ മറുപടി.

Related posts