ഓര്‍ക്കാന്‍ പറ്റുന്നുണ്ടോ ഈ മുഖം? രാക്ഷസരാജാവിലെ ഒറ്റ പാട്ടുസീനിലൂടെ മലയാളി മനസില്‍ കുടിയേറി; അന്ധനായ മുരുകന്റെ ഇപ്പോഴത്തെ അവസ്ഥയും അവശേഷിക്കുന്ന ഒരേയൊരു സ്വപ്‌നവും ഇതാണ്

മുരുകന്‍ എന്നു പറഞ്ഞാല്‍ പെട്ടെന്നാരും തിരിച്ചറിയണമെന്നില്ല. എന്നാല്‍ മലയാളികള്‍ക്ക് നല്ല പരിചയമുള്ള മുഖമാണ് ആ പേരിന്റെ ഉടമയുടേത്. രാക്ഷസ രാജാവ് എന്ന മമ്മൂട്ടി ചിത്രത്തിലെ ഒറ്റ ഗാനരംഗത്തിലൂടെ ഒരിക്കലും മായാത്ത മുഖമായി മലയാളിയുടെ മനസ്സില്‍ ഇടം നേടിയ മുരുകന്‍ ഇന്ന് ദാരിദ്ര്യത്തിന്റെ പടുകുഴിയിലാണ്. ചുരുക്കിപറഞ്ഞാല്‍ ഒരു നേരത്തെ ആഹാരത്തിനു പോലും വഴിയില്ലാതെ ജീവിതം വഴിമുട്ടി നില്‍ക്കുകയാണ്. അന്ധനാണെങ്കിലും താന്‍ ശ്രമിക്കാത്തതിനാല്‍ തനിക്ക് ഒന്നും നഷ്ടമാവരുതെന്ന് ചിന്തിച്ച മുരുകന്‍ ബിഎ ബിരുദധാരിയും ബിഎഡ് കാരനുമാണ്. എന്നാല്‍ പ്രത്യേകിച്ച് പ്രയോജനമൊന്നുമുണ്ടായില്ല. സിനിമയില്‍ കണ്ടതിനേക്കാളും കഷ്ടപ്പെട്ട ജീവിതം നയിക്കുന്ന മുരുകന് കണ്ണിന് കാഴ്ച കിട്ടണമെന്നതോ സമ്പത്തുണ്ടാക്കണമെന്നതോ ഒന്നുമല്ല, ഇപ്പോഴത്തെ ആഗ്രഹം. മറിച്ച്, താര രാജാവ് മമ്മൂക്കയെ ഒരിക്കല്‍ക്കൂടി കാണണമെന്നതാണ്.

എല്ലാ പ്രതീക്ഷയും വഴിമുട്ടി ജീവിതം പോലും അവസാനിപ്പിക്കാന്‍ ശ്രമിച്ച തന്റെ ഇനിയുള്ള ആഗ്രഹം ഇതാണെന്നാണ് ബാലമുരുകന്‍ പറയുന്നത്. ചെന്നൈയില്‍ നിന്നും മൂന്നാറിലേക്ക് കുടിയേറിപ്പാര്‍ത്ത മുളകന്റെയും മുത്തമ്മയുടെയും നാലാണ്മക്കളില്‍ ഇളയവനാണ് മുരുകന്‍. നാലാം ക്ലാസ്സില്‍ പഠിച്ചുകൊണ്ടിരുന്ന കാലത്തേ അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട മുരുകന്‍ പിന്നീട് ചെറിയമ്മയുടെ തണലിലായിരുന്നു കഴിഞ്ഞിരുന്നത്. ജ്യേഷ്ഠന്മാരെക്കൊണ്ട് പറമ്പില്‍ ജോലി ചെയ്യിക്കുന്നതിനാല്‍ തന്നെ വളര്‍ത്തുന്നതില്‍ ചെറിയമ്മക്ക് ആദ്യം ഒരു മടിയും ഇല്ലായിരുന്നു എന്ന് മുരുകന്‍ പറയുന്നു.

കാഴ്ചയില്ലാത്ത തനിക്ക് ധൈര്യം തന്നു എന്നും കൂടെ ഉണ്ടാകുമെന്നു ഉറപ്പു നല്‍കിയ ചേട്ടന്മാര്‍ കല്യാണം കഴിഞ്ഞപ്പോള്‍ വാക്കുമാറിയതും മക്കള്‍ വളര്‍ന്നു വന്നപ്പോള്‍ ചെറിയമ്മയുടെ സ്വഭാവം മാറിയതുമാണ് മുരുകന്റെ ജീവിതം നരകത്തിലാക്കിയത്. പഠനത്തില്‍ മിടുക്കനായിരുന്ന മുരുകന്‍ ആലുവയിലുള്ള അന്ധ വിദ്യാലയത്തില്‍ 400 ഇല്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങിയാണ് പത്താം ക്ലാസ് പാസ്സായത്. കലാകായിക മേഖലയിലും കരകൗശല നിര്‍മാണത്തിലും വിദഗ്ധനായിരുന്നു മുരുകന്‍.

ഇതിനിടയില്‍ ഒരു എസ്ടിഡി ബൂത്തില്‍ പാര്‍ട്ട് ടൈം ജോലി ചെയ്തും പലരോടും സഹായം അഭ്യര്‍ഥിച്ചും സുമനസ്സുകള്‍ കനിഞ്ഞതിനാലും പിന്നീട് സാമൂഹ്യ ശാസ്ത്രത്തില്‍ ബിരുദവും ബിഎഡും നേടി. എങ്കിലും ജീവിതം എവിടെയും എത്തിയില്ല. പഠിക്കുന്നതിലും ജോലി ചെയ്യുന്നതിലും പണവും അന്ധതയുമാണ് വില്ലനായത്. അന്ധന്മാരുടെ തൊഴില്‍ കേന്ദ്രങ്ങള്‍ മാത്രമായിരുന്നു മുരുകന് ശരണം. സുഹൃത്തുക്കളാണ് പലപ്പോഴും സഹായമായത്. എന്ത് ജോലിയും ചെയ്യാന്‍ മുരുകന്‍ തയ്യാറാണ്. അതിനായുള്ള പല ശ്രമവും നടത്തി. റേഡിയോ ജോക്കി മുതല്‍ താന്‍ പഠിച്ചിറങ്ങിയ ടീച്ചര്‍ ജോലിക്കു പോലും ശ്രമിച്ചെങ്കിലും കാഴ്ചയുടെ പേരില്‍ പലയിടത്തും തഴയപ്പെടുകയായിരുന്നു. അങ്ങനെ പലവഴി താണ്ടി മുരുകന്‍ ഇപ്പോള്‍ എത്തിയിരിക്കുന്നത് കോഴിക്കോട് ജില്ലയിലെ അന്ധര്‍ക്കായുള്ള അഗതിമന്ദിരത്തിലാണ്. അതും നാട്ടുകാരുടെ ഔദാര്യത്തില്‍.

മെഗാസ്റ്റാറിന്റെ കൂടെ അഭിനയിക്കാന്‍ കഴിഞ്ഞതാണ് തന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും മനോഹരമായ കാര്യം എന്ന് വിശ്വസിക്കുന്ന മുരുകന് ഇപ്പോള്‍ അദ്ദേഹത്തെ ഒന്ന് കാണണമെന്നത് മാത്രമാണ് ആഗ്രഹം. ആലുവയിലുള്ള അന്ധ വിദ്യാലയത്തില്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴായിരുന്നു മമ്മൂട്ടി നായകനായ രാക്ഷസ രാജാവ് എന്ന സിനിമയിലെ ”സ്വപ്നം ത്യജിച്ചാല്‍ സ്വര്‍ഗം ലഭിക്കും” എന്ന പാട്ടു സീനില്‍ അഭിനയിക്കാന്‍ മുരുകനും കൂട്ടുകാര്‍ക്കും അവസരം ലഭിച്ചത്. അന്ന് ഷൂട്ടിംഗിനുശേഷം തങ്ങളെല്ലാവരും ചേര്‍ന്ന് മമ്മൂക്കയെ പരിജയെപ്പെടാന്‍ ചെന്നപ്പോള്‍ ഞങ്ങളുടെ അവസ്ഥ കണ്ടു മമ്മൂക്ക വികാരഭരിതനായി തങ്ങളോട് സംസാരിച്ചത് മുരുകന് ഇപ്പോഴും ഓര്‍മ്മയുണ്ട്. അതൊക്കെയാവും ഇപ്പോഴും അദ്ദേഹത്തെ കാണണമെന്ന ആഗ്രഹം അദ്ദേഹത്തില്‍ നിലനില്‍ക്കുന്നത്.

Related posts